ഡല്‍ഹിയിലെ വിവിധ ഷോപ്പിങ് മാളുകളില്‍ ബോംബ് ഭീഷണി
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ നിരവധി ഷോപ്പിങ് മാളുകളില്‍ ബോംബ് ഭീഷണി. ചാണക്യ മാള്‍, സെലക് സിറ്റി വാക്, ആംബിയന്‍സ് മാള്‍, ഡി.എല്‍.എഫ്, സിനിപൊളിസ്, പസിഫിക് മാള്‍, പ്രൈമസ് ഹോസ്പിറ്റല്‍, യുനിറ്റി ഗ്രൂപ്പ് എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി മെയ്ല്‍ വഴി ലഭിച്ചതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
ഉച്ചയോടെ ഭീഷണി സന്ദേശത്തില്‍ ഏതാനും മണിക്കൂറിനുള്ളില്‍ സ്‌ഫോടനം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. ഭീഷണി സന്ദേശം ലഭിച്ച വിവരം മാള്‍ അധികൃതര്‍ ഡല്‍ഹി പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഡല്‍ഹി പൊലീസും ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും അഗ്‌നിശമനസേനാ യൂനിറ്റുകളും മാളുകളിലെത്തി പരിശോധന നടത്തിയെങ്കിലും സംശയിക്കത്ത തരത്തില്‍ ഒന്നും കണ്ടെത്താനായില്ല.
മാളുകള്‍ കൂടാതെ നിരവധി സ്ഥലങ്ങളിലും സമാനരീതിയിലുള്ള ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും ഡല്‍ഹി പൊലീസ് അറിയിച്ചു.
ആഗസ്റ്റ് 17ന് ഗുരുഗ്രാമിലെ ആംബിയന്‍സ് മാളില്‍ ബോംബ് ഭീഷണി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ലെന്ന് ഗുരുഗ്രാം പൊലീസ് അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ ബോംബ് ഭീഷണി സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയോ മെയ്‌ലുകള്‍ വഴിയോ അയക്കുന്നത് ക്രമസമാധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ആഗസ്റ്റ് 2ന് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാശ് ഏരിയയിലെ സ്‌കൂളില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്ന ഭീഷണി സന്ദേശം ഇമെയ്ല്‍ വഴി ലഭിച്ചിരുന്നു. സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. എന്നാല്‍, പരിശോധനയില്‍ സ്‌കൂളില്‍ നിന്ന് ബോംബ് കണ്ടെത്താനായില്ല.