സിബിഐ എത്തിയില്ല ; അന്വേഷണം നിലച്ച് സിദ്ധാർഥൻ കേസ്
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ്റെ മരണം സിബിഐയ്ക്കു വിട്ടതോടെ സംസ്ഥാന പൊലീസിന്റെ അന്വേഷണം ഏതാണ്ട് നിലച്ച മട്ടിലായി. സിദ്ധാർഥൻ്റെ മരണവുമായി ബന്ധപ്പെട്ട് 20 പേരുടെയും അറസ്റ്റ് പൂർത്തിയായെന്നാണ് പൊലീസ് നിലപാട്. അതിനു ശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല.
സിബിഐ കേസ് ഏറ്റെടുക്കുന്നതുവരെ തെളിവുകൾ നഷ്ടപ്പെടാതിരിക്കാനും എല്ലാ പ്രതികളെയും ഉൾപ്പെടുത്താനും പൊലീസ് ശ്രമിക്കുന്നില്ലെന്നാണ് സിദ്ധാർഥന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. തെളിവുകൾ നശിപ്പിക്കാൻ സഹായങ്ങൾ ചെയ്തുകൊടുക്കുന്നുവെന്നും പരാതിയുണ്ട്. മർദനം നടക്കുന്ന സമയത്ത് സിദ്ധാർഥന്റെ മൊബൈൽ ഫോൺ കൈകാര്യം ചെയ്‌തയാളെ ഇതു വരെ ചോദ്യം ചെയ്തിട്ടില്ലെന്നു സിദ്ധാർഥൻ്റെ അച്ഛൻ ടി.ജയപ്രകാശ് പറയുന്നു.
കേസ് സിബിഐ ഏറ്റെടുത്തില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന ആശങ്കയും രക്ഷിതാക്കൾ ഉന്നയിക്കുന്നു. ഫെബ്രുവരി 18 ന് ഉച്ചയോടെയാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു മുൻപ് ക്രൂര മർദനത്തിനിരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മരണവുമായി നേരിട്ടു ബന്ധമുണ്ടെന്ന് കോളജിലെ ആന്റി റാഗിങ് സ്ക്വാഡ് കണ്ടെത്തിയ എസ്എഫ്ഐ നേതാക്കൾ അടക്കം അറസ്‌റ്റിലായി. അന്വേഷണം തുടരുകയാണെന്നു വൈത്തിരി പൊലീസ് പറഞ്ഞു.