Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഹിജാബ് വിവാദം ആളിക്കത്തിക്കാന്‍ ബി ജെ പി നീക്കം

11:58 AM Feb 01, 2024 IST | Online Desk
Advertisement

ജയ്പൂര്‍: കര്‍ണാടകക്ക് പിന്നാലെ രാജസ്ഥാനിലും ഹിജാബ് വിവാദം ആളിക്കത്തിക്കാന്‍ ബി.ജെ.പി നീക്കം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിജാബ് നിരോധിക്കണമെന്ന ആവശ്യമുന്നയിച്ച് ബി.ജെ.പി എം.എല്‍.എ ബാലമുകുന്ദ് ആചാര്യയാണ് ഹിജാബ് വിഷയം വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്. നേരത്തെ, കര്‍ണാടകയില്‍ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചിരുന്നു. സമാനമായ നീക്കമാണ് രാജസ്ഥാനിലും ബി.ജെ.പി ലക്ഷ്യമിടുന്നത്.

Advertisement

ഹിജാബുമായി ബന്ധപ്പെട്ട് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നതിന് പിന്നാലെ സ്‌കൂളുകളില്‍ ഡ്രസ്സ് കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവര്‍. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് മന്ത്രി പ്രസ്താവനയിറക്കിയിരുന്നു. 'ഞാന്‍ ഹിജാബിന് അനുകൂലമോ പ്രതികൂലമോ അല്ല. എന്നാല്‍ സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി അനുസരിക്കണം' -അദ്ദേഹം പറഞ്ഞു.

മറ്റിടങ്ങളിലെ ഹിജാബ് നിരോധനത്തെക്കുറിച്ചും രാജസ്ഥാനില്‍ നടപ്പാക്കുന്നതിനെക്കുറിച്ചും പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസത്തിന്റെ ദേവതയായ സരസ്വതിയുടെ ചിത്രമുണ്ടായിരിക്കണം. ഇല്ലാത്തവര്‍ പ്രത്യാഘാതം നേരിടും. സര്‍ക്കാര്‍ അംഗീകരിച്ച പ്രാര്‍ഥനകളല്ലാതെ മറ്റ് പ്രാര്‍ഥനകള്‍ സ്‌കൂളുകളില്‍ പാടില്ല. സ്‌കൂളുകളില്‍ മതപരിവര്‍ത്തന പരിപാടികള്‍ ഒരു കാരണവശാലും അനുവദിക്കില്ല. അത്തരം രീതികള്‍ കണ്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഡ്രസ്സ് കോഡ് നടപ്പാക്കുന്നതിനെ ആഭ്യന്തരമന്ത്രി ജവഹര്‍ സിങ് ബെദാം അനുകൂലിച്ചു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിച്ചുമാത്രമേ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താവൂവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും അച്ചടക്കം പാലിക്കണം. സ്‌കൂളുകള്‍ വിദ്യാക്ഷേത്രങ്ങളാണ്, യൂണിഫോം അവിടെ അച്ചടക്കം വളര്‍ത്താനാണ് -അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളില്‍ ഡ്രസ്സ് കോഡ് കൊണ്ടുവരാനുള്ള നീക്കത്തെ വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു. സാമൂഹിക, സാമ്പത്തിക, മതപരമായ വേര്‍തിരിവുകള്‍ ഇല്ലാതാക്കുന്നതിനാണ് സ്‌കൂളുകളില്‍ യൂണിഫോമെന്ന് സംഘടന പറഞ്ഞു.

ജനുവരി 29ന് എം.എല്‍.എ ബാലമുകുന്ദ് ആചാര്യ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ രംഗത്തുവന്നതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം. എം.എല്‍.എ ഹിജാബിനെതിരെ സ്‌കൂള്‍ അധികൃതരോട് സംസാരിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. എം.എല്‍.എ വിദ്യാര്‍ഥികളോട് 'ഭാരത് മാതാ കി ജയ്', 'സരസ്വതി മാതാ കി ജയ്' എന്ന് വിളിക്കാന്‍ ആവശ്യപ്പെടുന്നതും അത് നിരാകരിച്ച പെണ്‍കുട്ടികളോട് കാരണം ചോദിക്കുന്നതും കാണാം. സംഭവത്തെ തുടര്‍ന്ന് എം.എല്‍.എക്ക് നേരെ പ്രതിഷേധമുണ്ടായി. ഏതാനും വിദ്യാര്‍ഥികളും രക്ഷിതാക്കളും എം.എല്‍.എക്കെതിരെ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.

Advertisement
Next Article