വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി: നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: ഇന്ത്യന്‍ വിമാന കമ്പനികളെ ലക്ഷ്യമിട്ട് തുടര്‍ച്ചയി ഉണ്ടാകുന്ന ബോംബ് ഭീഷണികള്‍ തടയാന്‍ നിയമനിര്‍മ്മാണ നടപടികള്‍ക്കൊരുങ്ങി സര്‍ക്കാര്‍. ഇത്തരം വ്യാജ ബോംബ് ഭീഷണികള്‍ക്ക് ഉത്തരവാദികളായ വ്യക്തികളെ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് അടക്കമുള്ള നടപടികള്‍ പരിഗണനയില്‍ ഉണ്ടെന്ന്, കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നൂറോളം വിമാനങ്ങള്‍ക്കു നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. 'വ്യോമയാന സുരക്ഷാ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ ആലോചിക്കുന്നതായും, 1982ലെ സിവില്‍ ഏവിയേഷന്‍ സുരക്ഷയ്ക്കെതിരായ നിയമവിരുദ്ധമായ നിയമങ്ങള്‍ അടിച്ചമര്‍ത്തുന്നതിനുള്ള ഭേദഗതികള്‍ പരിശോധിക്കുന്നതായും,' ഡല്‍ഹിയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത്, മന്ത്രി പറഞ്ഞു.
ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന വ്യാജ ഭീഷണികള്‍ കൈകാര്യം ചെയ്യുന്നതിനായി, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും, മന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം ഞായറാഴ്ച, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടു വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചു. എയര്‍ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം എത്തിയത്. എക്‌സിലാണ് ഭീഷണി സന്ദേശം എത്തിയത്. എന്നാല്‍ രണ്ട് വിമാനങ്ങളും കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചിരുന്നു.
ഭീഷണി സന്ദേശത്തിന്റെ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല. നേരത്തെ, 6ഇ87 നമ്പര്‍ കോഴിക്കോട്- ദമാം ഇന്‍ഡിഗോ വിമാനത്തിനും ഭീഷണിയുണ്ടായിരുന്നു. ഭീഷണി സന്ദേശം ലഭിച്ചാല്‍ സിവില്‍ ഏവിയേഷന്‍ സുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡമനസരിച്ചുള്ള സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, ആകാശ എയര്‍ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെയെല്ലാം നിരവധി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിക്കുന്നുണ്ട്.