ജൂലൈ മാസത്തിന്‍ കൂടുതല്‍ മഴ പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: ജൂലൈ മാസത്തില്‍ കേരളത്തില്‍ സാധാരണ ലഭിക്കുന്ന മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. രാജ്യത്തും സാധാരണയില്‍ കൂടുതല്‍ മഴ സാധ്യത പ്രവചിക്കുന്നു.ജൂലൈ മാസത്തിലും പസഫിക്ക് സമുദ്രത്തില്‍ (ഇഎന്‍എസ്ഒ) പ്രതിഭാസവും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ പ്രതിഭാസവും ന്യൂട്രല്‍ സ്ഥിതിയില്‍ തുടരാന്‍ സാധ്യത.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ ജൂണ്‍ മാസത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ പ്രവചിച്ചിരുനെങ്കിലും ജൂണ്‍ മാസത്തില്‍ കേരളത്തില്‍ 25% മഴ കുറവായിരുന്നു.എന്നാല്‍ ജൂലൈയില്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ പ്രവചനം സമ്മിശ്രമാണ്.കാലവര്‍ഷം ഇന്ന് (ജൂലൈ രണ്ട്) രാജ്യം മുഴുവന്‍ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. മെയ് 30 നു കേരളത്തിലെത്തിയ കാലവര്‍ഷം 34 ദിവസമെടുത്തു രാജ്യം മുഴുവന്‍ വ്യാപിക്കാന്‍.സാധാരണയിലും ആറു ദിവസം നേരത്തെയാണ് കാലവര്‍ഷം ഇത്തവണ രാജ്യം മുഴുവന്‍ വ്യാപിച്ചത്. കഴിഞ്ഞ വര്‍ഷവും ജൂലൈ 2 നാണ് കാലവര്‍ഷം രാജ്യം മുഴുവന്‍ വ്യാപിച്ചത്.