സ്വകാര്യ കാറില്‍ ബീക്കണ്‍ ലൈറ്റ്: ഐ.എ.എസ് ട്രെയിനിയെ സ്ഥലം മാറ്റി
പുണെ: സ്വകാര്യ കാറില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതിനും അമിതാധികാര പ്രയോഗം നടത്തിയതിനും പുണെയില്‍ ഐ.എ.എസ് ട്രെയിനിയെ സ്ഥലം മാറ്റി. പ്രൊബേഷണറി അസിസ്റ്റന്റ് ജില്ലാ കലക്ടറായി ജോലി ചെയ്തിരുന്ന ഡോ. പൂജ ഖേദ്കര്‍ എന്ന ഉദ്യോഗസ്ഥയാണ് വിവാദത്തിലായത്.
സ്വകാര്യ ഓഡി കാറില്‍ ചുവപ്പ്-നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുക, അഡീഷനല്‍ കലക്ടര്‍ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചേംബര്‍ കൈവശപ്പെടുത്തുക, അനുമതിയില്ലാതെ നെയിം ബോര്‍ഡ് സ്ഥാപിക്കുക തുടങ്ങിയ ആരോപണങ്ങളും യുവ ഓഫിസര്‍ക്കെതിരെയുണ്ട്. ഇവര്‍ കീഴുദ്യോഗസ്ഥരോട് മോശമായി പെരുമാറിയിരുന്നതായും പരാതി ഉണ്ട്.
നിലവിലെ തസ്തികയില്‍ ലഭ്യമല്ലാത്ത സൗകര്യങ്ങളാണ് ഇവര്‍ ആവശ്യപ്പെട്ടത്. മകളുടെ ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ പൂജ ഖേദ്കറിന്റെ പിതാവും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.
അധികാര ദുര്‍വിനിയോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാറാണ് നടപടി എടുത്തത്. 2023 ബാച്ച് ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ് ഇവര്‍. പൂണെയില്‍ നിന്ന് വാഷിമിലേക്കാണ് സ്ഥലം മാറ്റിയത്. പുണെ കലക്ടര്‍ ഡോ.സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിനെ തുടര്‍ന്നാണ് നടപടി. സ്വകാര്യ കാറില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ എന്ന ബോര്‍ഡും ഇവര്‍ സ്ഥാപിച്ചിരുന്നു