സംസ്ഥാനത്ത് ബിജെപി-സിപിഎം അന്തർധാര ശക്തമാവുന്നു: രമേശ് ചെന്നിത്തല
കൽപ്പറ്റ: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാതെ സംരക്ഷക വേഷം ധരിച്ചിറങ്ങുന്ന കാരണഭൂതനെ ജനങ്ങൾ തിരിച്ചറിയുമെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമം രാഷ്ട്രീയ വിഷയമാക്കി വോട്ട് പിടിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നത്. നിയമം പിൻവലിക്കണമെന്ന് ആവശ്യപെട്ട് സമരം നടത്തിയവർ കഴിഞ്ഞ നാലു വർഷമായി കോടതി കയറിയിറങ്ങുകയാണ്. ആ കേസുകൾ പിൻവലിക്കാൻ തയ്യാറാകാതെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രി മുതലക്കണ്ണീരൊഴുക്കുന്നതെന്നും, ഈ വിഷയത്തിൽ ആദ്യം നിയമപരമായി നേരിടാൻ മുന്നോട്ടു വന്നത് മുസ്ലിംലീഗും, അന്ന് പ്രതിപക്ഷ നേതാവായിരുന്ന താനുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമായി വിജ്ഞാപനമിറക്കിയപ്പോൾ സ്റ്റേ ആവശ്യപെ
ട്ട് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ആർഎസ്എസിൻ്റെയും ബിജെപിയുടേയും അജണ്ടക്കെതിരെ കോൺഗ്രസ് ഏതറ്റം വരെയും പോരാടും. പൗരത്വ ഭേദഗതി വിഷയത്തിൽ തൻ്റെ യാത്രകളിലുടനീളം രാഹുൽഗാന്ധി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ബോധപൂർവ്വം കോൺഗ്രസിനെ കുറ്റം പറഞ്ഞ് നേട്ടമുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ബി ജെ പി - സി പി എം അന്തർധാര കൂടുതൽ ശക്തമാവുകയാണ്. കോൺഗ്രസിനെയും യുഡിഎഫിനെയും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുമായുള്ള ചങ്ങാത്തം വ്യാപിപ്പിക്കാൻ സിപിഎം ശ്രമിക്കുന്നത്. ഇ പി ജയരാജൻ നാല് ബി ജെ പി സ്ഥാനാർഥികൾ മികച്ചവരാണെന്ന് പറഞ്ഞത്. ഇതുവരെ സിപിഎം ഔദ്യോഗികമായി ഈ പ്രസ്താവനകളെ തള്ളി പറഞ്ഞിട്ടില്ല. ജയരാജൻ എൽഡിഎഫിൻ്റെയാണോ, എൻഡിഎയുടെ കൺവീനറാണോ എന്നാണ് ചോദ്യമുയരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖരൻ്റെ നിരാമയ കമ്പനിയാണ് ജയരാജൻ്റെ കുടുംബത്തിന് ഓഹരിയുള്ള വൈദ്ദേഹം റിസോർട്ട് വാങ്ങുന്നത്. ഇതോടെയാണ് ബിജെപിയുമായുള്ള ഇപ്പോഴത്തെ അവിശുദ്ധ ബന്ധത്തിന് ആരംഭമായതെന്നും ചെന്നിത്തല കൂട്ടി ചേർത്തു. ലാവ്ലിൻ കേസ് 35 തവണ മാറ്റിയതും, പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ ജയിലിലായിട്ടും മുഖ്യമന്ത്രിയെ ഷണ സംഘം വിളിച്ചു വരുത്താത്തതും, സുരേന്ദ്രൻ്റ കോഴക്കേസ് ആവിയായതുമെല്ലാം ഈ അന്തർധാര കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം മുൻ എംഎൽഎ രാജേന്ദ്രൻ
മന്ത്രിസ്ഥാനമൊന്നും വഹിക്കാത്ത ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത് എന്തിനാണെന്ന് ചെന്നിത്തല ചോദിച്ചു. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ പുറത്തു വന്നിട്ടും തള്ളി പറയാൻ സിപിഎം നേതൃത്വം തയ്യാറായിട്ടില്ല. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ 14 ശതമാനം വോട്ടുണ്ടായിരുന്ന ബി ജെ പിക്ക് നിയമസഭയിലെത്തുമ്പോൾ നാല് ശതമാനത്തിൻ്റെ കുറവാണുണ്ടായത്. ആസൂത്രിതമായി നടത്തിയ നീക്കത്തിൻ്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തിൽ കോൺഗ്രസിൻ്റെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കുകയാണ്. പരാതി നൽകിയിട്ടും നടപടിയില്ല. കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്രസർക്കാരിൻ്റെയും മോദിയുടേയും നീക്കത്തിൻ്റെ ഭാഗമാണിതെന്നും ചെന്നിത്തല പറഞ്ഞു.
നിറത്തിൻ്റേയും ജാതിയുടേയും, മതത്തിൻ്റെയും പേരിൽ ആരെയും അധിഷേപിക്കാൻ പാടില്ലെന്നും, ഇത് പരിഷ്കൃതസമൂഹത്തിന് ചേർന്നല്ലെന്നും, പറഞ്ഞത്പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാകണമെന്നും എൽ വി രാമകൃഷ്ണൻ നേരിട്ട അധിക്ഷേപവുമായി ബന്ധപ്പെട്ട് ചെന്നിത്തല പറഞ്ഞു
വാർത്താ സമ്മേളനത്തിൽ
മുൻമന്ത്രി കെ സി ജോസഫ്, ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ, ഐസി ബാലകൃഷ്ണൻ എം എൽ എ, ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ എന്നിവർ പങ്കെടുത്തു.