'ചാന്ദി ജൈസ രംഗ് ഹേ തേരാ, സോനെ ജൈസേ ബാൽ...' ഗസലിൽ പ്രണയവും ലഹരിയും ഇഴചേർത്ത പങ്കജ് ഉദാസ്
ശ്രുതിമധുരമായ ശബ്ദവും ഹൃദ്യമായ വരികളും ഇഴചേർന്ന ഗസലുകളിലൂടെ ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയിപ്പിച്ച ജനപ്രിയ ഗായകൻ പങ്കജ് ഉദാസിന്റെ വേർപാട് ആസ്വാദകർക്ക് തീരാനഷ്ടമായി. 1980കളിൽ രാജ്യം കേട്ടു തുടങ്ങിയ ഗസൽ ശീലുകളിലുകളിലൂടെ മനസിൽ പതിഞ്ഞ ശബ്ദമാണ് നിലച്ചത്. എങ്കിലും, ലഹരിയും പ്രണയവും മഴയും നിലാവും നിറഞ്ഞ പങ്കജിന്റെ ഗസലുകൾ ഇനിയുമേറെക്കാലം സംഗീതപ്രേമികളുടെ ഉള്ളിൽ അടങ്ങാതെ അലയടിക്കും; ഉറപ്പ്...
1986-ല്‍ പുറത്തിറങ്ങിയ മഹേഷ്ഭട്ടിന്റെ 'നാം' എന്ന സിനിമയിലൂടെയാണ് പങ്കജ് ഉദാസ് എന്ന ഗായകന്റെ ശബ്ദം സംഗീതലോകം ശ്രദ്ധിച്ചു തുടങ്ങിയത്. 'ചിത്തി ആയി ഹെ' എന്ന ആ ഗാനം ലോകം കീഴടക്കി. 1980, 1990 കാലഘട്ടങ്ങളിൽ അവിസ്മരണീയമായ മെലഡികൾ പങ്കജിന്റെ മധുരശബ്ദത്തിൽ ആസ്വാദകർ നെഞ്ചേറ്റി. അപ്പോഴും മദ്യത്തിന്റെ മണമുള്ള, പ്രണയത്തിന്റെ കുളിരുള്ള ഗസലുകളായിരുന്നു പങ്കജിന്റെ ശബ്ദത്തിന് ആരാധകരെ കൂട്ടിയത്. ലോകമെമ്പാടുമുള്ള ആൽബങ്ങളും ലൈവ് കച്ചേരികളും ഒരു ഗായകനെന്ന നിലയിൽ പങ്കജ് ഉദാസിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. 2006-ൽ ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി പങ്കജ് ഉദാസിനെ രാജ്യം ആദരിച്ചു.
ഗുജറാത്തിലെ ചര്‍ഖ്ഡി എന്ന കൊച്ചുഗ്രാമത്തില്‍ കേശുഭായ് ഉദാസ് - ജിതുബെൻ ഉദാസ് ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനിച്ച പങ്കജിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതായിരുന്നു പാട്ടിനോടുള്ള പ്രണയം. കല്യാൺജി ആനന്ദ്ജിമാരുടെ സംഗീതത്തിന് ട്രാക്ക് പാടിയിരുന്ന മൂത്ത സഹോദരൻ മൻഹർ ഉദാസായിരുന്നു പങ്കജിന്റെ വീട്ടിലെ ആദ്യ ഗായകൻ. മറ്റൊരു സഹോദരൻ നിർമ്മൽ ഉദാസും ഗാനാലാപന രംഗത്തുണ്ടായിരുന്നു. ഗുജറാത്തിയിലും ഹിന്ദിയിലും പഞ്ചാബിയിലും ബംഗാളിയിലുമായി മുന്നൂറിലേറെ ഗാനങ്ങള്‍ മൻഹർ ആലപിച്ചിട്ടുണ്ടെങ്കിലും അര്‍ഹിക്കുന്ന പ്രശസ്തി നേടിയെടുക്കാനായില്ല. അതുകൊണ്ടാവണം, പിന്നണി ഗാന രംഗത്തു നിന്ന് മാറി പങ്കജ് ഗസലിന്റെ വഴി തെരഞ്ഞെടുത്തത്. 'ചാന്ദി ജൈസ രംഗ് ഹൈ തേരാ, സോനേ ജൈസെ ബാല്‍...' എന്ന ഗാനത്തോടെ പങ്കജിനെ ഗസല്‍ ലോകം ഏറ്റെടുത്തു.
