Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സി.വി പത്മരാജന് പിറന്നാൾ മധുരം, ആശംസകളുമായി സഹപ്രവർത്തകർ

03:29 PM Jul 22, 2024 IST | Rajasekharan C P
Advertisement

കൊല്ലം: ഇന്ത്യൻ നാഷണൽ കോൺഗ്രസിലെയും കൊല്ലത്തെ പൊതുസമൂഹമണ്ഡലത്തിലെയും സൗമ്യദീപ്തമായ നിറസാന്നിധ്യം അഡ്വ. സി.വി പത്മരാജന് പിറന്നാൾ മധുരം. 93ാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി നിരവധി പേരാണ് അദ്ദേഹത്തിന്റെ ആനന്ദവല്ലീശ്വരത്തെ വീട്ടിലും കൊല്ലം സഹകരണ അർബൻ ബാങ്കിലുമെത്തിയത്. വിദ്യാർഥി രാഷ്ട്രീയത്തിൽ തുടങ്ങി നീതിന്യായ, രാഷ്ട്രീയ, ഭരണ നിർവഹണ തലത്തിലെല്ലാം സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ച വച്ച ചരിത്രത്തിന് ഉടമയാണ് പത്മരാജൻ.

Advertisement

93ാം ജന്മദിനം ആഘോഷിച്ച സി.വി. പത്മരാജനെ ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് പൊന്നാട അണിയിക്കുന്നു.

കൊല്ലം ജില്ലയിലെ പരവൂരിൽ ജനിച്ച് പരവൂർ, കൊല്ലം, ചങ്ങനാശേരി, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം അധ്യാപകനായിട്ടാണ് പത്മരാജന്റെ സേവന മേഖലയ്ക്കു തുടക്കം. വിദ്യാർഥി ആയിരിക്കെ, വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കോൺഗ്രസിലേക്കു കടന്നുവന്ന പത്മരാജൻ പിന്നീടൊരിക്കലും കോൺഗ്രസ് വിട്ടൊരു രാഷ്ട്രീയം സ്വീകരിച്ചതേയില്ല. കൊല്ലത്തെ തിരക്കേറിയ അഭിഭാഷകനായിരിക്കുമ്പോഴും സജീവ രാഷ്‌ട്രീയത്തിൽ തുടർന്നു. ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റായി തുടങ്ങിയ അദ്ദേഹം പടിപടിയായി പാർട്ടിയുടെ സമുന്നത ഭാരവാഹിയായി. ഡിസിസി പ്രസിഡന്റ്, കെപിസിസി പ്രസിഡന്റ്, മന്ത്രി, ആക്റ്റിംഗ് മുഖ്യമന്ത്രി തുടങ്ങിയ നിലകളിലെല്ലാം പത്മരാജൻ തിളങ്ങി. പരവൂരിൽ അധ്യാപകനായി തുടങ്ങി, നിയമ ബിരുദം നേടി പരവൂരിലെയു കൊല്ലത്തെയും കോടതികളിൽ തിളങ്ങിയ ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്. കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മന്ത്രിസഭകളിൽ അംഗമായിരുന്നു. കയർ, സാമൂഹ്യ വികസനം, വൈദ്യുതി, ധനം, ദേവസ്വം വകുപ്പുകൾ കൈകാര്യം ചെയ്തു.
അഭിഭാഷകവൃത്തിയിലും സജീവ രാഷ്ട്രീയത്തിലും ഉയർന്ന നിലയിലെത്തിയപ്പോഴും പത്മരാജൻ സാധാരണക്കാരുടെ ജീവൽപ്രശ്നങ്ങൾക്കൊപ്പം നിന്നു. സഹകരണ മേഖലയിലൂടെ സാധാരണക്കാരന്റെ സാമ്പത്തിക പ്രതിസന്ധികൾക്കു പരിഹാരം കണ്ടു. പ്രാഥമിക ക്ഷീര സഹകരണ സംഘം മുതൽ 800 കോടിയിലധികം രൂപയുടെ ടേൺ ഓവറുള്ള കൊല്ലം സഹകരണ അർബൻ ബാങ്ക് വരെ സഹകരണ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവന നിസ്തുലമാണ്. 93 വയസ് പൂർത്തിയാകുമ്പോഴും കൊല്ലം സഹകരണ അർബൻ ബാങ്കിൽ എത്താത്ത ഒരു ദിവസം പോലുമില്ല. രാഷ്ട്രീയത്തിൽ സമുന്നത പദവികൾ വഹിച്ച ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നു മാറി നിൽക്കുമ്പോഴും കൊല്ലത്തെ കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും അദ്ദേഹം വഴികാട്ടിയും മാതൃകയുമാണ്. നവതി സ്മരണികയായി അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ പത്മരാഗം എന്ന കൃതിയിൽ കോൺഗ്രസ് അധ്യക്ഷൻ  മല്ലികാർജുൻ ഖാർഗെ മുതൽ കൊല്ലത്തെ മാധ്യമ- അഭിഭാഷക, സഹകരണ മേഖലയിലെ പ്രമുഖർ വരെ പത്മരാജന്റെ ജീവചരിത്രം വളരെ തെളിമയോടെ കോറിയിട്ടിട്ടുണ്ട്.
നവതി ആഘോഷിച്ച പത്മരാജന്റെ  നൂറാം ജന്മദിനവും കൊല്ലത്തെ കോൺഗ്രസുകാർ ആഘോഷമാക്കുമെന്ന് ആശംസകൾ അറിയിക്കാനെത്തിയ ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് പറഞ്ഞു. ഡിസിസിയുടെ ആദരവും അദ്ദേഹം അർപ്പിച്ചു. മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, രമേശ് ചെന്നിത്തല, വി.എം സുധീരൻ എന്നിവർ അദ്ദേഹത്തെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു. പി.സി. വിഷ്ണുനാഥ് എംഎൽഎ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, സെക്രട്ടറിമാരായ അഡ്വ.കെ ബേബിസൺ,  സൂരജ് രവി, ബ്ലോക്ക് പ്രസിഡന്റ് ഗീതാകൃഷ്ണൻ, കൊല്ലം അർബൻ ബാങ്ക് ഡയറക്റ്റർമാരായ അഡ്വ. ശുഭദേവൻ, ദ്വാരക മോഹൻ, ഹേമചന്ദ്രൻ, താഹ കോയ, ശാന്തകുമാരി, മാനേജിങ് ഡയറക്റ്റർ ആർ. ശ്രീകുമാർ, ചീഫ് അക്കൗണ്ടന്റ് കെ.ബി അനിൽ കുമാർ തുടങ്ങിയവർ ആശംസകളുമായെത്തി. അർബൻബാങ്ക് ജീവനക്കാരും മാനേജ്മെന്റും പിറന്നാൾ സദ്യയൊരുക്കിയാണ് അവരുടെ സാരഥിക്ക് ആശംസയറിയിച്ചത്.

Tags :
featuredkerala
Advertisement
Next Article