എല്ലാവരുടെയും ലീഡർ, രാഷ്ട്രീയ ചിത്രം മാറ്റിയെഴുതിയ ചാണക്യൻ
ചിത്രം വര പഠിക്കാൻ കണ്ണൂരിൽ നിന്ന് തൃശ്ശൂരിത്തി കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതിയ ചാണക്യൻ നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഒരേ ഒരാൾ അനുയായികൾ മാത്രമല്ല, എതിരാളികൾ പോലും ലീഡർ എന്ന് വിളിച്ചിരുന്ന ഒരേയൊരാൾ, കണ്ണോത്ത് കരുണാകരനെ രാജ്യപ്രജാമണ്ഡലത്തിൽ ചേർത്തത് വി.ആർ കൃഷ്‌ണൻ എഴുത്തച്ഛനാണ്. സീതാറാം മില്ലിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ അയച്ചത് രാഷ്ട്രീയ ഗുരുനാഥൻ പനമ്പള്ളി ഗോവിന്ദമേനോനും കെ. കരുണാകരന് പകരം വയ്ക്കാൻ കേരള രാഷ്ട്രീയത്തിൽ മറ്റൊരാളില്ല. കേരളത്തെയും കോൺഗ്രസിനെയും കൈപിടിച്ചുയർത്തിയ ലീഡർ, കെ കരുണാകരൻ എന്നത് കേരളത്തിന്റെ വികസന കാഴ്‌ചപ്പാടിനെ മാറ്റിമറിച്ച അസാധാരണ ഇച്ഛാശക്തിയുടെ പേര് കൂടിയാണ്.
കെ. കരുണാകരൻ അധികാരത്തിലേക്ക് എടുത്തുയർത്തപ്പെട്ടതല്ല. പോരാടി നേടിയതാണ്. തന്റെ രാഷ്ട്രീയ ജീവിതകാലമാകെ വെല്ലുവിളികളെ പരവതാനിയാക്കിയാണ് ലീഡർ പ്രവർത്തിച്ചത്. പരാജയം അദ്ദേഹത്തെ ഒരു കാലത്തും തളർത്തിയിട്ടില്ല. പകരം അതിനെ വിജയത്തിലേക്കുള്ള വഴിയാക്കാൻ ലീഡർക്ക് അസാമാന്യ ശേഷിയുണ്ടായിരുന്നു. രാഷ്ട്രീയ ഭൂമികയിൽ എതിരാളികളെ ആക്രമിച്ച് കയറിയാണ് കെ കരുണാകരൻ എന്ന ട്രേഡ് യൂണിയൻ നേതാവ് കോട്ടകൾ പടുത്തുയർത്തിയത്.
1952 ലും 1954 ലും 1965 ലും നിയമനിർമ്മാണ സഭയുടെ ഭാഗമായിയെങ്കിലും നിർണ്ണായക രാഷ്ട്രിയ കരുനീക്കങ്ങൾക്ക് അദ്ദേഹത്തിന് അവസരം ലഭിച്ചത് 1967 ലാണ്. അന്ന് ഒൻപതംഗ കോൺഗ്രസ് പാർലമെന്ററി പാർട്ടി കെ.കരുണാകരനെ നേതാവായി തെരഞ്ഞെടുത്തു. കെ കണാകരൻ പ്രതിപക്ഷ നേതാവായി. വർത്തമാനകാല രാഷ്ട്രീയത്തിൽ പ്രസക്തമായ രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്‌മകളും മുന്നണി രാഷ്ട്രീയവും രാജ്യത്ത് ആദ്യമായി കണ്ടത് കേരളത്തിലാണ്. അത്തരം ഒരു പരീക്ഷണം നടത്തി വിജയിപ്പിച്ച നേതാവായിരുന്നു കെ.കരുണാകരൻ. സംസ്ഥാന രൂപീകരണം മുതൽ 1980 കൾ വരെ കേരളം കണ്ടതിൽ ഏറെയും അസ്ഥിരമായ സർക്കാരുകളെയാണ്. കെ.കരുണാകരൻ എന്ന കേരള രാഷ്ട്രീയത്തിലെ ഭീക്ഷ്‌മാചാര്യന്റെ ആശയമായിരുന്നു യു.ഡി.എഫ്. 1982 ൽ ലീഡറുടെ നേതൃത്വത്തിലാണ് ആദ്യമായി ഒരു കോൺഗ്രസ് സർക്കാർ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുന്നത്.
