പാനൂർ ബോംബ് സ്ഫോടനം സിബിഐ അന്വേഷിക്കണം
എംഎം ഹസൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ. സിപിഎമ്മിലെ ഉന്നത നേതാക്കളുടെ അറിവോടും സമ്മതത്തോടും കൂടി ജനവിധി അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ബോംബ് സ്ഫോടനത്തിലൂടെ നടന്നത്. ബോംബ് നിർമാണം ഭീകര പ്രവർത്തനമാണെന്നിരിക്കെ, പാനൂർ സ്ഫോടനത്തെ മുഖ്യമന്ത്രി നിസാരവത്ക്കരിക്കുകയാണ്. അതുമൊരു രക്ഷാ പ്രവർത്തനമെന്നാണ് അദ്ദേഹം പറയുന്നത്. സ്ഫോടനത്തിന് പിന്നാലെ അത്യുഗ്ര ശേഷിയുള്ള ബോംബുകൾ പോലീസ് വീണ്ടും കണ്ടെടുത്ത് നിർവീര്യമാക്കിയത് അതീവഗൗരവമുള്ള കാര്യമാണെന്നും ആയുധശേഖരത്തിന്റെ നിഗൂഢതയിലേക്ക് വെളിച്ചം വീശുന്നതാണെന്നും ഹസൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടു നിൽക്കെ യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിർമ്മാണം. പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബോംബ് നിർമ്മിച്ചതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുണ്ട്. വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാർഥിയായി എത്തിയതോടെ എൽഡിഎഫിന്റെ പ്രതീക്ഷ മങ്ങി. ഇതാണ് ബോംബെറിയാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ബോംബ് പൊട്ടി മരിച്ചയാളുടെ വീട്ടിൽ സിപിഎം നേതാക്കൾ പോയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നത് മര്യാദയല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എസ്എഫ്ഐക്കാർ ആൾക്കൂട്ട വിചാരണ നടത്തി കൊന്ന സിദ്ധാർഥന്റെ വീട് ക്ലിഫ് ഹൗസിന് അടുത്തായിരുന്നിട്ടും അവിടേക്ക്
മുഖ്യമന്ത്രി പോകാതിരുന്നതിലെ മര്യാദയെന്തെന്നും മനുഷ്യത്വത്തിന്റെ പേരിലെങ്കിലും മുഖ്യമന്ത്രി ആ വീട് സന്ദർശിക്കേണ്ടതായിരുന്നുവെന്നും ഹസൻ പറഞ്ഞു.