ആവശ്യകതയും സാഹചര്യവും ബോധ്യപ്പെടുത്തിയാല്‍ ബില്ലുകളില്‍ ഒപ്പിടാം; ഇനി സമ്മര്‍ദത്തിന് വഴങ്ങില്ല, നയം വ്യക്തമാക്കി ഗവര്‍ണര്‍
തിരുവനന്തപുരം: സുപ്രീം കോടതിയില്‍ നിയമ നടപടികള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി മാധ്യമങ്ങളിലൂടെയല്ല ഗവര്‍ണറോട് സംസാരിക്കേണ്ടതെന്നും എന്തങ്കിലും പറയാനുണ്ടങ്കില്‍ നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.നിയമസഭ ബില്ലുകളില്‍ ഒപ്പിടാം, പക്ഷേ സാഹചര്യവും ആവശ്യകതതയും എന്തെന്ന് സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. സുപ്രീംകോടതി വിധിക്ക് പിന്നാലെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ നടപടി തുടങ്ങി. സര്‍ക്കാരില്‍ നിന്ന് ഉപദേശം തേടുന്നതില്‍ എതിര്‍പ്പില്ല. പക്ഷേ ഇനി സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
'കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം തന്റെ ഉത്തരവാദിത്തമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. സര്‍വകലാശാലയുടെ പരമാധികാരവും ചാന്‍സലറുടെ പങ്കും അംഗീകരിച്ചല്ലോ. സര്‍ക്കാരാണ് തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്തിയത്. ഇനിയെങ്കിലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.