ആര്‍പ്പോാാാ ഇര്‍റോാാാ ഇര്‍റോാാാാ ഇര്‍റോാാാാ…. ജലപ്പൂരത്തിന് ഒരുങ്ങി പുന്നമടക്കായല്‍
നീതു പൊന്നപ്പന്‍
ആലപ്പുഴ: പുന്നമടക്കായലിലെ കുഞ്ഞോളങ്ങള്‍ തുഴകളുടെ പ്രഹരത്തില്‍ തീപ്പൊരി പോലെ ചിന്നിച്ചിതറുന്ന ആഹ്ളാദ കാഴ്ചയ്ക്ക് ദിവസങ്ങളുടെ, അല്ല മണിക്കൂറുകളുടെ അകലം മാത്രമാണുള്ളത്. കായലിന്റെ ഇരു കരകളിലും ആര്‍പ്പോ വിളികളുമായി ആവേശത്തിടമ്പേറ്റുന്ന കാണികളുടെ പൂരം കൂടിയാണ് ചരിത്ര പ്രസിദ്ധമായ നെഹ്റുട്രോഫി വള്ളംകളി. കുട്ടനാടന്‍ കരുത്തിന്റെ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ഓളപ്പരപ്പിലെ ജലമാമാങ്കമാണ് 28ന് അരങ്ങേറുന്ന ഈ ജലപ്പൂരം. 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് മത്സരത്തിന് മാറ്റുരയ്ക്കുന്നത്. ചെറുവളളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ രാവിലെ കൃത്യം 11 മണിക്ക് ആരംഭിക്കും. 12.30ന് അവസാനിക്കും. ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സിനു ശേഷം ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരം ആരംഭിക്കും. കപ്പിലാര് മുത്തമിടും എന്നു മാത്രമാണ് ചോദ്യം. അതിനുള്ള ഉത്തരമാണ് ശനിയാഴ്ച നടക്കുന്ന ഓളപ്പരപ്പിലെ ഒളിമ്പിക്സ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നെഹ്റുട്രോഫി വള്ളംകളി സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ വള്ളംകളി പ്രേമികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് നെഹ്റുട്രോഫി നടത്താന്‍ തീരുമാനമായത്. സമയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമെത്തുന്ന 16 ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക.
വള്ളങ്ങളുടെ തുഴച്ചിലിനും വിവിധ ശൈലികളുണ്ട്. ചുണ്ടന്‍വള്ളം തുഴയുന്ന ടീമിന് എല്ലാ രീതികളും പരിശീലിപ്പിക്കും. 20 മീറ്റര്‍ വീതിക്കുള്ളില്‍ നാലുചുണ്ടന്‍ വള്ളങ്ങള്‍ തുഴഞ്ഞെത്തുമ്പോള്‍ തുഴകള്‍ പരസ്പരം കൂട്ടിമുട്ടാതെ താളം തെറ്റിക്കാതെ തുഴച്ചിലാണ് ഇതില്‍ പ്രധാനം.അയഞ്ഞ താളത്തില്‍ നീട്ടിവലിക്കുന്ന ശൈലിയില്‍ മിനിറ്റില്‍ 60 തുഴകളിടുന്ന രീതിയാണിത്. ഇടിയുടെ താളത്തിനനുസരിച്ച് തുഴയിടുന്ന ഇടിത്താളമുണ്ട്.