Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒന്നാംഘട്ടത്തില്‍ പതറുന്ന ബിജെപി; ​ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

10:07 AM Apr 19, 2024 IST | Online Desk
Advertisement

കിരാതതുല്യമായ അക്രമോത്സുകതയോടെ ഇന്ത്യയില്‍ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മാറിടവും ഉദരവും മാന്തിപ്പൊളിച്ച് കരളും കുടല്‍മാലകളും വാരിപുറത്തിട്ട് രക്തപാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പതനത്തിന്റെ കൗണ്ട്ഡൗണ്‍ ഇന്നാരംഭിക്കുകയാണ്. ആറുമാസം മുന്‍പ് മോദിയെ എവിടെ എങ്ങിനെ പ്രതിരോധിക്കുമെന്ന് യാതൊരു താഴും താക്കോലുമില്ലാതെ ഉഴലുകയായിരുന്ന പ്രതിപക്ഷ കക്ഷികളുടെ മുന്‍പില്‍ പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും ശക്തിനിര ഉയര്‍ന്നുവന്നിരിക്കുന്നു.

Advertisement

രാഷ്ട്രീയ ഗണികന്മാര്‍ ബിജെപി ക്ക് ഏകപക്ഷീയ വിജയം പ്രഖ്യാപിച്ചിടത്താണ് തുല്യശക്തികളുടെ പോരാട്ടമെന്ന് മാറ്റിപറയാന്‍ മാധ്യമങ്ങളെയും രാഷ്ട്രീയ നിരീക്ഷകരെയും നിര്‍ബന്ധിതരാക്കിയത്.
ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 102 സീറ്റുകളില്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ അന്‍പത്തൊന്നിടത്തും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വിജയിച്ചപ്പോള്‍ യുപിഎ വിജയിച്ചത് 49 സീറ്റുകളിലായിരുന്നു. ബിജെപിക്ക് നീന്താന്‍ അറിയാത്ത തെക്കെ ഇന്ത്യയടക്കമുള്ള സംസ്ഥാനങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1951-52 ല്‍ ആരംഭിച്ച ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായുള്ള പൊതുതെരഞ്ഞെടുപ്പ് പതിനെട്ടാം തവണയാണ് ഇന്ത്യന്‍ വോട്ടര്‍മാരെ പോളിങ്ബൂത്തിലേക്ക് നയിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നത് ജൂണ്‍ നാലിന് വോട്ടെണ്ണലോടുകൂടിയാണ്.

സമീപകാലത്തൊന്നും ഇത്രയും ദീര്‍ഘിച്ച തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ഇന്ത്യയിലുണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ യാത്രാസൗകര്യാര്‍ത്ഥമാണ് ഓരോ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തിയ്യതി നിശ്ചയിച്ചത്. നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ ഏറ്റവും അവസാനഘട്ടമാണ് പോളിങിന് തെരഞ്ഞെടുത്തത്. ഇതൊക്കെ നീതിപൂര്‍വവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ചട്ടങ്ങളെ തകര്‍ക്കുന്നതാണ്. ഏപ്രില്‍ 19ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് ദിനങ്ങള്‍ അവസാനിക്കുന്നത് ജൂണ്‍ ഒന്നിനാണ്. ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒരുദിവസം മുന്‍പുതന്നെ നാലാംഘട്ടത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 26ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണം പാരമ്യത്തിലെത്തിയിരിക്കയാണ്.
മുറിവേറ്റ മണിപ്പൂരിനെ ആശ്വസിപ്പിക്കാതെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭരണനേട്ടം ഉയര്‍ത്തിപ്പിടിക്കുന്നത് കടുത്ത വഞ്ചനയാണ്. മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവിടം സന്ദര്‍ശിക്കാതിരിക്കുക മാത്രമല്ല, പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്കുപോലും പ്രധാനമന്ത്രി തയ്യാറായില്ല. മണിപ്പൂരിന്റെ മനോവ്യഥയും ശരീരപീഡയും എല്ലാ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെയും ബാധിക്കും.

ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 2019 ലെ കണക്കുകള്‍ പ്രകാരം എന്‍ഡിഎ യും യുപിഎ യും തമ്മിലുള്ള വ്യത്യാസം മൂന്ന് സീറ്റുകളുടേതാണ്. ഇന്ത്യ മുന്നണിയുടെ ശക്തികേന്ദ്രമായ തമിഴ്‌നാട്ടില്‍ 39 സീറ്റുകളും മുന്നണി നേടുമെന്നാണ് അവസാന വിലയിരുത്തല്‍. രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ മുഴുവന്‍ സീറ്റുകളിലും യുഡിഎഫിന് വന്‍ വിജയപ്രതീക്ഷയാണുള്ളത്. തമിഴ്‌നാട്ടിലും കേരളത്തിലും വര്‍ധിച്ച ആത്മവിശ്വാസത്തോടെ റാലികളും റോഡ് ഷോകളും നടത്തിയത് നരേന്ദ്രമോദിക്ക് വേണ്ടി മാത്രമായിരുന്നു. വെറും മോദി ഷോ. ഇത് ബിജെപിക്ക് വോട്ട് നല്‍കുമെന്ന പ്രതീക്ഷ വാടിക്കൊഴിഞ്ഞിരിക്കയാണ്. ബിജെപിയുടെ നെടുംകോട്ടയായി അവര്‍ അവകാശപ്പെടുന്ന ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍തോതില്‍ സീറ്റ്‌ചോര്‍ച്ചയുണ്ടാകുമെന്നാണ് ഒന്നാംഘട്ട വോട്ടെടുപ്പ് ദിവസം വ്യക്തമാക്കുന്നത്.

താരപരിവേഷത്തോടെ ബിജെപി അവതരിപ്പിച്ച പല സ്ഥാനാര്‍ത്ഥികളും ഇത്തവണ പൊന്മുട്ടയിടുന്ന താറാവുകളായിരിക്കില്ലെന്നും ചാവേറുകളായി തീരുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. 2019 ല്‍ പല സംസ്ഥാനങ്ങളിലും ലഭിച്ചിരുന്ന എ പ്ലസുകള്‍ ബി യിലേക്കും സി യിലേക്കും താഴുന്ന കാഴ്ചയാണ് ബിജെപി ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങളില്‍ തെളിയുന്നത്. 2014 ലും 2019 ലും മുഴുവന്‍ സീറ്റുകളും നേടിയ ഡല്‍ഹിയില്‍ പോലും സംപൂജ്യരാകേണ്ടിവരുമെന്ന് കരുതുന്നവര്‍ ബിജെപി നേതാക്കളില്‍പോലുമുണ്ട്. സാമ്പത്തിക പ്രയാസങ്ങള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഒട്ടും നിറംകെട്ടതായിരുന്നില്ല. പണത്തിന്റെ അന്തമില്ലാത്ത ഒഴുക്ക് ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും അലസന്മാരും ആഡംബര പ്രിയരുമാക്കിയിരിക്കയാണ്. മത്സരിക്കാതെ കീശനിറയ്ക്കാനുള്ള വക കേന്ദ്രനേതൃത്വം നല്‍കിയതുകൊണ്ട് കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും പാര്‍ട്ടിയിലെ ഉള്‍പ്പോരിനും കുതികാല്‍വെട്ടിനും ഒട്ടും കുറവില്ല. ആഭ്യന്തര വഴക്കിന്റെ മുഴക്കം ഏറെ പൊങ്ങുന്നത് കര്‍ണാടകയിലാണ്. കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ മാത്രം നഷ്ടമായിരുന്ന ബിജെപിക്ക് ഇത്തവണ മുഴുവന്‍ സീറ്റുകള്‍ തോറ്റാലും അത്ഭുതപ്പെടാനില്ല. ദക്ഷിണേന്ത്യയില്‍ ആദ്യം വിരിഞ്ഞ താമരയുടെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് ബിജെപി യിലെ വിവിധ ഗ്രൂപ്പുകള്‍ ഒരേസ്വരത്തില്‍ പറയുന്നു.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഒരു നേട്ടവുമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. തമിഴ്‌നാടിന് പിന്നാലെ കേരളവും കര്‍ണാടകയും തെലങ്കാനയും പോളിങ്ബൂത്തിലെത്തുമ്പോള്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ബിജെപി തുടച്ചുനീക്കപ്പെടും. അത് മോദിമുക്ത ഭാരതത്തിന്റെ കൊടിയേറ്റമായിരിക്കും. ഈ ഗതികേട് കൊണ്ടുതന്നെയാണ് ചവിട്ടിപ്പുറത്താക്കിയ ചന്ദ്രബാബു നായിഡുവിനെ കൈപിടിച്ച് വീണ്ടും എന്‍ഡിഎ യിലേക്ക് ആനയിക്കേണ്ടിവന്നത്.

Tags :
editorialfeatured
Advertisement
Next Article