ക്യാമ്പസിൽ ഇടിമുറി, സിസിടിവി എസ്എഫ്ഐ നശിപ്പിച്ചു; വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്റ്
വയനാട്: വയനാട് പൂക്കോട്ടൂർ വെറ്റിനറി സർവകലാശാലയിലെ എസ്എഫ്ഐ ഫാസിസത്തെ പറ്റി വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്റ് രംഗത്ത്. ക്യാമ്പസിനുള്ളിൽ കാലങ്ങളായി എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഇടിമുറി പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും മറ്റും അതിന്റെ വിചാരണ നടക്കുന്നത് ഈ ഇടിമുറിയിലാണ്. ഹോസ്റ്റലിനുള്ളിൽ പ്രവർത്തിക്കുന്ന ഇടിമുറിയിൽ തന്നെയാണ് സിദ്ധാർത്ഥനും അക്രമം ഏറ്റിട്ടുള്ളത്. ക്യാമ്പസിനുള്ളിൽ വ്യാപകമായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും എസ്എഫ്ഐ അത് നശിപ്പിക്കുകയായിരുന്നുവെന്നും മുൻ പിടിഎ പ്രസിഡന്റ് പ്രതികരിച്ചു. അതേസമയം, എസ്എഫ്ഐക്കെതിരെ പ്രതിഷേധം കൂടുതൽ ശക്തമാവുകയാണ്. പ്രതികൾക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, സർവകലാശാല ഡീൻ ഉൾപ്പെടെയുള്ള അധികൃതരെ കൂടി കേസിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കുവാനാണ് കെഎസ്‌യു ഉൾപ്പെടെയുള്ള പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ തയ്യാറെടുക്കുന്നത്.