For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ശബരിമലയിൽ സർക്കാരും ദേവസ്വം ബോർഡും നോക്ക് കുത്തി: വി.ഡി. സതീശൻ

02:26 PM Dec 12, 2023 IST | ലേഖകന്‍
ശബരിമലയിൽ സർക്കാരും ദേവസ്വം ബോർഡും നോക്ക് കുത്തി  വി ഡി  സതീശൻ
Advertisement

കൊച്ചി: ശബരിമലയിൽ സർക്കാരിനും ദേവസ്വം ബോർഡിനും ഉത്തരവാദിത്തമില്ലാത്ത സങ്കടകരമായ അവസ്ഥയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടാകാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ ഉൾപ്പെടെയുള്ള അയ്യപ്പ ഭക്തർ പന്തളത്ത് യാത്ര അവസാനിപ്പിച്ചു മ‌ങ്ങുകയാണ്. 20 മണിക്കൂറോളമാണ് ഭക്തർ കാത്തുനിൽക്കുന്നത്. സർക്കാരിനും ദേവസ്വം ബോർഡിനും ഒരു ഉത്തരവാദിത്തവുമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകർക്ക് അയ്യപ്പ ദർശനം ഉറപ്പ് വരുത്തേണ്ട ചുമതലയുള്ള സർക്കാരും ദേവസ്വവും ഉത്തരവാദിത്തം നിറവേറ്റാൻ തയാറാകുന്നില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പമ്പയിലെത്തി അവലോകന യോഗം നടത്തി ഏഴ് വകുപ്പുകളെ ഏകോപിപ്പിച്ചു. എല്ലാക്കാലത്തും തിരക്ക് ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ഫലപ്രദമായി നിയന്ത്രിച്ചിട്ടുണ്ട്. ഇപ്പോൾ ദേവസ്വം ബോർഡ് പൊലീസിനെ കുറ്റപ്പെടുത്തുകയാണ്. പരിചയസമ്പന്നരായ പൊലീസുകാരില്ലെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. ദേവസ്വം ബോർഡ് ആവശ്യമായ കാര്യങ്ങളൊന്നും ചെയ്യുന്നില്ല. അവധി ദിവസങ്ങളിൽ സ്ത്രീകളും കുഞ്ഞുങ്ങളും ശബരിമയിൽ പോകരുതെന്ന വിചിത്രമായ പ്രസ്താവനയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് നടത്തിയത്.
കോടതി ഇടപെട്ട് അനങ്ങാതിരിക്കുന്ന സർക്കാരിനെയും ദേവസ്വത്തെയും കുത്തിയിളക്കി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ മാത്രമാണുള്ളത്. ശബരിമലയിൽ നന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ചാണ് 1200 ക്ഷേത്രങ്ങളിലെ ചെലവും ദേവസ്വം ജീവനക്കാരുടെ ശമ്പളവും നൽകുന്നത്. അവലോകന യോഗം നടത്തേണ്ട മന്ത്രിമാർ ടൂർ പോയിരിക്കുകയാണ്. ഓൺലൈൻ മീറ്റിങിന്റെ തീരുമാനമായാണ് ഭക്തർ സ്വയം നിയന്ത്രിക്കണമെന്ന് ദേവസ്വം മന്ത്രി പറഞ്ഞത്.
ശബരിമലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം ഇന്ന് പമ്പയിൽ എത്തിയിട്ടുണ്ട്. ശബരിമലയിൽ എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കണമെന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാരിന് നൽകും.

Advertisement

യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകർ റോഡരുകിൽ നിന്ന് കരിങ്കൊടി കാണിച്ചാൽ ആത്മഹത്യാ സ്‌ക്വാഡും തീവ്രവാദ പ്രവർത്തനവുമാകും. അവരെ കൈകാര്യം ചെയ്യണമെന്നും ജീവൻരക്ഷാ പ്രവർത്തനം നടത്തണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷെ എസ്.എഫ്.ഐക്കാർ പൊലീസ് ഒത്താശയിൽ റോഡിന്റെ നടുവിൽ നിന്നാണ് ഗവർണറുടെ വാഹനം തടത്തു നിർത്തി ആ വാഹനത്തിൽ അടിക്കുന്നത്. എന്നിട്ടും എസ്.എഫ്.ഐക്ക് കൈ കൊടുക്കണമെന്നാണ് പൊതുമരാമത്ത് മന്ത്രി പറഞ്ഞത്.
കരിങ്കൊടി കാട്ടുന്ന കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചെടിച്ചട്ടിയും ഹെൽമറ്റും കമ്പിവടിയും ഉപയോഗിച്ച് തല്ലാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. അതേസമയം ഗവർണറെ തടഞ്ഞ എസ്.എഫ്.ഐക്കാർക്ക് കൈ കൊടുക്കാൻ പറയുന്നത് എന്തൊരു വിരോധാഭാസമാണ്.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മംഗളം ഫോട്ടോഗ്രാഫറുടെ കഴുത്തിന് ഞെക്കുന്നത് കണ്ടിട്ടും കൊലച്ചിരിയോടെയാണ് മുഖ്യമന്ത്രി പോയത്. വഴിയിൽ നിൽക്കുന്നവരെയൊക്കെ തല്ലുകയാണ്. തന്റെ നേതാക്കളെ കാണാൻ മറൈൻ ഡ്രൈവിൽ എത്തിയ ഡി.വൈ.എഫ്.ഐക്കാരനെ ചവിട്ടിക്കൂട്ടി. ആരെയും കിട്ടിയില്ലെങ്കിൽ കൂടെ നിൽക്കുന്നവരെയും ചവിട്ടിക്കൂട്ടുന്ന ക്രിമിനലുകളെയാണ് മുഖ്യമന്ത്രി വളർത്തുന്നതെന്നും സതീശൻ പരിഹസിച്ചു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.