നെഹ്റു ട്രോഫി ഇന്ന് സാധാരണ കുട്ടനാട്ടുകാരന്റെ ആവേശമായി മാറി. കുട്ടനാട്ടുകാരന്റെ ദേശീയ ഉത്സവവും. പുന്നമട കായല്‍ നെട്ടായത്തില്‍ വിവിധ ട്രാക്കുകളായി തിരിച്ച് 1370 മീറ്റര്‍ നീളം ദൂരമാണ് മത്സരത്തിനായി ക്രമീകരിച്ചിരിക്കുന്നത്. ട്രാക്കിലൂടെ മിന്നല്‍ വേഗത്തില്‍ പായുന്ന വള്ളങ്ങള്‍ ദൂരകാഴ്ചയില്‍ കറുത്തതടികള്‍ കുതിച്ചു പാഞ്ഞ് വരുന്ന പോലയാണ് കാണികള്‍ക്ക് തോന്നുക. മത്സരം തുടങ്ങുമ്പോള്‍ തീരത്തു തടിച്ചുകൂടിയിരിക്കുന്ന കാഴ്ചക്കാര്‍ ആര്‍പ്പുവിളികളും കരഘോഷവും തുടങ്ങും. തുഴക്കാര്‍ സൃഷ്ടിക്കുന്ന ആഘാതത്തില്‍ ചിതറിത്തെറിച്ചുയരുന്ന ജലകണങ്ങളുടെ വലയത്തിലൂടെ ചുണ്ടന്‍ വള്ളങ്ങള്‍ ഓളപ്പരപ്പില്‍ ഇഞ്ചോടിഞ്ചു പൊരുതി കുതിക്കും. മിനിറ്റില്‍ 100 മുതല്‍ 120 തവണ വരെ അമരക്കാരുടെ ഭീമാകാരമായ തുഴകള്‍ വായുവില്‍ കുതിച്ച് ജലത്തില്‍ ഉയര്‍ന്നുതാഴും. ഇഞ്ചോടിഞ്ച് നീളുന്ന ആവേശപ്പോരില്‍ ആദ്യം ഫിനിഷ് ചെയ്യുന്ന വള്ളം കപ്പില്‍ മുത്തമിടുമ്പോഴാണ് വള്ളംകളി ആവേശം അണപൊട്ടുക. ആര്‍പ്പോവിളികള്‍ കൊണ്ട് ആ നിമിഷം പുന്നമട മുഖരിതമാകും.
ചരിത്രം
1952ല്‍ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു തിരു- കൊച്ചി സന്ദര്‍ശിക്കാനെത്തി. സന്ദര്‍ശന വേളയില്‍ നെഹ്റുവിന് കോട്ടയം മുതല്‍ ആലപ്പുഴ വരെ ബോട്ടില്‍ കുട്ടനാട്ടിലൂടെ ജലയാത്ര നടത്തേണ്ടിവന്നു. ഈ യാത്രയില്‍ ബോട്ടുകളുടെ ഒരു വലിയ നിര അദ്ദേഹത്തെ അനുഗമിച്ചു. കോട്ടയത്ത് നിന്ന് ആലപ്പുഴ സന്ദര്‍ശിക്കാനൊരുങ്ങിയ നെഹ്റുവിനായി ആലപ്പുഴക്കാര്‍ ജില്ലയുടെ അതിര്‍ത്തിയില്‍ ഒരു വള്ളംകളി സംഘടിപ്പിച്ചു. ഒന്‍പത് ട്രാക്കുകളിലായി ഒന്‍പത് ചുണ്ടന്‍വള്ളങ്ങളാണ് അന്നേദിവസം മത്സരിച്ചത്. ട്രാക്കുകളില്‍ വള്ളംകളി മത്സരം നടത്തുന്നത് തന്നെ ആദ്യം. സ്റ്റാര്‍ട്ടിംഗിനായി വെടിപൊട്ടിയതും ഒന്‍പതു ചുണ്ടന്‍ വള്ളങ്ങള്‍ മുന്നോട്ട് കുതിച്ചു. മിനിറ്റുകള്‍ക്കു ശേഷം വള്ളംകളി അവസാനിക്കുമ്പോള്‍ 'നടുഭാഗം ചുണ്ടന്‍ ' ഒന്നാം സ്ഥാനത്തെത്തി. തുഴക്കാരുടെ പ്രകടനത്തില്‍ ഉത്സാഹഭരിതനായ നെഹ്റു എല്ലാ സുരക്ഷാ സംവിധാനങ്ങളും തിരസ്‌കരിച്ച് നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി. പ്രധാനമന്ത്രിയേയും വഹിച്ചുകൊണ്ട് വള്ളം ജെട്ടിയിലേക്ക് നീങ്ങി. 