ബംഗാള്‍ മൃഗശാലയിലെ സീത, അക്ബര്‍: സിംഹങ്ങളുടെ പേര് മാറ്റണമെന്ന് കല്‍ക്കട്ട ഹൈക്കോടതി
കൊല്‍ക്കൊത്ത: ബംഗാള്‍ മൃഗശാലയിലെ സിംഹങ്ങളുടെ പേര് വിവാദം അവസാനിപ്പിക്കാന്‍ ഹൈക്കോടതി. അക്ബര്‍, സീത എന്നീ പേരുകളുള്ള സിംഹങ്ങളുടെ പേര് മാറ്റാന്‍ കല്‍ക്കട്ട ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പേര് മാറ്റാമെന്ന് സര്‍ക്കാരും വ്യക്തമാക്കി.
പട്ടിക്കും പൂച്ചയ്ക്കും ദൈവങ്ങളുടെയും സമൂഹത്തിലെ പ്രഗത്ഭരുടെയും പേരുകളാണോ ഇടുന്നതെന്നും കോടതി ആരാഞ്ഞു. അക്ബര്‍ മഹാനായ മുഗല്‍ ചക്രവര്‍ത്തിയാണ്. സിംഹത്തിന് അദ്ദേഹത്തിന്റെ പേരിട്ടത് ശരിയായില്ല. ടാഗോര്‍ എന്ന പേര് നല്‍കുമോ എന്നും കോടതി ആരാഞ്ഞു. ഇത് മതേതരത്വമുള്ള നാടാണ്. ഇവിടെ അനാവശ്യ പ്രശ്നങ്ങളുണ്ടാക്കരുതെന്നും ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യുട്ട് ബെഞ്ച് ചൂണ്ടിക്കാട്ടി.
എന്നാല്‍ സിംഹത്തെ ത്രിപുരയില്‍ നിന്ന് കൊണ്ടുവന്നതാണെന്നും ത്രിപുര സര്‍ക്കാരാണ് പേരിട്ടതെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. സിലിഗുരി ബംഗാള്‍ സഫാരി പാര്‍ക്കിലെ പെണ്‍ സിംഹത്തിന് സീത എന്ന് പേര് നല്‍കിയതില്‍ എതിര്‍പ്പുമായി വിശ്വഹിന്ദു പരിഷത്ത് ആണ് കോടതിയെ സമീപിച്ചത്. ജസ്റ്റീസ് സൗഗത ഭട്ടാചാര്യയുടെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജിയില്‍ കോടതി ബംഗാള്‍ സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.