ബിബിസി വേട്ട: ലോക മാധ്യമരംഗത്തെ ഇന്ത്യയുടെ ഒറ്റപ്പെടല്‍ ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം
രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കുകയും ഭരണവീഴ്ചകള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും കരിനിയമങ്ങള്‍ ഉപയോഗിച്ച് നിശബ്ദരാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ വിദേശ മാധ്യമങ്ങള്‍ക്കെതിരെയും കുരച്ച് ചാടുകയാണ്.
ഇന്ത്യയിലെ ജനാധിപത്യ ധ്വംസനവും മതേതരത്വ ഹത്യയും ലോകത്തിന്റെ മുന്നില്‍ അനാവൃതമാക്കുന്ന ആഗോള പ്രശസ്തിയും പാരമ്പര്യവുമുള്ള ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി (ബിബിസി) ക്കെതിരെയാണ് മോദി സര്‍ക്കാര്‍ കൊലവാളുയര്‍ത്തിയിരിക്കുന്നത്. അടിയന്തരാവസ്ഥയില്‍പോലും അഭിമുഖീകരിക്കാത്ത പ്രയാസങ്ങളും പ്രതിബന്ധങ്ങളുമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് വിദേശ മാധ്യമ സ്ഥാപനങ്ങള്‍ ഒരേസ്വരത്തില്‍ പരാതിപ്പെടുന്നു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള സംഘടനകള്‍ക്ക് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ബിജെപി സര്‍ക്കാരിന് സാധിച്ചിരിക്കുന്നുവെന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. സദ്ദാംഹുസൈന്റെ ഭരണകാലത്ത് ഇറാക്കിലും ബുഷ് വാഴ്ചക്കാലത്ത് അഫ്ഗാനിസ്ഥാനിലും നടന്ന ഭരണകൂട ഭീകരതയാണ് ഇന്ത്യയിലെങ്ങും അലയടിച്ചുകൊണ്ടിരിക്കുന്നത്. ബിബിസി യുടെ വിവിധ ഇന്ത്യന്‍ ഓഫീസുകളില്‍ റെയ്ഡ് നടത്തി ഒരുവര്‍ഷം തികയുന്നതിന് മുന്‍പാണ് ഇന്ത്യയിലെ ഓഫീസിന്റെ ചുമതല കൈമാറാന്‍ ബിബിസി തീരുമാനിച്ചത്.
ഇതുപ്രകാരം ബിബിസി യിലെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രൂപീകരിച്ച കമ്പനിക്ക് സ്ഥാപനത്തിന്റെ ചുമതല നല്‍കും. കലക്ടീവ് ന്യൂസ് റൂം എന്ന കമ്പനിയാണ് ബിബിസി ഓഫീസുകളുടെ ചുമതല ഏറ്റെടുക്കുന്നത്. ഇന്ത്യയില്‍ ബിബിസി ഓണ്‍ലൈനിന്റെ ഉള്ളടക്കത്തിന്റെ ചുമതലയും ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളുടെ ചുമതലയും ബിസിനസ് ഓണ്‍ലൈന്‍ പതിപ്പുകളുടെ നടത്തിപ്പും കലക്ടീവ് ന്യൂസ് റൂം ഏറ്റെടുക്കും. ബിസിനസ് ഓണ്‍ലൈന്‍ പതിപ്പിലുള്ള സ്വകാര്യ പങ്കാളിത്തം 26 ശതമാനമായിരിക്കും. ആദായനികുതി ചട്ടങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചുകൊണ്ട് ആദായനികുതി വകുപ്പ് അധികൃതര്‍ ബിബിസി ഉദ്യോഗസ്ഥരെ ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് ബിബിസി ഇന്ത്യയിലെ ഓഫീസുകള്‍ കൈമാറാന്‍ തീരുമാനിച്ചത്. ഈ നടപടികള്‍ ദൂരവ്യാപകമായ ചലനമാണ് ലോക വാര്‍ത്താമാധ്യമരംഗത്ത് സൃഷ്ടിച്ചത്. ഇത്തരമൊരു ക്രമീകരണം പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റര്‍ ആഗോളതലത്തില്‍ ആദ്യമായാണ് നടത്തുന്നത്.
അടുത്തയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന കലക്ടീവ് ന്യൂസ് റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകമാധ്യമങ്ങള്‍ അതീവ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ബിബിസി യുടെ പൂര്‍ണ ഉത്തരവാദിത്വത്തോടെ പത്രപ്രവര്‍ത്തന സമഗ്രത നിലനിര്‍ത്താനുള്ള തങ്ങളുടെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് പ്രസിദ്ധീകരണത്തിനായ് മറ്റൊരു സ്ഥാപനത്തെ ചുമതലപ്പെടുത്തുന്നത് അത്യന്തം വിരളമാണെന്നാണ് ബിബിസി യുടെയും കലക്ടീവ് ന്യൂസ് റൂമിന്റെയും വിശദീകരണം. മോദി സര്‍ക്കാരിന് ബിബിസി യോടുള്ള പകയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് ശേഷം ആദായനികുതി വകുപ്പ് അധികൃതര്‍ ബിബിസി ഓഫീസുകളില്‍ നിരവധി റെയ്ഡുകള്‍ നടത്തി.
പുതിയ എഫ്ഡിഐ നിയമങ്ങള്‍ നടപ്പിലാക്കുന്നത് ബിബിസി യുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ പുനര്‍ മൂല്യനിര്‍ണയത്തിന് പ്രേരിപ്പിച്ചിരിക്കയാണ്. ഇരുനൂറിലേറെ ജീവനക്കാരുള്ള ബിബിസി യുടെ ഇന്ത്യയിലെ ബ്യൂറോ ഓഫീസ് യുകെ യ്ക്ക് പുറമെയുള്ള ലോകത്തിലെ ഏറ്റവും വലിയ ഓഫീസാണ്. ആദായനികുതി വകുപ്പ് പ്രതികാര നടപടികള്‍ ആരംഭിച്ചതിന് ശേഷവും ഇതിന്റെ പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല. വിമര്‍ശിച്ചാല്‍ വേട്ടയാടുമോ എന്ന ചോദ്യമാണ് ലോകമാധ്യമരംഗത്ത് നിന്നുയരുന്നത്.
രാജ്യാന്തര വ്യാപ്തിയുള്ള ഒരു മാധ്യമ സ്ഥാപനത്തെ അപമാനിക്കുന്നത് ഇന്ത്യക്ക് നാണക്കേടും ദോഷവും സൃഷ്ടിക്കും. വലുപ്പചെറുപ്പമില്ലാതെ ഏത് തിമിംഗലത്തെയും ചെറുമീനിനെയും പിടികൂടാന്‍ ധൈര്യക്കുറവില്ലെന്ന് മാലോകരെ അറിയിക്കുന്നതിന് വേണ്ടിയാണ് മോദി സര്‍ക്കാരിന്റെ ഈ തിമിംഗല വേട്ട. അംബാനിയെയും അദാനിയെയും തൊടാതെ ബിബിസി യെ പിടികൂടിയത് നികുതിവെട്ടിപ്പ് കാരണല്ല, രാഷ്ട്രീയ പക നിമിത്തമാണ്. ഗുജറാത്ത് കലാപത്തിന് കാരണക്കാര്‍ സംഘപരിവാറാണെന്ന് ലോകത്തെ അറിയിച്ചത് ബിബിസി യാണെന്ന് മോദി കരുതുന്നു. ബിബിസി വേട്ട ലോക മാധ്യമരംഗത്ത് ഇന്ത്യയെ ഒറ്റപ്പെടുത്തുകയാണ്.