1952 ഡിസംബര്‍ മാസം ഡല്‍ഹിയില്‍ തിരിച്ചെത്തിയ നെഹ്റു വിജയികള്‍ക്ക് തടിയില്‍ തീര്‍ത്ത പീഠത്തില്‍ ഉറപ്പിച്ച വെള്ളികൊണ്ടുണ്ടാക്കിയ ഒരു വള്ളത്തിന്റെ രൂപം സമ്മാനമായി നല്‍കി. ട്രോഫിയില്‍ പ്രധാനമന്ത്രിയുടെ കൈയ്യൊപ്പിനു മുകളിലായി ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു.'തിരുകൊച്ചിയിലെ സാമൂഹിക ജീവിതത്തിന്റെ അടയാളമായ വള്ളംകളിയിലെ വിജയികള്‍ക്ക്.' അതാണ് പിന്നീട് 'നെഹ്റുട്രോഫി 'യായി മാറിയത്. ലോകത്തിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ ജല മേളയുടെ തുടക്കമായിരുന്നു അത്. ആദ്യ വള്ളംകളി ' പ്രൈമിനിസിറ്റേഴ്‌സ്ട്രോഫി 'ക്കു വേണ്ടിയുള്ള വള്ളം കളി പിന്നീട് നെഹ്റുട്രോഫി വള്ളംകളിയായി.
വള്ളപ്പാട്ട് മുഖ്യം ബിഗിലേ
ആര്‍പ്പോാാ… ഇര്‍റോാാാ..ഇര്‍റോാാാ…
തക തെയ്യ് തക തെയ്യ് തക തക തോം
ധീ തിത്തക തക തക തെയ്യ് തെയ്യ്..
ഒറ്റക്കല്ലിങ്ങോടി വന്നു…
തെയ്യ് തെയ്യ് തക തെയ്യ് തെയ്യ് തോം
ഒറ്റക്കല്ലിങ്ങോടിവന്നു മുഖമണ്ഡപം ഭവിച്ചു
മറ്റൊന്നിതില്‍ പരമേ…
തെയ്യ് തെയ്യ് തക തെയ്യ് തെയ്യ് തോം
മറ്റൊന്നിതില്‍ പരം മന്നര്‍ക്കാജ്ഞയുണ്ടാമോ….
താളത്തില്‍ തുഴയാന്‍ കരുത്തോടെ മുന്നേറാന്‍ വള്ളപ്പാട്ട് പഹിക്കുന്ന പങ്ക് ചെറുതല്ല. ഓരോ കരക്കാരും താളത്തില്‍ വള്ളത്തില്‍ ഇടിച്ച് വായ്ത്താരികളോടെയാണ് വള്ളങ്ങള്‍ ഓരോന്നും പുറപ്പെടുന്നത്. പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന പാട്ട് നിമിഷങ്ങള്‍ കഴിയും തോറും ചടുലതയുടെ താളം കൈവരിക്കും. ഇത് തുഴക്കാരുടെ വീറും വാശിയും കൂട്ടും. പുന്നമടയിലെ കാറ്റില്‍ പോലും വള്ളപ്പാട്ടുകള്‍ തങ്ങി നില്‍ക്കുന്നുണ്ട്. മത്സരം കാണാന്‍ കരയില്‍ നില്‍ക്കുന്നവര്‍ പോലും ആര്‍പ്പോ വിളികളുടെ അകമ്പടികളോടെ കൈതട്ടി ആവേശം കൊള്ളിക്കുമ്പോള്‍ മത്സരം ഉച്ഛസ്ഥായിയില്‍ എത്തും. വീറും വാശിയിലും തുഴഞ്ഞ് എത്തുന്ന വീരന്മാര്‍്ക്ക് കാണികള്‍ നല്‍കുന്ന ആവേശവും ചെറുതല്ല.
