ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളുടെ വിസിമാരായി, ഡോ. സിസാ തോമസിനെയും ഡോ.കെ ശിവപ്രസാദിനെയും നിയമിച്ച്, ഗവർണർ
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡോ. സിസാ തോമസിനെ ഡിജിറ്റൽ സർവകലാശാലയുടെ താത്കാലിക വൈസ് ചാൻസലറായും ഡോ. കെ. ശിവപ്രസാദിനെ സാങ്കേതിക സർവകലാശാലയുടെ താത്കാലിക വൈസ് ചാൻസലറുമായാണ് നിയമിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസമായി ഡിജിറ്റൽ സർവകലാശാലയുടെയും സാങ്കേതിക സർവകലാശലയുടെയും വൈസ് ചാൻസലർ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്നു ഡോ. സജി ഗോപിനാഥ് വിരമിച്ചതോടെയാണ് ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് വിസിമാർ ഇല്ലാതായത്. സാങ്കേതിക സർവകലാ ശാലയുടെ അധികച്ചുമതലയാണ് സജി ഗോപിനാഥ് വഹിച്ചിരുന്നത്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലേക്ക് മൂന്ന് പേർ ഉൾപ്പെടുന്ന പാനലുകൾ സർക്കാർ ഗവർണർക്ക് സമർപ്പിച്ചിരുന്നു. ഈ പാനൽ തള്ളികൊണ്ടാണ് ഗവർണർ താത്കാലിക വിസിമാരെ നിയമിച്ചത്.നേരത്തെ സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന ഡോ.സിസാ തോമസിനെതിരായ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. അനുമതിയില്ലാതെ വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുത്തെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ നടപടി. പിന്നീട് സിസാ തോമസിനെതിരായ സർക്കാർ അച്ചടക്കനടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. വിരമിച്ചശേഷം പെൻഷനും ആനുകൂല്യങ്ങളും ചോദിച്ചപ്പോൾ അച്ചടക്കനടപടി തുടങ്ങിയതിനാൽ ഇപ്പോൾ നൽകാനാകില്ലെന്ന് സർക്കാർ അറിയിച്ചു. തുടർന്ന് സിസാ തോമസ് ഹൈക്കോടതിയെ സമീപിച്ചു. ഗവർണറുടെ ഉത്തരവനുസരിക്കുന്നത് അച്ചടക്കലംഘനമില്ലെന്നും സർക്കാരും ഗവർണറും തമ്മിലുള്ള പോരിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും കോടതി വിധിച്ചു. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി ഫയലിൽ സ്വീകരിക്കാതെ തള്ളിയിരുന്നു. സുപ്രീംകോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും സിസാ തോമസിന് പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും ഇനിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഗവർണറുടെ പുതിയ നിയമനം.