Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സിദ്ധാർത്ഥിന്റെ ഘാതകരെ രക്ഷിക്കാൻ ശ്രമം: സതീശൻ

02:27 PM Mar 01, 2024 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: സിദ്ധാർത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയ എസ്എഫ്ഐ ക്രിമിനലുകളെ രക്ഷിക്കാൻ ഉന്നത തലത്തിൽ ശ്രമം നക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ കേസിൽ യൂണിവേഴ്സിറ്റി ഡീൻ നാരായണൻ ഉൾപ്പെടെയുള്ള അധ്യാപകരെ പ്രതി ചേർത്ത് സർവീസിൽ നിന്നും മാറ്റി നിർത്തണമെന്ന് സതീശൻ ആവശ്യപ്പെട്ടു. എസ്എഫ്ഐക്ക് അഴിഞ്ഞാടാനുള്ള ലൈസൻസ് നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

Advertisement

പൂക്കോട് വെറ്റനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതികളായ എസ്.എഫ്.ഐക്കാരെ രക്ഷിക്കാനുളള ശ്രമമാണ് നടത്തുന്നത്. കേസ് അട്ടിമറിച്ച് എസ്.എഫ്.ഐ ക്രിമിനലുകളെ രക്ഷിക്കാനുള്ള ശ്രമമാത്തിലാണ് സി.പി.എം. മകനെ കൊന്ന് കെട്ടിത്തൂക്കിയത് എസ്.എഫ്.ഐക്കാരാണെന്ന് മാതാപിതാക്കൾ പറഞ്ഞിട്ടും വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും തർക്കം മാത്രമാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത് എസ്.എഫ്.ഐയെ ഒഴിവാക്കാനുള്ള ഹീനശ്രമമാണ്. ഹോസ്റ്റലിന്റെ നടുത്തളത്തിൽ നൂറ്റി മുപ്പതോളം വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ അതിക്രമം നടന്നിട്ടും ഹോസ്റ്റൽ വാർഡനും ഡീനും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. ക്രൂരമായ കുറ്റകൃത്യം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയ ഡീനിനെ കേസിൽ പ്രതി ചേർക്കണം. കൊലപാതകം മൂടി വയ്ക്കാനും പ്രതികളെ സംരക്ഷിക്കാനും ഡീനും സി.പി.എം അനുകൂല സംഘടനയിൽ ഉൾപ്പെട്ട അധ്യാപകരും നടത്തിയ ശ്രമത്തെ കുറിച്ചും അന്വേഷിക്കണം. അന്വേഷണം നടത്തുമ്പോൾ ഡീൻ ഉൾപ്പെടെയുള്ള അധ്യാപകരെ സർവീസിൽ നിന്നും മാറ്റി നിർത്തണം.

നവകേരള സദസിൽ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ ക്രിമിനലുകൾ അഴിഞ്ഞാടിയപ്പോൾ അതിനെ രക്ഷാപ്രവർത്തനമെന്ന് ന്യായീകരിച്ച മുഖ്യമന്ത്രിയാണ് ക്രിമിനൽ സംഘങ്ങളെ അഴിഞ്ഞാടാൻ വിട്ടത്. ഇത്തരം അക്രമ സംഭവങ്ങളെ മുഖ്യമന്ത്രിയാണ് പ്രോത്സാഹിപ്പിക്കുന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എറണാകുളത്തെ കെ.എസ്.യു നേതാവിനെ തട്ടിക്കൊണ്ട് പോയി ലോ കോളജ് ഹോസ്റ്റലിലെ കട്ടിലിന്റെ കാലിൽ കെട്ടിയിട്ട് വെളുപ്പാൻകാലം വരെ മർദ്ദിച്ച കേസിലെ പ്രതിയാണ്. ഇതു പോലെ ക്രിമിനൽ പശ്ചാത്തലമുള്ളവരെയാണ് എസ്.എഫ്.ഐ നേതൃസ്ഥാനത്ത് വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊസീസ് ഉദ്യഗസ്ഥന്റെ കരണക്കുറ്റി അടിച്ചുപൊളിച്ചു. എന്തൊരു ക്രിമിനലുകളാണിവർ. കാമ്പസുകളിൽ മറ്റ് സംഘടനകൾക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പറ്റാത്തരീതിയിൽ എസ്.എഫ്.ഐ മർദ്ദനം അഴിച്ചുവിടുകയാണ്. സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചത് പുറത്തു പറഞ്ഞാൽ ജീവൻ അപകടത്തിലാകുമെന്ന് ഭയന്നാണ് അക്രമത്തിന് സാക്ഷികളായ വിദ്യാർത്ഥികൾ അക്കാര്യം പുറത്ത് പറയാത്തത്. കോളജുകളിലേക്ക് മക്കളെ അയയ്ക്കാൻ രക്ഷിതാക്കളും ഭയപ്പെടുകയാണ്. പുരോഗമന വാദികളെന്ന് അറിയപ്പെടുന്ന സംഘടന റാഗിങിന് നേതൃത്വം നൽകുന്നത് എന്തൊരു നാണക്കേടാണ്? പല കോഴ്‌സുകളിലും വിദ്യാർത്ഥികൾ ഇല്ലാതെ ഉന്നതവിദ്യാഭ്യാസ മേഖല ഗുരുതര പ്രതിസന്ധി നേരിടുന്നതിനിടയിലാണ് ക്രിമിനലുകൾ അഴിഞ്ഞാടുന്നത്. സർക്കാരും സി.പി.എമ്മും മുഖ്യമന്ത്രിയുമാണ് ക്രിമിനലുകൾക്ക് പിന്തുണ നൽകുന്നത്.

