''ആയുഷ് ജ്യോതി' കടല്‍ കടന്ന് ചിഞ്ചുവിന്റെ എണ്ണത്തോണികള്‍
കൊച്ചി: ചിഞ്ചു എന്ന വീട്ടമ്മയുടെ ആശയത്തിലുദിച്ച എണ്ണത്തോണിക്ക് സ്വദേശ വിദേശ വ്യത്യാസമില്ലാതെ വന്‍ ഡിമാന്റാണ്. അരയന്‍കാവ് സ്വദേശി ചിഞ്ചുവിന്റെ എണ്ണത്തോണികള്‍ ഇന്ന് കടല്‍ കടന്ന് ഗള്‍ഫ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഒറ്റത്തടിയില്‍ തീര്‍ത്ത എണ്ണത്തോണികളാണ് ഇവിടുത്തെ പ്രത്യേകത. അരയന്‍കാവ് പുളിക്കാമൂഴിയില്‍ ചിഞ്ചു കൃഷ്ണരാജിന്റെ സ്ഥാപനം നിര്‍മിച്ച എണ്ണത്തോണികള്‍ കടല്‍കടന്ന് ഗള്‍ഫ്-യൂറോപ്യന്‍ രാജ്യങ്ങളിലെത്തിയിരിക്കുകയാണ്.
ആയുര്‍വേദ ആശുപത്രികളിലും സ്പാ സെന്ററുകളിലും ഉപയോഗിക്കുന്ന ചികിത്സാ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന 'ആയുഷ് ജ്യോതി', ചിഞ്ചു എന്ന വീട്ടമ്മയുടെ ആശയമാണ്. ഭര്‍ത്താവ് കൃഷ്ണരാജ് ഒപ്പം ചേര്‍ന്നതോടെ പത്ത് വര്‍ഷം മുമ്പ് വീടിനോടുചേര്‍ന്ന് സംരംഭം ആരംഭിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കും ഇവര്‍ ഉപകരണങ്ങള്‍ എത്തിക്കുന്നു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരുടെ (എംഎസ്എംഇ) ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തരവിപണിയിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് കളമശേരി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്മെന്റ് (കീഡ്) ക്യാമ്പസില്‍ നടന്ന 'കമ്യൂണിറ്റി മീറ്റപ്പ് 2022' സംഗമത്തില്‍ ദമ്പതികള്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. ജമ്മുകാശ്മീര്‍ വരെ ചിഞ്ചുവിന്റെ എണ്ണത്തോണികളും ആവിപ്പെട്ടികളും എത്തുന്നുണ്ട്.
വാകമരത്തില്‍ ഏഴുമുതല്‍ ഒമ്പതടിവരെ നീളത്തില്‍ നിര്‍മിക്കുന്ന എണ്ണത്തോണികള്‍ക്ക് 25,000 മുതല്‍ 60,000 രൂപവരെ വില വരും. ഫൈബര്‍ എണ്ണത്തോണിക്ക് 20,000 രൂപയാകും. ധാരയും നസ്യവും ചെയ്യാനുള്ള ഉപകരണങ്ങളും ഇവര്‍ നിര്‍മിക്കുന്നുണ്ട്. കൂടുതലും ഓര്‍ഡര്‍ അനുസരിച്ചാണ് ചെയ്തു കൊടുക്കുന്നത്. എന്നാല്‍ വിദേശികള്‍ ഇടയ്ക്ക് എത്താറുള്ളതിനാല്‍ ആവിപ്പെട്ടിയും എണ്ണത്തോണികളും എപ്പോഴും കരുതി വെയ്ക്കും. ആയുര്‍വേദ ചികിത്സയ്ക്കും യോഗയ്ക്കും പ്രചാരം കൈവന്നതോടെ മുന്‍പുളളതിനേക്കാള്‍ ആളുകള്‍ ഇത്തരത്തിലുള്ള സാധനങ്ങള്‍ വാങ്ങാന്‍ എത്താറുണ്ടെന്ന് ചിഞ്ചു പറയുന്നു. ആരോഗ്യ കാര്യങ്ങള്‍ക്ക് വിദേശി സ്വദേശി വ്യത്യാസമില്ല. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യാനായി പഞ്ചകര്‍മ്മ ചികിത്സയില്‍ നിരവധി പേരാണ് താത്്പര്യം പ്രകടിപ്പിക്കുന്നത്. കോവിഡിനു ശേഷം യുവാക്കള്‍ ഉള്‍പ്പടെയുള്ളവരില്‍ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടു വരുന്നണ്ട്. അതിനാല്‍ തന്നെ അലോപ്പതിയേലേയ്ക്ക് തിരിയാതെ ആയുര്‍വേദം ഫസ്റ്റ് ചോയിസായി തെരഞ്ഞെടുക്കുന്നുണ്ട്. ആയുര്‍വേദ ചികിത്സാ രീതികള്‍ നിഷ്്ക്കര്‍ഷിക്കുന്ന തരത്തില്‍ എണ്ണ തളംകെട്ടി നിര്‍ത്തി ഉപയോഗിക്കാനും ഒഴുക്കിവിടാനും പുനഃരുപയോഗത്തിനും എണ്ണത്തോണിയില്‍ ഫലപ്രദമായി ചെയ്യാന്‍ സാധിക്കും. ഹോട്ടലുകള്‍, സ്പാ സെന്ററുകള്‍ എന്നിവിടങ്ങളില്‍ എണ്ണത്തോണികള്‍ ഉപയോഗിക്കുന്നുണ്ട്. അതു പോലെ തന്നെ ആവിപ്പെട്ടികള്‍ക്കും പ്രചാരമായി കഴിഞ്ഞു.
