ബിജെപിയുടെ ബി ടീമിനെ തിരുത്തി 'വീക്ഷണം വാർത്ത'
കൊച്ചി: അയോഗ്യത നീക്കിയിട്ടും നിയമസഭാ വെബ്സൈറ്റിൽ രാഹുൽഗാന്ധിയുടെ ചിത്രവും വിവരങ്ങളും ഉൾപ്പെടുത്താത്തത് വീക്ഷണം വാർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെ രാഹുൽഗാന്ധിയുടെ പേരും ചിത്രവും വിവരങ്ങളും നിയമസഭാ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാന സർക്കാർ നിയന്ത്രിക്കുന്ന വെബ്സൈറ്റിന് ഉണ്ടായ പിഴവിനെ വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിനെ തുടർന്ന് ബിജെപി ഉയർത്തിക്കൊണ്ടുവന്ന വിവാദത്തിന് പിന്നാലെ രാഹുൽ ഗാന്ധിയ്ക്ക് 2023 മാർച്ച് 23നാണ് സൂറത്തിലെ കോടതി രാഹുൽ ഗാന്ധിയെ കുറ്റക്കാരനാക്കി വിധി പ്രഖ്യാപിക്കുന്നത്. സൂറത്തിലെ വിചാരണക്കോടതി രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന്റെ പിറ്റേന്ന്, അദ്ദേഹത്തെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കി. ശിക്ഷിക്കപ്പെട്ട ദിവസമായ മാർച്ച് 23 മുതൽ അദ്ദേഹത്തെ സഭയിൽ നിന്ന് അയോഗ്യനാക്കിയതായി ലോക്‌സഭാ സെക്രട്ടേറിയറ്റ് നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നു. ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും കോൺഗ്രസ് പോരാട്ടം തുടർന്നു. 2023 ഓഗസ്റ്റ് 3ന് രാഹുൽ ഗാന്ധിയുടെ ശിക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തു. പരമാവധി ശിക്ഷ വിധിക്കാൻ ഗുജറാത്തിലെ വിചാരണക്കോടതി ജഡ്ജി കാരണമൊന്നും പറഞ്ഞിട്ടില്ലെന്നും അന്തിമ വിധി വരുന്നത് വരെ ശിക്ഷാ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതി നിർദ്ദേശിക്കുകയായിരുന്നു. കുറ്റക്കാരനെന്ന കോടതി ഉത്തരവ് വന്ന് നാലുമാസത്തിനുള്ളിൽ നിയമ പോരാട്ടത്തിലൂടെ രാഹുൽ ഗാന്ധി ലോക്സഭയിലേക്കും എംപി സ്ഥാനത്തേക്കും തിരികെയെത്തി. അയോഗ്യനാക്കപ്പെട്ടപ്പോൾ വെബ്സൈറ്റിൽ നിന്നും രാഹുൽ ഗാന്ധിയുടെ പേരും വിവരങ്ങളും നീക്കം ചെയ്യുവാൻ സംസ്ഥാന സർക്കാർ കാട്ടിയ തിടുക്കം കോടതി ഉത്തരവ് സ്റ്റേ ചെയ്തു മാസങ്ങൾ പിന്നിടുമ്പോഴും വിവരങ്ങൾ പുനസ്ഥാപിക്കുന്നതിൽ കാട്ടിയില്ല. സ്റ്റേ ലഭിച്ച് നാലുമാസം പിന്നിടുമ്പോഴും വെബ്സൈറ്റിൽ രാഹുൽ ഗാന്ധി എംപിയല്ലെന്നത് ബോധപൂർവ്വം ആണെന്നാണ് ഉയർന്നുവന്ന ആക്ഷേപം.