ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ചിന് വീണ്ടും വിലക്ക്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐ.എസ്.എല്‍) കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി. ടീം പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ചിന് എ.ഐ.എഫ്.എഫ് വീണ്ടും വിലക്കേര്‍പ്പെടുത്തി. റഫറിമാരെ വിമര്‍ശിച്ചതിന് ഒരു മത്സരത്തില്‍നിന്ന് വിലക്കും 50,000 രൂപ പിഴയും ചുമത്തി.ഐ.എസ്.എല്ലില്‍ ചെന്നൈയില്‍ എഫ്.സിക്കെതിരായ മത്സര ശേഷമാണ് വുക്കൊമനോവിച്ച് റഫറിമാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പിന്നോട്ടു പോയാല്‍ അതിന്റെ ഉത്തരവാദികള്‍ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നുമാണ് വാര്‍ത്തസമ്മേളനത്തില്‍ വുക്കൊമനോവിച്ച് പറഞ്ഞത്.
ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. ഈ മാസം 14ന് പഞ്ചാബ് എഫ്.സിക്കെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം വുക്കൊമനോവിച്ചിന് നഷ്ടമാകും. മത്സര ദിവസം ടീമിനൊപ്പം ചേരാനുമാകില്ല. ബ്ലാസ്റ്റേഴ്‌സ്-ചെന്നൈ മത്സരത്തില്‍ ഇരു ടീമുകളും മൂന്നു ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.റഫറി ഓഫ്‌സൈഡ് വിളിക്കാതിരുന്നതിനെതിരെയും ചെന്നൈയിന്‍ നേടിയ രണ്ടാം ഗോള്‍ അനുവദിച്ചതിനെതിരെയുമാണ് വുക്കൊമനോവിച്ച് വിമര്‍ശനം ഉന്നയിച്ചത്.