ആശ്രിത നിയമനക്കേസിൽ സർക്കാരിന് തിരിച്ചടി; എംഎൽഎയുടെ മകന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ച്, സുപ്രീംകോടതി
ന്യൂഡൽഹി: ആശ്രിത നിയമനക്കേസിൽ സർക്കാരിന് തിരിച്ചടി. സിപിഎം നേതാവും ചെങ്ങന്നൂർ മുൻ എംഎല്‍എയുമായിരുന്ന കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ.പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. പ്രശാന്തിന്റെ ആശ്രിത നിയമനം മുൻപ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
ഒരു മുൻ എം.എല്‍.എയുടെ മകന് എന്ത് അടിസ്ഥാനത്തിലാണ് ആശ്രിത നിയമനം നല്‍കുന്നതെന്നാണ് സുപ്രീം കോടതി പ്രധാനമായി ഉന്നയിച്ച ചോദ്യം. എന്നാല്‍, മതിയായ യോഗ്യതകള്‍ പ്രശാന്തിനുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നുമാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നത്.അതേസമയം, പ്രശാന്ത് സർവീസില്‍ ഇരുന്ന കാലത്ത് വാങ്ങിയിരുന്ന ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ച് പിടിക്കരുതെന്ന് ഹർജികാരൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. 2018 ജനുവരിയിലായിരുന്നു കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എൻജിനിയറായി ആശ്രിത നിയമനം നല്‍കിയത്.
ആശ്രിത നിയമനം സംബന്ധിച്ച് കൃത്യമായ സർവീസ് ചട്ടങ്ങള്‍ സംസ്ഥാനത്തിനുണ്ട്. കേരള സബോഡിനേറ്റ് സർവീസ് ചട്ടം പ്രകാരം തസ്തിക സൃഷ്ടിച്ച് ഇത്തരത്തിലൊരു നിയമനം നടത്താൻ മന്ത്രിസഭയ്ക്ക് കഴിയുമോയെന്ന കാര്യവും സുപ്രീം കോടതി പരിശോധിച്ചു. ഒരു എം.എല്‍.എയുടെ മകന് ഇത്തരത്തിലൊരു നിയമനം നല്‍കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്.