വീണ വിജയന് തിരിച്ചടി: എക്‌സാലോജിക്കിനെതിരെ എസ് എഫ് ഐ ഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി
ബംഗളൂരു: മാസപ്പടി വിവാദത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ എസ്.എഫ്.ഐ.ഒക്ക് അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി. എക്‌സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റ േചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്. ഹര്‍ജി തള്ളുകയാണ്. പൂര്‍ണ്ണമായ വിധി പകര്‍പ്പ് നാളെ രാവിലെ അപ്ലോഡ് ചെയ്യാമെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന അറിയിച്ചു.കേന്ദ്രസര്‍ക്കാരിനെയും എസ്.എഫ്.ഐ.ഒ ഡയറക്ടറെയും എതിര്‍കക്ഷികളാക്കിയാണ് ഹരജി. കമ്പനിയുടെ ആസ്ഥാനം ബംഗളൂരു ആയതിനാലാണ് കര്‍ണാടകയില്‍ ഹര്‍ജി നല്‍കിയത്.
ആരോപണമുയര്‍ന്നതിനു ശേഷം ആദ്യമായാണ് എക്‌സാലോജിക് നിയമവഴിയിലേക്ക് നീങ്ങിയത്. ആരോപണവുമായി ബന്ധപ്പെട്ട് ഉടന്‍ നോട്ടീസ് നല്‍കി വീണ വിജയനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം എസ്.എഫ്.ഐ.ഒ തുടങ്ങിയിരുന്നു. നേരിട്ട് ഹാജരാകാനോ, രേഖകള്‍ സമര്‍പ്പിക്കാനോ നിര്‍ദ്ദേശിച്ച് വീണയ്ക്ക് ഉടന്‍ നോട്ടീസ് നല്‍കിയേക്കും. ഇതുമുന്നില്‍ കണ്ടാണ് അന്വേഷണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് എക്‌സാലോജിക് ഹര്‍ജി നല്‍കിയത്.
എക്‌സാലോജിക്, സി.എം.ആര്‍.എല്ലില്‍ ഓഹരി പങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സി, സി.എം.ആര്‍.എല്‍ എന്നിവക്കെതിരെയാണ് അന്വേഷണം. വീണയുടെ കമ്പനിക്ക് 1.72 കോടി രൂപ കൈമാറിയത് ഐ.ടി, മാനേജ്‌മെന്റ് സേവനങ്ങളുടെ പ്രതിഫലമായാണെന്നാണ് സി.എം.ആര്‍.എല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഒരു സേവനവും ലഭ്യമാകാതെതന്നെ എക്‌സാലോജിക്കിന് സി.എം.ആര്‍.എല്‍ തുക കൈമാറി എന്നായിരുന്നു ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍.