എയിംസും പ്രത്യേക പാക്കേജുകളുമില്ലാത്ത കേന്ദ്ര ബജറ്റ്
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഒരു എംപി ഉണ്ടായാല്‍ കേന്ദ്ര പദ്ധതികളും മറ്റ് ആനുകൂല്യങ്ങളും വലിയ തോതില്‍ ഇങ്ങോട്ടെത്തിക്കാന്‍ സാധിക്കുമെന്ന അവകാശവാദമാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ആവര്‍ത്തിച്ചത്. എന്നാല്‍ തൃശൂരില്‍ ഒരു എംപി ഉണ്ടായിട്ട് പോലും പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല. തൃശ്ശൂരില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി നിരന്തരം ഉന്നയിച്ച കാര്യമായിരുന്നു തന്നിലൂടെ കേന്ദ്രപദ്ധതികള്‍ എത്തിക്കുമെന്നത്, എന്നാല്‍ എല്ലാം പാഴ് വാക്കായി എന്നുവേണം കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രസംഗം അവസാനിക്കുമ്പോള്‍ മനസിലാക്കാന്‍.
തലശ്ശേരി -മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതകള്‍, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിര്‍മാണത്തിനുള്ള ധനസഹായം എന്നിവയും കേരളം കാത്തിരുന്ന പ്രഖ്യാപനങ്ങളാണ്. ഇവയും കേന്ദ്ര ധനമന്ത്രി പരാമര്‍ശിച്ചില്ല. അതിവേഗ ട്രെയിന്‍ പദ്ധതിയുമില്ല. രണ്ട് പ്രളയത്തെ നേരിട്ട കേരളത്തെ പ്രകൃതി ദുരന്തത്തെ നേരിടാനുള്ള സഹായത്തിനും പരിഗണിച്ചില്ല. അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് പ്രകൃതി ദുരന്തത്തെ നേരിടാന്‍ പ്രത്യേക സഹായം അനുവദിച്ചിരിക്കുന്നത്.
കേരളത്തിന് എയിംസ് അനുവദിക്കണമെന്നത് കാലങ്ങളായി സംസ്ഥാനം ഉയര്‍ത്തുന്ന ആവശ്യമാണ്. ഇത് തങ്ങളിലൂടെ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്ന് ബിജെപി നേതാക്കളും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ബജറ്റില്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു പ്രഖ്യാപനവും ഉണ്ടായില്ല.