Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വിടവാങ്ങിയത് തമിഴകത്തിന്റെ 'ക്യാപ്റ്റൻ'

04:24 PM Dec 28, 2023 IST | Veekshanam
Advertisement

നിസാർ മുഹമ്മദ്

Advertisement

തമിഴ് സിനിമാ നടനും ദേശീയ മൂർപ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) സ്ഥാപക നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്  ചെന്നെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ കോവിഡ് ബാധയെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു മരണം.  എൺ‌പതുകളിലും തൊണ്ണൂറുകളിലും നിരവധി സൂപ്പർഹിറ്റ്  സിനിമകൾ തമിഴകത്തിന് സമ്മാനിച്ച താരമായിരുന്നു വിജയകാന്ത്.  ഭാര്യ: പ്രേമലത. സഗപ്തം, മധുര വീരൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച നടൻ ഷണ്‍മുഖ പാണ്ഡ്യൻ, വിജയ പ്രഭാകരൻ എന്നിവരാണ് മക്കൾ.

2011 മുതൽ 2016 വരെ തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. വിരുദാചലം, ഋഷിവന്ദ്യം എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് രണ്ട് തവണ നിയമസഭാംഗമായി. നിലവിലെ ഡിഎംഡികെ  ചെയർമാൻ കൂടിയാണ് വിജയകാന്ത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് നടനും നിർമ്മാതാവും സംവിധായകനുമായിരുന്ന വിജയകാന്ത് തമിഴ്നാട് സർക്കാരിന്റെ സിനിമാ പുരസ്കാരവും ഫിലിം ഫെയർ അവാർഡുകളും നിരവധി തവണ നേടിയിട്ടുണ്ട്.

ക്യാപ്റ്റൻ പ്രഭാകർ, പുലൻ വിസാരണൈ, സിന്ദൂരപാണ്ടി, മാനഗരകാവൽ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലെ നായകനായിരുന്നു. 1980-കളിൽ കമൽഹാസൻ, രജനികാന്ത് എന്നിവർക്ക് ശേഷം തമിഴ്സിനിമകളിൽ ഏറ്റവും ആരാധകരുള്ള നടനായിരുന്നു വിജയകാന്ത്.  തമിഴ് സിനിമകളിൽ മാത്രമാണ് അദ്ദേഹം അഭിനയിച്ചത്. എന്നാൽ, വിജയകാന്തിന്റെ നിരവധി സിനിമകൾ തെലുങ്കിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. പൊലീസ് ഓഫീസറായി 20-ലധികം സിനിമകളിൽ വിജയകാന്ത് വേഷമിട്ടു. നൂറാമത്തെ ചിത്രമായ ക്യാപ്റ്റൻ പ്രഭാകറിന് (1991) ശേഷം അദ്ദേഹത്തിന് "ക്യാപ്റ്റൻ" എന്ന വിളിപ്പേരാണ് തമിഴകം നൽകിയത്.
1952 ആഗസ്റ്റ് 25ന്  കെ.എൻ. അളഗർസ്വാമിയുടെയും ആണ്ടൽ അളഗർസ്വാമിയുടെയും മകനായി ജനിച്ച നാരായണൻ വിജയരാജ് അളഗർസ്വാമി എന്ന വിജയകാന്ത് 1979-ൽ 'ഇനിക്കും ഇളമൈ' എന്ന പ്രണയ ചിത്രത്തിലെ വില്ലനായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1981-ൽ പുറത്തിറങ്ങിയ 'സട്ടം ഒരു ഇരുട്ടറൈ' വൻ ഹിറ്റായതോടെ താരപരിവേഷത്തിലേക്ക് ഉയർന്നു. ആക്ഷൻ സിനിമകളായിരുന്നു അഭിനയിച്ചവയിലേറെയും. തുടക്കകാലത്ത് നിരവധി സിനിമകളിൽ വില്ലൻ വേഷം മികച്ച രീതിയിൽ കൈകാര്യം ചെയ്തു.
2010 ൽ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് അവസാനം നായകനായി അഭിനയിച്ചത്. അതു സംവിധാനം ചെയ്തതും വിജയകാന്തായിരുന്നു. 2015ൽ 'സതാബ്ധം' എന്ന ആക്ഷൻ ത്രില്ലറിൽ അതിഥി താരമായി വേഷമിട്ട് സിനിമയോട് വിടപറഞ്ഞു. ഹിന്ദിയിലും മലയാളത്തിലുമടക്കം വിജയകാന്ത് നായകനായ സിനിമകള്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഹോണസ്റ്റ് രാജ്, തമിഴ്‍ സെല്‍വൻ, വല്ലരശ്, ത്യാഗം, പേരരശ്, വിശ്വനാഥൻ രാമമൂര്‍ത്തി, സിമ്മസനം, രാജ്യം, ദേവൻ, രാമണ, തെന്നവൻ, സുദേശി, ധര്‍മപുരി, ശബരി, അരശങ്കം, എങ്കള്‍ അണ്ണ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച വിജയകാന്ത് പിന്നീട് സജീവ രാഷ്ട്രീയക്കാരനും ഡിഎംഡികെ നേതാവുമായി മാറി.  
സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ ചിത്രങ്ങളിലൂടെ സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദിക്കുന്ന ‘ക്ഷോഭിക്കുന്ന യുവാവിനെ’ തമിഴ് പ്രേക്ഷകർ ഏറ്റെടുത്തു. നാടിനെ സ്നേഹിക്കുന്ന, നാട്ടുകാർക്കു നല്ലതു ചെയ്യുന്ന, നാടിനും കുടുംബത്തിനുമായി എന്തു ത്യാഗവും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ പുരട്ചി കലൈഞ്ജർ എന്ന വിശേഷണം ലഭിച്ചു.  
2005 സെപ്റ്റംബർ 14 നാണ് ദേശീയ മുർ‌പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ മൽസരിച്ചെങ്കിലും വിജയകാന്ത് മാത്രമാണ് ജയിച്ചത്. 2011 ൽ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റിൽ മൽസരിച്ച് 29 എണ്ണത്തിൽ വിജയിച്ചു. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു. അതോടെ തമിഴ് രാഷ്ട്രീയത്തിലെ ശക്തനെന്നു വിളിക്കപ്പെട്ടെങ്കിലും പക്ഷേ പിന്നീട് രാഷ്ട്രീയ നേട്ടങ്ങൾ ആവർത്തിക്കാനായില്ല.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും അതു തിരിച്ചടിച്ചു. മൽസരിച്ച 14 സീറ്റിലും പരാജയപ്പെട്ടു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈകോയുടെ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സിപിഎം, സിപിഐ, വിടുതലൈ ചിരുത്തൈകൾ കക്ഷി എന്നിവയുമായി സഖ്യമുണ്ടാക്കി. പക്ഷേ മൽസരിച്ച 104 സീറ്റുകളിലും പരാജയപ്പെട്ടു. അതോടെ തമിഴക രാഷ്ട്രീയത്തിൽ വിജയകാന്തിന്റെയും ഡിഎംഡികെയുടെയും സ്വാധീനം ദുർബലമായി. അനാരോഗ്യം മൂലം കൂറേക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു വിജയകാന്ത്.

Advertisement
Next Article