Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബിജെപിയുടേത് കേരളത്തെ മണിപ്പൂരാക്കാനുള്ള നീക്കം: കെ സി വേണുഗോപാൽ എംപി

09:15 PM Oct 30, 2024 IST | Online Desk
Advertisement

പാലക്കാട്: കേരളത്തെ മറ്റൊരു മണിപ്പൂർ ആക്കുവാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും സിപിഎമ്മിന് സംഭവിച്ചിരിക്കുന്ന ജീർണത തെരഞ്ഞടുപ്പ് ഫലം കാണിച്ചു തരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ അധിവസിക്കുന്ന നാടാണ് പാലക്കാട്. വർഗീയതയുടെയും വിഭാഗീയതയുടെ മതിൽ തീർക്കുവാൻ ശ്രമിക്കുന്നവരെ പാലക്കാട് ജനത തള്ളിക്കളയുമെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് ഡീൽ ഉള്ളത്. ആ ഡീലിന്റെ ഫലമായാണ് തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിച്ചത്. പൂരം കലക്കിയതിലേക്ക് പോലും എത്തപ്പെട്ടതും അതേ ഡീൽ തന്നെയാണ്. ഇതെല്ലാം കേരളീയ സമൂഹം കാണുന്നുണ്ട്. സംഘപരിവാറിന് കേരളത്തിൽ ഇടം ഒരുക്കിയത് സിപിഎമ്മാണ്. കഴിഞ്ഞ 10 വർഷമായി ആ ബാന്ധവം ഏവരും കാണുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ സുരേഷ് ഗോപി രൂക്ഷമായ വെല്ലുവിളി നടത്തിയിട്ടും ഒരക്ഷരം മറുപടി പറയുവാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ബിജെപിയോട് ഭയവും വിധേയത്വവുമാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മികച്ച കെട്ടുറപ്പോടെ ചിട്ടയായ പ്രവർത്തനങ്ങളാണ് പാലക്കാട് നടക്കുന്നത്. പ്രചാരണ രംഗത്ത് ബഹുദൂരം യുഡിഎഫ് മുൻപിൽ ആണ്. ജനകീയ പ്രശ്നങ്ങൾ പാടെ അവഗണിച്ച് ബാഹ്യമായ അജണ്ടകൾ വെച്ച് തെരഞ്ഞെടുപ്പിനെ തങ്ങൾക്ക് അനുകൂലമാക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറുതെയാണെന്നും യുഡിഎഫ് ആധികാരിക വിജയം നേടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന മൂന്നു മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയം നേടും. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ സാധാരണക്കാർ മടുത്തു. എല്ലാ വിഭാഗം ജനങ്ങളും അസ്വസ്ഥരാണ്. ആ അസ്വസ്ഥത തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. തുടർഭരണം ധിക്കാരത്തിനുള്ള അവസരമായാണ് സംസ്ഥാന സർക്കാർ കണ്ടിരിക്കുന്നത്. അവർ ജനങ്ങൾക്കുമേൽ കുതിര കയറുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അണികൾ പോലും ഈ സർക്കാരിനെ വളരെയധികം മോശമായി വിലയിരുത്തി കഴിഞ്ഞു. സിപിഎം അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ അധപതനത്തിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോഴുള്ള അധപതനത്തിന്റെ പൂർത്തീകരണമാകും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ സംഭവിക്കുകയെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കണ്ണൂരിലെ എഡിഎമ്മിന്റെ മരണം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചതാണ്. പ്രതിയെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎം ഇപ്പോഴും സ്വീകരിക്കുന്നത്. അതുപോലെതന്നെ കളക്ടറിന്റെ വിഷയത്തിലെ മലക്കം മറിച്ചിൽ ഒട്ടും ശരിയായില്ല.സ്വന്തം സഹപ്രവർത്തകന്റെ മരണത്തിന് കാരണക്കാരായവരെ സംരക്ഷിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഒരു മിനിറ്റ് പോലും അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരുവാനുള്ള അർഹതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദിവ്യയുടെ കീഴടങ്ങൽ പോലും നാടകമായിരുന്നു. കേരളത്തിലെ പൊതുസമൂഹത്തെയാകെ പരിഹാസ്യരാക്കുന്ന നിലപാടാണ് സർക്കാർ വിഷയത്തിൽ സ്വീകരിച്ചതെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Advertisement

Tags :
featuredkerala
Advertisement
Next Article