ശിരോധാരയ്ക്കുള്ള മേശയും ആവി ചികിത്സയ്ക്കുള്ള പെട്ടിയുമെല്ലാം ചിഞ്ചുവിന്റെ പക്കലുണ്ട്. കൂടാതെ, വീട്ടകങ്ങളില്‍ അലങ്കാരമായി വയ്ക്കുന്ന ദാരുശില്‍പ്പങ്ങളും നിര്‍മിക്കുന്നു. ചികിത്സാ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ എട്ടുലക്ഷം രൂപയുടെ പുതിയ യന്ത്രസംവിധാനങ്ങള്‍ 'ആയുഷ് ജ്യോതി'യില്‍ സ്ഥാപിച്ചിട്ടുണ്ട്. ഷിപ്പിങ് കമ്പനിയില്‍ 20 വര്‍ഷത്തെ സേവനത്തിനുശേഷമാണ് കൃഷ്ണരാജ് ഭാര്യയെ സഹായിക്കാന്‍ ഒപ്പം ചേര്‍ന്നത്.
കീഡിലെ പരിശീലനം പുതിയ ഊര്‍ജവും അറിവും പകര്‍ന്ന സന്തോഷത്തിലാണ് ചിഞ്ചു. 2013 ലാണ് ഇത്തരത്തിലൊരു ആശയം പ്രാവര്‍ത്തികമാക്കാന്‍ ചിഞ്ചു മുന്നിട്ടിറങ്ങിയത്. 2015ആയപ്പോള്‍ വീടിനോട് ചേര്‍ന്ന് സ്വന്തമായി ഒരു പണിശാല നിര്‍മ്മിച്ചു. ആയുര്‍വേദ ചികിത്സയുടെ ഭാഗമായുള്ള പഞ്ചകര്‍മ ചികിത്സയും ഞവരക്കിഴി, ഇലക്കിഴി, ഉഴിച്ചില്‍, നസ്യം തുടങ്ങിയവയും മരംകൊണ്ടു നിര്‍മ്മിച്ച എണ്ണത്തോണിയില്‍ കിടത്തിയാണു ചെയ്യുന്നത്. ആയുര്‍വേദത്തിനും യോഗയ്ക്കും പ്രചാരമേറിയതോടെ മരത്തില്‍ നിര്‍മിക്കുന്ന എണ്ണത്തോണിക്ക് സ്വദേശത്തും വിദേശത്തും വന്‍ ഡിമാന്റാണ്. ഒരു കാലഘട്ടത്തില്‍ വിദേശിയരെ മാത്രം ആകര്‍ഷിച്ചിരിക്കുന്ന ഇത്തരം സാധനങ്ങള്‍ക്ക് ഇന്ന് സ്വദേശി വിദേശി വ്യത്യാസമില്ല.
വയനാട് ദുരന്തം വില്‍പ്പനയെ സാരമായി ബാധിച്ചെന്ന് ചിഞ്ചു പറയുന്നു. മാത്രമല്ല ഡല്‍ഹി, പൂനെ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കവും പൊതുവെ എല്ലാ മേഖലകളും ഇപ്പോള്‍ വളരെ മന്ദഗതിയിലാണ് പോകുന്നത്്. അത് തന്നെയാണ് ഈ മേഖലയേയും ബാധിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തോടെ വിപണിയില്‍ ഒരു ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചിഞ്ചു.രണ്ട് മക്കള്‍. സോനു അനിരുദ്ദ് കൃഷ്ണ തിരുവനന്തപുരം സൈനീക് സ്‌ക്കൂളില്‍ ഏഴാം ക്ലാസ്സിലും അനുമിത കൃഷ്ണ അരയന്‍കാവ് യുഎംവിഎം സ്‌ക്കൂളില്‍ ഒന്നാം ക്ലാസ്സിലും പഠിക്കുന്നു.