ബാങ്കുകൾ കടം എഴുതി തള്ളണം, അല്ലെങ്കിൽ ബാധ്യത സർക്കാർ ഏറ്റെടുക്കണം: ടി സിദ്ധിഖ്
കൽപ്പറ്റ: ബാങ്കുകൾ ഇപ്പോഴും വയനാട്ടിലെ ദുരിതബാധിതരുടെ ഇഎംഐ പിടിക്കുന്നുവെന്ന് കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം. വായ്പ എഴുതിത്തളളുന്നതിൽ ഉടൻ തീരുമാനം എടുക്കണം. വൈകിയാൽ സമരത്തിലേക്ക് നീങ്ങും. ബാങ്കുകൾ ഇഎംഐ പിടിച്ചാൽ, എംഎൽഎയുടെ നേതൃത്വത്തിലാകും സമരം. അടിയന്തര ധനസഹായം 10,000 നൽകിയാൽ മതിയാകില്ല. ചുരുങ്ങിത് 2 ലക്ഷം എങ്കിലും കൊടുക്കണമെന്നുള്ള ആവശ്യങ്ങൾ ടി സിദ്ധിഖ് എം എൽ എ ഉന്നയിച്ചു.
കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ 14 ന് ശേഷം കാര്യമായി നടക്കുന്നില്ലെന്നും, തെരച്ചിലിന്റെ കാര്യം കാണാതെ ആയവരുടെ ബന്ധുക്കളെ കൃത്യമായി അറിയിക്കുന്നില്ലെന്നും സിദ്ധിഖ് ആരോപിച്ചു. തിരച്ചിൽ തുടരണം. അങ്ങനെയെങ്കിൽ കുറച്ചുകൂടി മൃതദേഹങ്ങൾകൂടി ലഭിക്കുമായിരുന്നു. സംസ്ഥാന സർക്കാർ തുടക്കത്തിൽ നന്നായി ഇടപെട്ടിരുന്നു. അതിന് തുടർച്ച വേണം. പ്രത്യേകിച്ച് സാമ്പത്തിക ബാധ്യതയുടെ കാര്യത്തിൽ തുടർച്ച വേണം. ദുരിത ബാധിതരുടെ വായ്പയിൽ മൊറോട്ടോറിയം അല്ല വേണ്ടത്. ബാങ്കേഴ്സ് തീരുമാനം സർക്കാർ അംഗീകരിക്കരുത് ബാധ്യത പുനക്രമീകരിക്കലും മതിയാകില്ല. ബാങ്കുകൾ കടം എഴുതി തള്ളണം. ഇതല്ലെങ്കിൽ ബാധ്യത സർക്കാർ ഏറ്റെഎടുക്കമെന്നും സിദ്ധിഖ് ആവശ്യപ്പെട്ടു.