മേജർ ആർച്ച് ബിഷപ് തിരഞ്ഞെടുപ്പ് ജനുവരിയിൽ; സിനഡ് 8 മുതൽ 13 വരെ
കൊച്ചി: സിറോ മലബാർ സഭാധ്യക്ഷ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക് സഭ കടക്കുകയാണ്. ജനുവരി 8 മുതൽ 13 വരെ നടക്കുന്ന സിനഡ് സമ്മേളനത്തിലാണ് നടപടി തുടങ്ങുക.. പ്രഖ്യാപനവും, സ്ഥാനാരോഹണവും മാർപ്പാപ്പയുടെ സ്ഥിരീകരണത്തിന് ശേഷമായിരിക്കും. അതേസമയം എറണാകുളം - അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാനയിൽ നിലപാട് തുടരുമെന്ന് അൽമായ മുന്നേറ്റം ആവർത്തിച്ചു.
സമ്മേളനം നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും സഭാധ്യക്ഷൻ തിരഞ്ഞെടുപ്പ് അജണ്ടയിൽ ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച മാർ ജോർജ് ആലഞ്ചേരി പദവി ഒഴിഞ്ഞതിനു പിന്നാലെ അന്ന് വൈകീട്ട് ചേർന്ന പെർമനന്റ് സിനഡ് ആണ് തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങാൻ തീരുമാനിച്ചത്. സഭാധ്യക്ഷന്റെ തിരഞ്ഞെടുപ്പിന് മാർപ്പാപ്പയുടെ സ്ഥിരീകരണം ലഭിച്ചശേഷം പ്രഖ്യാപനവും സ്ഥാനാരോഹണവും നടക്കും. അനുയോജ്യനായ വ്യക്തി തിരഞ്ഞെടുക്കപ്പെടാൻ എല്ലാവരും പ്രാർഥിക്കണമെന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സർക്കുലർ ഇറക്കി. ഇതിനിടെ എറണാകുളം - അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരുമെന്ന് അൽമായ മുന്നേറ്റം നേതാക്കൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നേരിൽക്കണ്ട് അറിയിച്ചു.