കേരള ഗവർണർക്ക് കേന്ദ്രസേനയുടെ സെഡ് കാറ്റഗറി സുരക്ഷ
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. സിആർപിഎഫിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസേനയാണ് ഗവർണർക്ക് പഴുതടച്ച സുരക്ഷ ഒരുക്കുക. ഗവർണർക്ക് നേരെയുള്ള എസ്എഫ്ഐ പ്രതിഷേധങ്ങളിൽ കേരള പോലീസ് തുടർച്ചയായി വീഴ്ച വരുത്തിയതിനെ തുടർന്നാണ് സുരക്ഷാ ചുമതല സിആർപിഎഫിനെ ഏൽപ്പിച്ചത്. ഇന്ന് രാവിലെ കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. തുടർന്ന് എസ്എഫ്ഐ പ്രവർത്തകരെ തെരുവിലിറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ടു. കാറിൽനിന്നിറങ്ങി റോഡിൽ ഇരുന്ന് ഗവർണർ പ്രതിഷേധിച്ചു. വാഹനത്തിൽ കയറാതെ റോഡിൽ ഇരുന്ന് അരമണിക്കൂറോളം ഗവർണർ പ്രതിഷേധിച്ചിരുന്നു. പൊലീസ് തന്നെ നിയമലംഘിക്കുന്നുവെന്ന് പറഞ്ഞ ഗവർണർ രൂക്ഷ ഭാഷയിൽ പൊലീസിനെ ശകാരിച്ചു. പ്രതിഷേധക്കാരെ തടയാനോ മുൻകരുതൽ സ്വീകരിക്കാനോ കേരള പോലീസിന് കഴിഞ്ഞിരുന്നില്ല. കരിങ്കൊടി മുഖ്യമന്ത്രിക്കെതിരെയെങ്കിൽ ഇതാണോ സ്ഥഥിതിയെന്ന ഗവർണർ ചോദിച്ചു.
എല്ലാവർക്കും എതിരെ കേസെടുക്കണമെന്ന് ഗവർണറുടെ നിർദേശത്തിന് പിന്നാലെ 12 പേർക്കെതിരെ പൊലീസ് കേസെടുത്തു.