പുതിയ ടെലികോം ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി
പുതിയ ടെലികോം ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി.രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ബില്‍ നിയമമാകും.ഇത് പാസാകുന്നതോടെ 1885ലെ ടെലിഗ്രാഫ് നിയമം, ഇന്ത്യൻ വയര്‍ലെസ് ടെലിഗ്രാഫി നിയമം, 1950ലെ ടെലിഗ്രാഫ് വയേഴ്സ് നിയമം എന്നിവ പിൻവലിക്കും.
ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേങ്ങള്‍ അയച്ചാല്‍ ടെലികോം കമ്പനിക്ക് പിഴ മുതല്‍ സേവനം നല്‍കുന്നതിനു വിലക്ക് വരെ നേരിടേണ്ടി വരാം.ആദ്യ ലംഘനത്തിന് 50,000 രൂപയും പിന്നീടുള്ള ഓരോ തവണയും 2 ലക്ഷം രൂപയുമായിരിക്കും പിഴ.ടെലികോം സേവനം വിലക്കുന്നതിലേക്ക് വരെ നയിക്കാം.
ടെലികോം കോളുകളും, മെസേജുകളുമാണ് ബില്ലിന്റെ പരിധിയില്‍ വരുന്നത്.ഇന്റര്‍നെറ്റ് കോളും മെസേജും ഈ പരിധിയില്‍ വരില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.അനുവദനീയമായ എണ്ണത്തിലുമധികം സിം കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ 50,000 രൂപ മുതല്‍ 2 ലക്ഷം രൂപ പിഴ ഈടാക്കാം.
ചട്ടമനുസരിച്ച് 9 സിം വരെ ഒരാളുടെ പേരിലെടുക്കാം.ജമ്മു കശ്മീര്‍, വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് 6 ആണ്.സൈബര്‍ തട്ടിപ്പുകള്‍ തടയാനാണിത്.
ഒരാളെ ചതിയില്‍പ്പെടുത്തി അയാളുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് സിം കാര്‍ഡ് എടുത്താല്‍ 3 വര്‍ഷം തടവോ 50 ലക്ഷം രൂപ പിഴയോ ലഭിക്കാം.രാജ്യസുരക്ഷയ്ക്കടക്കം വെല്ലുവിളിയുണ്ടാകുന്ന സാഹചര്യങ്ങളില്‍ നിശ്ചിത വ്യക്തികളുടെ സന്ദേശങ്ങള്‍ (മെസേജ്, കോള്‍) നിശ്ചിത വിഷയത്തിന്മേലുള്ള മെസേജുകള്‍ എന്നിവയുടെ കൈമാറ്റം നിരീക്ഷിക്കാനും (ഇന്റര്‍സെപ്റ്റ്) വിലക്കാനും സര്‍ക്കാരിന്കമ്പനികൾക്ക് നിര്‍ദേശം നല്‍കാം.യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിന് വെല്ലുവിളി അടക്കമുള്ള സാഹചര്യങ്ങളില്‍ രാജ്യത്തെ ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ നിയന്ത്രണം സര്‍ക്കാരിന് ഏറ്റെടുക്കാം.
വേണ്ടിവന്നാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാം.സംസ്ഥാന, കേന്ദ്ര അക്രഡിറ്റേഷനുള്ള മാധ്യപ്രവര്‍ത്തകരുടെ വാര്‍ത്താപരമായ സന്ദേശങ്ങള്‍ 'ഇന്റര്‍സെപ്റ്റ്' ചെയ്യാൻ പാടില്ല.എന്നാല്‍ ദേശസുരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ ഇവരുടെയും സന്ദേശങ്ങള്‍ ഇന്റര്‍സെപ്റ്റ് ചെയ്യാനും വിലക്കാനും കഴിയും.
ഒരു സ്വകാര്യഭൂമിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുകയോ ടെലികോം ലൈനുകള്‍ വലിക്കുകയോ ചെയ്യുന്നത് അനിവാര്യമെന്ന് ബോധ്യപ്പെട്ടാല്‍ സ്ഥല ഉടമയ്ക്ക് വിസമ്മതമുണ്ടെങ്കിലും കമ്പനികള്‍ക്ക് സര്‍ക്കാര്‍ വഴി അനുമതി ലഭിക്കും.അമിതമായ ടെലികോം നിരക്ക് ചുമത്തുന്നതിനെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് കമ്പനികളെ നിര്‍ദേശിക്കാം.
ശിക്ഷകള്‍ ഇങ്ങനെ:
അനധികൃത വയര്‍ലെസ് ഉപകരണം കൈവശം വയ്ക്കുക: ആദ്യതവണ 50,000 രൂപ പിഴ. പിന്നീട് ഓരോ തവണയും 2 ലക്ഷം രൂപ വീതം.
ടെലികോം സേവനങ്ങള്‍ ബ്ലോക് ചെയ്യുന്ന അനധികൃത ഉപകരണങ്ങള്‍ കൈവശം വയ്ക്കുക: 3 വര്‍ഷം വരെ തടവോ 50 ലക്ഷം രൂപ പിഴയോ. അല്ലെങ്കില്‍ രണ്ടുംകൂടിയോ.
അനധികൃതമായി മെസേജുകളും കോളുകളും ചോര്‍ത്തുക, ടെലികോം സേവനം നല്‍കുക: 3 വര്‍ഷം തടവോ 2 കോടി രൂപ പിഴയോ. അല്ലെങ്കില്‍ രണ്ടുംകൂടിയോ.
രാജ്യസുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുക: 3വര്‍ഷം തടവോ 2 കോടി രൂപ പിഴയോ. അല്ലെങ്കില്‍ രണ്ടുംകൂടിയോ. ആവശ്യമെങ്കില്‍ സേവനം വിലക്കാം.
ടെലികോം സേവനങ്ങള്‍ക്ക് തകരാറുണ്ടാക്കുക: 50 ലക്ഷം രൂപ വരെ പിഴ.