തുഴയെറിയാന്‍ അന്യസംസ്ഥാനക്കാരും
കഴിഞ്ഞ കുറേ കാലങ്ങളായി നെഹ്റു ട്രോഫിയില്‍ അന്യസംസ്ഥാനത്തു നിന്ന് കായിക ക്ഷമത നോക്കി തുഴക്കാരെ എത്തിക്കുന്നുണ്ട്. ഇവിടെ വിജയം മാത്രമാണ് ലക്ഷ്യം. അതില്‍ കുറച്ചൊന്നും തന്നെയില്ലെന്നാണ് പറയുന്നത്. ഇത്തവണ മത്സരിക്കുന്ന എല്ലാ ക്ലബുകളും തന്നെ അവരുടെ തുഴക്കാരുടെ കൂട്ടത്തില്‍ ഇറക്കുമതിക്കാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജയം മാത്രം ഘടകമാകുന്നിടത്താണ് ആരെക്കൊണ്ടുവന്നു തുഴയിക്കാനും ക്ലബുകള്‍ തയ്യാറാകുന്നത്. പണ്ട് പട്ടാളക്കാര്‍ തുഴയാന്‍ കൂടാറുണ്ടായിരുന്നു. എന്നിരുന്നാലും അങ്ങനെ പങ്കെടുക്കുന്നവരൊക്കെ തന്നെ ഈ കരകളില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു. ഇന്നതല്ല സ്ഥിതി, അന്യദേശക്കാരാണ്, ബംഗളൂരുവിലും ആസമിലും മണിപ്പൂരിലുമൊക്കെയുള്ളവരാണ് തുഴയാന്‍ വരുന്നത്. നല്ലകാശും ഭക്ഷണവും കൊടുത്താണ് ഇവരെയൊക്കെ ക്ലബുകള്‍ കൊണ്ടുവരുന്നത്. പ്രാദേശികരായ തുഴച്ചില്‍ക്കാര്‍ കുറവാണ്. ചുണ്ടന്‍ വളളത്തില്‍ ഇതര സംസ്ഥാനക്കാര്‍ ആകെ തുഴച്ചില്‍ക്കാരുടെ 25 ശതമാനത്തില്‍ കൂടുതലാകാന്‍ പാടില്ലെന്ന് നിയമമുണ്ട്. ഇതിന് വിരുദ്ധമായി തുഴഞ്ഞാല്‍ ആ വളളത്തിനെ അയോഗ്യരാക്കും.
നിയമാവലി
ചുണ്ടന്‍വളളങ്ങളില്‍ 75 തുഴക്കാരില്‍ കുറയുവാനും 95 തുഴക്കാരില്‍ കൂടുതലാകുവാനും പാടില്ല. എ ഗ്രേഡ് വെപ്പ് ഓടി 45 മുതല്‍ 60 തുഴക്കാര്‍ വരെ, ബി ഗ്രേഡ് വെപ്പ് ഓടി 25 മുതല്‍ 35 വരെ തുഴക്കാര്‍, ഇരുട്ടുകുത്തി എ ഗ്രേഡ് 45 മുതല്‍ 60 തുഴക്കാര്‍, ഇരുട്ടുകുത്തി ബി ഗ്രേഡ് 25 മുതല്‍ 35 വരെ തുഴക്കാര്‍, ഇരുട്ടുകുത്തി സി ഗ്രേഡ് 25 താഴെ തുഴക്കാര്‍, ചുരുളന്‍ 25 മുതല്‍ 35 വരെ തുഴക്കാര്‍. (തെക്കനോടി വനിതാ വള്ളത്തില്‍ 30 ല്‍ കുറയാത്ത തുഴക്കാര്‍) കയറേണ്ടതാണ്. ഈ തുഴക്കാര്‍ക്ക് പുറമേ നിലക്കാരും പങ്കായക്കാരും ഉണ്ടായിരിക്കണം.വള്ളങ്ങളുടെ പരിശീലനം അഞ്ച് ദിവസത്തില്‍ കുറയാന്‍ പാടില്ല. അഞ്ച് ദിവസത്തില്‍ കുറവ് മാത്രമേ പരിശീലനം നടത്തിയിട്ടുള്ളൂ എന്ന റിപ്പോര്‍ട്ട് കിട്ടിയാല്‍ ബോണസില്‍ മൂന്നില്‍ ഒന്ന് കുറവുവരുത്തുന്നതാണ്. വളളങ്ങള്‍ പരിശീലനം നടത്തുന്ന ദിവസങ്ങള്‍ റേസ് കമ്മറ്റി പരിശോധിക്കും. പരിശീലന സമയങ്ങളില്‍ ചുണ്ടന്‍വള്ളങ്ങളില്‍ മാസ് ഡ്രില്‍ പരിശീലനം നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.വളളംകളിയില്‍ പങ്കെടുക്കുന്ന തുഴച്ചില്‍കാര്‍ നീന്തല്‍ പരിശീലനം ലഭിച്ചവരായിരിക്കണം. 