തട്ടിക്കൊണ്ടുപോകൽ: അറസ്റ്റ് രേഖപ്പെടുത്തി
കൊല്ലം : ഓയൂരിൽ നിന്ന് ആറ് വയസുളള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ മൂന്നു പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാരാജിൽ പത്മകുമാറിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്യുകയാണ്. മൂന്നു പേർക്കും സംഭവത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. കൂടുതൽ പേരുടെ സഹായം കിട്ടിയോ എന്നും സംശയിക്കുന്നുണ്ട്.
പ്രതികളെ അടൂർ കെഎപി ക്യാമ്പിൽ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാർ കുടുംബത്തിനൊപ്പം ചേർന്ന് നടത്തിയ പദ്ധതി ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം. പദ്മകുമാർ ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീർക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
എന്നാൽ മകളുടെ നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടു പോയ പെൺകുട്ടിയുടെ അച്ഛൻ റെജി അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നും ഇതു തിരികെ ചോദിച്ചപ്പോൾ മോശമായി പെരുമാറിയതിന്റെ പ്രതികാരമായിരുന്നു തട്ടിക്കൊണ്ടു പോകലെന്നുമാണ് പദ്മകുമാർ ഇന്നലെ പൊലീസിനോടു പറഞ്ഞത്. എന്നാൽ ഇയാളുടെ ഭാര്യയെയും മകളെയും ചോദ്യം ചെയ്തപ്പോഴാണു തട്ടിപ്പിന്റെ പുതിയ രൂപം വെളിപ്പെട്ടത്.