പ്രേം കുമാറിന്റെ എന്‍ഡോസള്‍ഫാന്‍ പരാമര്‍ശത്തിനെതിരെ ആത്മ
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാറിനെതിരെ ടെലിവിഷന്‍ ആര്‍ടിസ്റ്റുകളുടെ സംഘടനയായ ആത്മ. മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെയാണെന്നായിരുന്നു പ്രേം കുമാറിന്റെ പരാമർശം. ഏത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഏത് സീരിയലിനെ കുറിച്ചാണ് പ്രേം കുമാര്‍ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്ന് ആത്മ ആവശ്യപ്പെട്ടു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിൽ
സീരിയലുകളുടെ ഉള്ളടക്കത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നടപടിയെടുക്കാന്‍ ബാധ്യസ്ഥനാണെന്നും എന്നാൽ കയ്യടിക്കുവേണ്ടി പ്രസ്താവനകൾ നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ആത്മ കൂട്ടിച്ചേർത്തു.
പ്രേം കുമാറിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ തന്റെ പ്രസ്താനയ്ക്ക് കാരണമായ പശ്ചാത്തലം വ്യക്തമാക്കണമെന്നും ആത്മ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു പ്രേം കുമാറിന്റെ പരാമര്‍ശം വിവാദമായത്. ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും പ്രേം കുമാര്‍ പറഞ്ഞു. എന്നാല്‍ എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേം കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.