18 വയസ് പൂര്‍ത്തിയാവണം. 55 വയസ്സില്‍ കൂടുവാന്‍ പാടില്ല. മത്സര വളളങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, മനോദൗര്‍ബല്യം ഉള്ളവര്‍, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരെ ടീമില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വള്ളങ്ങളെ അയോഗ്യരാക്കുകയും, അവര്‍ക്ക് ബോണസിന് അര്‍ഹതയില്ലാത്തതുതമാണ്. അശ്ലീലപ്രദര്‍ശനവും, അച്ചടക്ക ലംഘനവും നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തും.
യൂണിഫോമും ഐഡന്റിറ്റി കാര്‍ഡും ധരിക്കാത്ത തുഴച്ചില്‍ക്കാര്‍ മത്സരിക്കുന്ന ചുണ്ടന്‍ വളളങ്ങളെ മത്സരത്തില്‍ പങ്കെടുപ്പിക്കില്ല.മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങള്‍ ഫിനിഷ് ചെയ്താല്‍ ട്രാക്കില്‍ കൂടി തിരിച്ചുപോകാന്‍ പാടില്ല.പുറംകായലില്‍ കൂടി മാത്രമേ സ്റ്റാര്‍ട്ടിംഗ് പോയന്റ്റിലേക്ക് തിരിച്ചുപോകാവൂ. ഓരോ മത്സരവും ഫൈനല്‍ മത്സരങ്ങളും കഴിഞ്ഞാല്‍ കളിവളളങ്ങള്‍ നിര്‍ബന്ധമായും ഫിനിഷിംഗ് പോയിന്റില്‍നിന്നു മാറ്റി പുറംകായലില്‍ നിലയുറപ്പിക്കേണ്ടതാണ്. ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവരുടെ ബോണസില്‍ ഉള്‍പ്പടെ കുറവു വരുത്തും. മത്സരദിവസം ഒരു വള്ളത്തില്‍ മത്സരിച്ചശേഷം ആ ടിമംഗങ്ങള്‍ വള്ളം മാറി വേറേ ഒരു വളളത്തിലും കയറി മത്സരിക്കാന്‍ പാടില്ല. മത്സരത്തില്‍ പങ്കെടുക്കുന്ന കളിവള്ളങ്ങളില്‍ രാഷ്ട്രീയവും, മതപരമായി തോന്നാവുന്ന ചിഹ്നങ്ങള്‍ പ്രദശിപ്പിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. വള്ളങ്ങള്‍ക്ക് തടിയുടെ നിറമോ കറുപ്പു നിറമോ മാത്രമേ പാടുള്ളൂ. അല്ലാത്ത വള്ളങ്ങളെ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കില്ല. വനിതാ വളളങ്ങളില്‍ പരമാവധി അഞ്ച് പുരുഷന്മാര്‍ മാത്രമേ പാടുള്ളൂ. അവര്‍ തുഴയാന്‍ മാത്രം പാടില്ല. സാരി ഉടുത്ത് തുഴയുവാന്‍ അനുവദിക്കില്ല, മത്സര സമയം യൂണിഫോമായ ട്രാക്ക് സൂട്ടും ജേഴ്സിയും ധരിക്കേണ്ടതാണ്. മത്സരത്തിന് അഭംഗി വരുത്തുന്നവിധം പങ്കെടുത്താല്‍ ആ വള്ളങ്ങള്‍ക്ക് ബോണസ് നല്‍കുന്നതല്ല. ചെറുവളളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ രാവിലെ കൃത്യം 11 മണിക്ക് ആരംഭിയ്ക്കും. 12.30 ന് അവസാനിക്കും. ചുണ്ടന്‍വളങ്ങളുടെ ഹീറ്റ്സിനു ശേഷം ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരം ആരംഭിക്കും.
