നെടുങ്കണ്ടത്ത് വിദ്യാര്‍ഥിയെക്കൊണ്ട് ഛര്‍ദി വാരിപ്പിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
തിരുവനന്തപുരം : നെടുങ്കണ്ടത്ത് വിദ്യാര്‍ഥിയെക്കൊണ്ട് ഛര്‍ദി വാരിപ്പിച്ചു എന്ന പരാതിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന് നിര്‍ദേശം നല്‍കി. രണ്ടാം ക്ലാസില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയെക്കൊണ്ട് അധ്യാപിക സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചതായി കുട്ടിയുടെ അമ്മയാണ് എ.ഇ.ഒ.ക്ക് പരാതി നല്‍കിയത്.
ഉടുമ്പന്‍ചോലക്കടുത്ത് സ്ലീബാമലയില്‍ പ്രവര്‍ത്തിക്കുന്ന എല്‍.പി.സ്‌കൂളിലെ അധ്യാപികക്കെതിരേയാണ് പരാതി നല്‍കിയത്. ഈ മാസം 13-ന് കുട്ടിയുടെ സഹപാഠി പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ക്ലാസില്‍ ഛര്‍ദിച്ചു. കുട്ടികളോട് മണല്‍വാരിയിട്ട് ഇത് മൂടാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഈ കുട്ടിയോട് മാത്രമായി അത് ചെയ്യാന്‍ പറഞ്ഞു.
എന്നാല്‍, ആറര വയസ് മാത്രമുള്ള കുട്ടി ഇത് നിരസിക്കുകയും ടീച്ചറെ ഞാന്‍ ഇവിടെയിരുന്ന് എഴുതിക്കോളാം എന്നുപറഞ്ഞു. എന്നാല്‍, അതുകേട്ട് അധ്യാപിക ദേഷ്യപ്പെടുകയും കുട്ടിയെക്കൊണ്ട് നിര്‍ബന്ധപൂര്‍വം കോരിക്കളയിപ്പിക്കുകയുമായിരുന്നു. സഹപാഠിയായ കുട്ടി സഹായികുട്ടി സഹായിക്കാന്‍ തുനിഞ്ഞപ്പോള്‍ അധ്യാപിക തടയുകയും ചെയ്തു.
കുട്ടി ഇക്കാര്യം വീട്ടില്‍ അറിയിച്ചില്ല. എന്നാല്‍, അടുത്ത ദിവസം സഹപാഠിയില്‍നിന്ന് വിവരമറിഞ്ഞ മാതാപിതാക്കള്‍ ഇക്കാര്യം പ്രഥമാധ്യാപികയെ അറിയിച്ചു. എന്നാല്‍, അവര്‍ അധ്യാപികക്ക് താക്കീത് നല്‍കുന്നതില്‍മാത്രം നടപടി ഒതുക്കിയെന്നാണ് പരാതി. ഇതിനെടുര്‍ന്നാണ് മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
ഇതോടൊപ്പം മറ്റ് രണ്ട് സംഭവങ്ങള്‍കൂടി അന്വേഷിക്കും. നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിച്ച സംഭവത്തിലും കാട്ടാക്കട പൂവച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പ്രഥമാധ്യാപികക്കും പി.ടി.എ പ്രസിഡണ്ടിനും മര്‍ദനമേറ്റ സംഭവത്തിലും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.