അടിമുടി കോൺഗ്രസുകാരനായിരിക്കുമ്പോഴും, രാഷ്ട്രീയ എതിരാളികളെ ഒരു ദയയുമില്ലാതെ വിമർശിക്കുമ്പോഴും ജാതി മത പരിഗണനകളൊന്നും ഇല്ലാതെ എല്ലാവരയും ചേർത്ത് നിർത്തിയ നേതാവായിരുന്നു ലീഡർ. ഏവർക്കും സ്വീകാര്യൻ കണ്ണിറുക്കിയുള്ള ലീഡറുടെ ചിരിയിൽ അലിയാത്തവരായി ആരുമുണ്ടായിരുന്നില്ല. ഗുരുവായുരപ്പന്റെ ഉറച്ച ഭക്തൻ. പക്ഷേ എല്ലാ ജാതി മത വിശ്വാസികൾക്കും ഒരുപോലെ സ്വീകാര്യൻ. ആർക്കും എപ്പോഴും സമീപിക്കാവുന്നയാൾ. മതേതരത്വത്തിൻ്റെ അടിയുറച്ച വക്താവായിരുന്നു ലീഡർ.
നിങ്ങൾ നിങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുമ്പോഴും അത് അന്യമതസ്ഥര നോവിക്കുന്നതാകരുതെന്നും മറ്റ് മതസ്ഥരുടെ ന്യായമായ ആവശ്യങ്ങൾക്ക് മുൻപിൽ നിൽക്കുകയാണ് ഉത്തമനായൊരു ഭണാധികാരിയുടെ ഗുണമെന്നും ഞാൻ പഠിച്ചത് ലീഡറിൽ നിന്നാണ്. ഇന്ദിരാഗാന്ധിക്കൊപ്പം അടിയുറച്ചു നിന്ന കെ. കരുണാകരൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ് മേക്കറായിരുന്നു. എപ്പോഴും ഊർജ്ജസ്വലൻ, തീരുമാനം എടുക്കുന്നതിലെ അസാമാന്യ വേഗത. അത് നടപ്പാക്കുന്നതിലെ ഇച്ഛാശക്തി. ഇതൊക്കെയാണ് ലീഡറെന്ന ഭരണാധികാരി. സംസ്ഥാനം ഇന്ന് കാണുന്ന വികസന പദ്ധതികളിൽ മിക്കതിലും ലീഡറുടെ കൈയ്യൊപ്പുണ്ട്. കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയം, നെടുമ്പാശേരി വിമാനത്താവളം, പരിയാരം മെഡിക്കൽ കോളേജ്, ഗോശ്രീ പാലങ്ങൾ ഉൾപ്പെടെ എത്രയെത്ര പദ്ധതികൾ. എതിർപ്പുകളെ അതിജീവിച്ചും തൃണവത്കരിച്ചും ലീഡർ നേടിയെടുത്തതാണ് അതൊക്കെ. അന്ന് എതിർത്തവർ പിന്നീട് ഈ വികസന പദ്ധതികളുടെ നേത്യത്വത്തിൽ വരികയോ അതിന്റെ ഭരണം തട്ടിയെടുക്കുകയോ ചെയ്തു. കഴിവും കാര്യപ്രാപ്തിയുമുള്ള ഉദ്യോഗസ്ഥരെ അത്രയേറെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ഭരണാധികാരിയായിരുന്നു കെ. കരുണാകരൻ. ഭരണ പരമോ രാഷ്ട്രീയപരമോ ആയ ഏതു സങ്കീർണ വിഷയങ്ങളിലും നൊടിയിടയ്ക്കുള്ളിൽ തീരുമാനങ്ങളെടുക്കാനുള്ള പ്രത്യേക വൈഭവം ലീഡർക്കുണ്ടായിരുന്നു. വിശ്വാസത്തിന്റേയും വിശ്വസിച്ചതിന്റേയും പേരിൽ ലീഡർ പഴി കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നും തിരുമാനങ്ങളുടെ വേഗതയെ ബാധിച്ചില്ല. അതിന്റെ കൂടി ഗുണഫലം നമ്മൾ ഇന്ന് അനുഭവിക്കുന്നുണ്ട്.
കേരളത്തിന് ഇനിയൊരു ലീഡറില്ല. ആ പേരിന് അവകാശി ഒരേ ഒരാൾ മാത്രമാണ്. അത് കണ്ണോത്ത് കരുണാകരനാണ്. ബാക്കി ഉള്ളവർ അദ്ദേഹത്തിൻ്റെ അനുയായികളും ആ പാത പിൻതുടരുന്നവരും മാത്രം. ലീഡറുടെ ഓർമ്മകൾ ഏതു പ്രതിസന്ധി ഘട്ടത്തിലും ആവേശവും കരുത്തുമാണ്. ഓർമ്മകൾക്കു മുന്നിൽ പ്രണാമം.