കേരളത്തിന് അപമാനകരമായ രീതിയിൽ വിദ്യാർത്ഥിക്കെതിരെ ആൾക്കൂട്ട ആക്രമണം നടന്നിട്ടും മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണ്. വിദ്യാർത്ഥികളിലെ ഭീതി എല്ലാ കാമ്പസുകളിലേക്കും പടരുകയാണ്. അപകടകരമായ രീതിയിലേക്ക് കാമ്പസുകളെ മാറ്റുന്ന ക്രിമിനലുകളെ ഒതുക്കിയില്ലെങ്കിൽ ശക്തമായ സമരം യു.ഡി.എഫും വിദ്യാർത്ഥി യുവജനസംഘടനകളും ആരംഭിക്കും. കേരളത്തിലെ കാമ്പസുകളെ ഈ ക്രിമിനലുകൾക്ക് വിട്ടുകൊടുക്കില്ല. എസ്.എഫ്.ഐക്ക് അഴിഞ്ഞാടാൻ ആരാണ് ലൈസൻസ് നൽകിയത്?

സാമൂഹിക സുരക്ഷാ പെൻഷൻ നിലച്ചിട്ട് ഏഴ് മാസമാകുന്നു. പതിമൂന്ന് ജില്ലകളിലെ ജനകീയ ചർച്ചാ സദസുകളിലെ പ്രധാന പരാതികളും പെൻഷനുമായി ബന്ധപ്പെട്ടതായിരുന്നു. 55 ലക്ഷം പേരാണ് പട്ടിണിയിൽ കഴിയുന്നത്. പാവങ്ങളിൽ പാവങ്ങളോടാണ് സർക്കാർ ക്രൂരത കാട്ടുന്നത്. പെൻഷൻ കിട്ടാത്തതിനെ തുടർന്ന് ശാസ്താംകോട്ടയിൽ അതീവ ദരിദ്രരുടെ ലിസ്റ്റിൽപ്പെട്ട 74 വയസുകാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. സാമൂഹിക സുരക്ഷാ പെൻഷൻ നൽകാനും സർക്കാർ തയാറായില്ലെങ്കിൽ അതിനെതിരെയും യു.ഡി.എഫിന് ശക്തമായി സമരം നടത്തേണ്ടി വരും. പട്ടിക ജാതി- വർഗ വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങൾ പോലും നൽകുന്നില്ല. ക്ഷേമനിധി ബോർഡുകളും സർക്കാർ അംശാദായം നൽകാത്തതിനെ തുടർന്ന് തകർച്ചയിലാണ്. സാമൂഹിക സുരക്ഷാ പദ്ധതികളെല്ലാം നിലച്ച് കേരളം അതീവ ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുകയാണ്. കേരള ചരിത്രത്തിൽ ഇത്രയും പ്രവർത്തിക്കാത്ത ഒരു സർക്കാരിനെ അദ്യമായാണ് കാണുന്നത്. നിഷ്‌ക്രിയത്വത്തിന്റെ പര്യായമായി ഈ സർക്കാർ മാറിയിരിക്കുകയാണ്- സതീശൻ ചൂണ്ടിക്കാട്ടി.

Advertisement
Next Article