ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു: ഹൈബി ഈഡൻ എംപി; എറണാകുളത്ത് ആദായനികുതി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്
കൊച്ചി: പരാജയഭീതി പൂണ്ട ബിജെപി രാജ്യത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്ന് ഹൈബി ഈഡൻ എംപി. കോൺഗ്രസിന്റെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ആദായ നികുതി ഓഫിസിലേക്ക് ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയം നേരിടുമെന്ന ഭയം ബിജെപിയെ സമനില തെറ്റിയ അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോൺഗ്രസിന്റെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിച്ച നടപടി. ഇലക്ട്രറൽ ബോണ്ട് വിഷയത്തിൽ കോടതിയിൽ നിന്നും നേരിട്ട തിരിച്ചടിയിൽ നിന്നും ശ്രദ്ധ മാറ്റുവാൻ കൂടിയുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. കഴിഞ്ഞ പത്തുവർഷക്കാലമായി രാജ്യത്തിന് അകത്തും പുറത്തും നാം ഈ ഏകാധിപത്യ പ്രവണതകൾ കാണുകയാണ്. ആദായ നികുതി വകുപ്പിനെ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥിതിഗതികൾ തങ്ങൾക്ക് അനുകൂലമാക്കുവാൻ വേണ്ടി ബിജെപി ഉപയോഗപ്പെടുത്തുകയാണ്. രാജ്യത്തെ അന്വേഷണ ഏജൻസികൾ ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുകയാണ്. ജനാധിപത്യ മര്യാദകൾ ലംഘിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഭരണകൂടം കാരണം രാജ്യം ലോകത്തിന് മുൻപിൽ അപമാനിതമാകുകയാണ്. അകൗണ്ടുകൾ മരവിപ്പിച്ചാലും പണം നൽകിയും വോട്ട് നൽകിയും ജനങ്ങൾ കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കും. രാഹുൽ ഗാന്ധി നയിച്ച ഇരുയാത്രകളിലും പങ്കെടുത്തത് ലക്ഷക്കണക്കിന് ജനങ്ങളാണ്. അതിലൊക്കെയുള്ള അസഹിഷ്ണുതയാണ് ബിജെപി പ്രകടിപ്പിക്കുന്നത്. അന്വേഷണ ഏജൻസികൾ പോലും പരാജയമുണ്ടാകുമെന്ന സൂചന നൽകിയ ഘട്ടത്തിൽ ഏതുവിധേനയും തെരഞ്ഞെടുപ്പ് അട്ടിമറിക്കുവനാണ് ബിജെപി ശ്രമിക്കുന്നതെന്നും അത് വിലപ്പോവില്ലെന്നും ഹൈബി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ടി ജെ വിനോദ്, ഉമ തോമസ്, നേതാക്കളായ അബ്ദുൽ മുത്തലിബ്, കെ പി ധനപാലൻ, ഡോമനിക് പ്രസന്റേഷൻ, ജെയ്സൺ ജോസഫ്, എം ആർ അഭിലാഷ്, ടോണി ചമ്മിണി, തമ്പി സുബ്രമണ്യം, മനോജ് മൂത്തേടൻ, മുനമ്പം സന്തോഷ്, ജമാൽ മണക്കാടൻ, വി കെ മിനിമോൾ, ദീപക് ജോയ്,എം പി ശിവദത്തൻ, അബ്ദുൽ ലത്തീഫ്, പി വി സജീവൻ, പി ബി സുനീർ, അജിത്ത് അമർ ബാവ, ഇഖ്ബാൽ വലിയവീട്ടിൽ, എൻ ആർ ശ്രീകുമാർ, കെ വി പോൾ, സനൽ നെടിയതറ, സേവ്യർ തായങ്കേരി, ആന്റണി കുരീത്തറ, മനു ജേക്കബ് എന്നിവർ നേതൃത്വം നൽകി.