സുരേഷ് ഗോപിയെ തള്ളി ബിജെപി: മുകേഷ് എം.എല്‍.എ സ്ഥാനം രാജി വെക്കണമെന്നതാണ് പാര്‍ട്ടി നിലപാടെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന മുകേഷ് എം.എല്‍.എ സ്ഥാനം രാജി വെക്കണമെന്നതാണ് പാര്‍ട്ടി നിലപാടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സുരേഷ് ഗോപിയുടേത് വ്യക്തിപരമായ ആഭിപ്രായം മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നേതൃത്വം പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നും സുരേഷ് ഗോപി പറയുന്നതല്ലെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുരേഷ് ഗോപി പറഞ്ഞത് നടനെന്ന നിലയിലുള്ള അഭിപ്രായമായി കണ്ടാല്‍ മതി. പാര്‍ട്ടി നിലപാട് പറയാന്‍ അധ്യക്ഷനുണ്ടന്നും സുരേന്ദ്രന്‍ പറഞ്ഞു. എം.എല്‍.എയുടെ രാജി വാങ്ങാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുകേഷിനെതിരെയുള്ള ആരോപണങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളോട് ക്ഷുഭിതനാക്കുകയായിരുന്നു സുരേഷ് ഗോപി. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണെന്നും ആരോപണങ്ങളെ കുറിച്ച് നിങ്ങള്‍ 'അമ്മ'യില്‍ പോയി ചോദിക്കണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്
' കോടതി വല്ലതും പറഞ്ഞോ മുകേഷിന്റെ കാര്യത്തില്‍, ആരോപണങ്ങള്‍ നിങ്ങള്‍ സൃഷ്ടിക്കുന്നതാണ്. എല്ലാം കോടതി പറയും. ആരോപണങ്ങളെ കുറിച്ച് നിങ്ങള്‍ 'അമ്മ'യില്‍ പോയി ചോദിക്കുക. അല്ലെങ്കില്‍ ഞാന്‍ അമ്മയില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കൂ, ഞാന്‍ ഓഫീസില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ഓഫീസിനെ സംബന്ധിച്ച കാര്യങ്ങള്‍ ചോദിക്കുക, വീട്ടില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ വീട്ടിലെ കാര്യങ്ങള്‍ ചോദിക്കുക. ഇപ്പോള്‍ ഞാന്‍ ഒരു വിശുദ്ധ സ്ഥലത്ത് നിന്നാണ് ഇറങ്ങി വരുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിങ്ങള്‍ക്ക് അറിയാനുണ്ടോ..ചോദിക്കൂ.. ഇത് നിങ്ങളുടെ തീറ്റയാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇതുവെച്ച് നിങ്ങള്‍ ക്യാഷുണ്ടാക്കിക്കോളൂ. കുഴപ്പമില്ല.
എന്നാല്‍ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ്. ഈ വിഷയങ്ങളെല്ലാം കോടതിയിലുണ്ടെങ്കില്‍ കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട് കോടതി തീരുമാനമെടുത്തോളും. സര്‍ക്കാര്‍ അത് കോടതിയില്‍ കൊടുത്താല്‍ അവര്‍ സ്വീകരിക്കും. ആടിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങള്‍. തമ്മിത്തല്ലിച്ച് സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ചുവിടാനാണ് നിങ്ങളുടെ ശ്രമം. പരാതി ആരോപണത്തിന്റെ രൂപത്തിലാണ്. നിങ്ങള്‍ കോടതിയാണോ..കോടതി തീരുമാനിക്കും'- സുരേഷ് ഗോപി പ്രതികരിച്ചു.