പരിശീലനം
ആഴ്ചകള്‍ നീണ്ട തയ്യാറെടുപ്പാണ് ഓരോ വള്ളംകളി കാലത്തുമുള്ളത്. പുലര്‍ച്ചെ അഞ്ചര മുതല്‍ ദിനചര്യകള്‍ തുടങ്ങും. ദിവസം ഒന്നിലേറെ തവണ തുഴച്ചില്‍ പരിശീലനം. മത്സരത്തോട് അടുക്കുമ്പോള്‍ ഇതില്‍ ഏറ്റക്കുറച്ചില്‍ വരുത്തും. തുഴച്ചില്‍ പരിശീലനത്തിനൊപ്പം ശാരീരിക വ്യായാമങ്ങളുമുണ്ടാകും. 18-35 പ്രായപരിധി വരുന്നവരില്‍ കായിക ക്ഷമതയുള്ളവര്‍ക്കും നേരത്തേ തുഴഞ്ഞിട്ടുള്ളവര്‍ക്കും മുന്‍ഗണന. ആദ്യം നദിയില്‍ കെട്ടിയ പടങ്ങിലും പിന്നീട് വള്ളത്തിലും. നിലക്കാര്‍ ഇട്ടുനല്‍കുന്ന താളത്തിലാണ് തുഴയേണ്ടത്. സര്‍വശക്തിയുമെടുത്ത് തളരാതെ തുഴയുന്നവരെ പ്രത്യേകം പരിഗണിക്കും.
വെള്ളത്തിലൂടെയുള്ള സുഗമമായ ഒഴുക്കിന് ചുണ്ടന്‍ വള്ളങ്ങളില്‍ മുമ്പ് മീനെണ്ണ പുരട്ടുകയാണ് ചെയ്തിരുന്നതെങ്കില്‍ കാലം മാറിയതോടെ മീനെണ്ണയ്ക്ക് പകരം ഓളങ്ങളെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ തെന്നിപ്പായാന്‍ കൂടിയ വുഡന്‍ പോളിഷിംഗുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. പരിചയ സമ്പന്നരായ മുതിര്‍ന്ന തുഴച്ചിലുകാരാണ് പുതിയ തുഴച്ചിലുകാര്‍ക്ക് പരിശീലനം നല്‍കുന്നത്. ഓരോ വള്ളത്തിലും നിലക്കാരും അമരക്കാരുമടക്കം ഏകദേശം 150 തുഴക്കാരാണ് വ്രതശുദ്ധിയോടെ പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നത്. വള്ളം കളിയെ വിനോദ സഞ്ചാര വികസനത്തിന്റെ കൂടെ ഭാഗമാക്കി ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉള്‍പ്പെടുത്തിയതോടെ ഓരോ ചുണ്ടന്‍വള്ളങ്ങളും ബോട്ട് ക്ളബ്ബുകളും ചിട്ടയായ പരിശീലനപരിപാടികളാണ് സംഘടിപ്പിക്കുന്നത്. വള്ളം തുഴയുന്നതിനൊപ്പം യോഗവരെ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമവാസികളില്‍ നിന്ന് തുഴകള്‍ പ്രൊഫഷണല്‍ തുഴച്ചില്‍കാരുടെ കൈകളിലേയ്ക്ക് മാറിയതോടെ ഭക്ഷണവും ശമ്പളവുമുള്‍പ്പെടെ വന്‍ തുകയാണ് ഓരോ ബോട്ട് ക്ലബ്ബിനും ചെലവാകുന്നത്. ഒന്നര ലക്ഷം രൂപയാണ് ഒരുവള്ളത്തിന് ഒരുദിവസത്തെ ഏറ്റവും കുറഞ്ഞ ചെലവ്.
കായല്‍ ടൂറിസം
ടൂറിസം സീസണ്‍ എത്തും മുമ്പേ കായല്‍സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറി. നെഹ്രുട്രോഫി വള്ളംകളിയും പൂജ അവധിയും എത്തുന്നതോടെ പുന്നമടയില്‍ വിനോദസഞ്ചാരികളുടെ തിരക്ക് ഇനിയും വര്‍ദ്ധിക്കും. ഇത് മേഖലയ്ക്ക് ഉണര്‍വ് പകരും. മത്സരവള്ളംകളി കാണാനും കായല്‍ യാത്ര ആസ്വദിക്കാനുമായി ഒട്ടുമിക്ക ഹൗസ് ബോട്ടുകളുംഹോട്ടലുകളും ഇതിനകം തന്നെ ബുക്കിംഗ് ആയിക്കഴിഞ്ഞു. ഏജന്‍സികളുടെ ടൂര്‍ പാക്കേജ് വഴിയെത്തുന്ന സഞ്ചാരികളാണ് ഇവരില്‍ അധികവും. സ്‌പെയിന്‍, യു.കെ, യു.എ.ഇ, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ മുന്നില്‍. ഓണസീസണില്‍ പോലും പ്രതീക്ഷിച്ചതുപോലെ സഞ്ചാരികള്‍ എത്താതിരുന്നത് മേഖലയ്ക്ക് തിരിച്ചടിയായിരുന്നു. ഇത് വരുംദിവസങ്ങളില്‍ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ആഭ്യന്തര സഞ്ചാരികള്‍ കൂടുതലായി ആലപ്പുഴയിലെത്തുന്നുണ്ട്. പൂജ അവധിക്ക് വരവ് ഇനിയും കൂടാനാണ് സാദ്ധ്യത. ഇറ്റലി, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ സഞ്ചാരികളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ജലഗതാഗതവകുപ്പിന്റെ വേഗ ബോട്ട്, സീ കുട്ടനാട് എന്നിവയ്ക്കൊപ്പം വാട്ടര്‍ടാക്സിക്കും നല്ല ഡിമാന്റാണ്. നെഹ്രുട്രോഫിവള്ളം കളിയോടെ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹൗസ്‌ബോട്ട് ഉടമകളും ടൂറിസം സംരംഭകരും.ആലപ്പുഴ, വലിയഴീക്കല്‍, തോട്ടപ്പള്ളി, മാരാരി, തൈക്കല്‍, അന്ധകാരനഴി ബീച്ചുകളിലും അവധി ദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ഇനിയും വര്‍ധിക്കാന്‍ സാദ്ധ്യയുണ്ട്.കൊവിഡിനെ തുടര്‍ന്ന് വിദേശികളുടെ വരവ് കുറയുകയും ഹൗസ് ബോട്ട് മേഖല ഉള്‍പ്പടെയുള്ള വിനോദസഞ്ചാര വ്യവസായം തകര്‍ച്ചയിലേക്ക് നീങ്ങുന്ന അവസ്ഥയുണ്ടായി. നെഹ്രുട്രോഫി ജലോത്സവത്തിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.