മുംബൈയില്‍ സെന്റ് സേവ്യേഴ്സ് കോളേജില്‍ പഠിക്കാനെത്തിയതോടെയാണ് പങ്കജ് ഉദാസിനുള്ളിലെ ഗായകൻ വെളിപ്പെട്ടുവന്നത്. രാജകോട്ട് സംഗീത നാടക അക്കാദമിയില്‍ നിന്ന് തബല അഭ്യസിച്ചു. പിന്നീട് മാസ്റ്റര്‍ നവരംഗിന്റെ കീഴില്‍ ശാസ്ത്രീയ സംഗീതവും പഠിച്ചു. ഉഷ ഖന്ന ഈണമിട്ട കാംനയിലാണ് ആദ്യമായി പിന്നണി ഗാനം പാടിയത്. ചിത്രം പരാജയമായതോടെ ഗസലാണ് തന്റെ ലോകമെന്ന് പങ്കജ് തിരിച്ചറിഞ്ഞു. ഗസലിനെ ജീവിതവഴിയായി തെരഞ്ഞെടുക്കുന്നതും കാംനയുടെ പരാജയത്തോടെയായിരുന്നു.
ഉറുദു ഭാഷ പഠിച്ചെടുത്ത പങ്കജ് ഉദാസ്, വിദേശ രാജ്യങ്ങളിലാണ് ആദ്യകാലങ്ങളിൽ ഗസലുകൾ പാടിയത്. കാനഡയിലും അമേരിക്കയിലും നിരവധി ആരാധകരുണ്ടായി. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചുവന്ന് 1980ൽ ആഹത് എന്ന ഗസൽ ആൽബം പുറത്തിറക്കി. അതോടെ, സൈഗളിനും ജഗജിത് സിങ്ങിനും തലത്ത് മുഹമ്മദിനുമൊപ്പം സമാനതകളില്ലാത്ത ആലാപന ശൈലിയിലൂടെ പങ്കജ് ഉദാസ് ഗസലിന്റെ മുഖമായി മാറി. 1981-ൽ മുഖരാർ , 1982-ൽ തരണം, 1983-ൽ മെഹ്ഫിൽ, 1984ൽ നയാബ് അങ്ങനെ നിരവധി ആൽബങ്ങൾ. 'ചുപ്‌കെ ചുപ്‌കെ', 'യുന്‍ മേരെ ഖാത്ക', 'സായ ബാങ്കര്‍', 'ആഷിഖോന്‍ നെ', 'ഖുതാരത്', 'തുജ രാഹ ഹൈ തൊ', 'ചു ഗയി', 'മൈഖാനെ സെ', 'ഏക് തരഫ് ഉസ്‌ക ഗര്‍', 'ക്യാ മുജ്‌സെ ദോസ്തി കരോഗെ', 'മൈഖാനെ സേ', 'ഗൂന്‍ഗാത്', 'പീനെ വാലോ സുനോ', 'റിഷ്‌തെ ടൂതെ', 'ആന്‍സു' തുടങ്ങിയ ഗസലുകൾ നിരവധി വേദികളിൽ നിലയ്ക്കാത്ത കയ്യടി നേടി. 'ചാന്ദി ജൈസ രംഗ് ഹേ തേരാ, സോനെ ജൈസേ ബാൽ' ( നിങ്ങളുടെ നിറം വെള്ളി പോലെയാണ്, നിങ്ങളുടെ മുടി സ്വർണ്ണം പോലെയാണ്) എന്ന പങ്കജിന്റെ ഗാനം ആസ്വാദകർ ഒരു വികാരമായി സ്വീകരിച്ചു. 1990-ൽ ഘയാൽ എന്ന ചിത്രത്തിനായി ലതാ മങ്കേഷ്‌കറിനൊപ്പം 'മഹിയാ തേരി കസം' എന്ന ശ്രുതിമധുരമായ യുഗ്മഗാനം പങ്കജിന്റെ ജനപ്രീതി ഉയർത്തി. 1994-ൽ, മൊഹ്‌റ എന്ന സിനിമയിൽ സാധന സർഗത്തിനൊപ്പം പാടിയ ഡ്യൂയറ്റ് 'നാ കജ്രേ കി ധർ' ഇന്നത്തെ തലമുറയും പാടിനടക്കുന്നുണ്ട്. സാജൻ, യേ ദില്ലഗി, നാം , ഫിർ തേരി കഹാനി യാദ് ആയേ തുടങ്ങിയ സിനിമകളിൽ ഗായകനായി സ്ക്രീനിലുമെത്തി പങ്കജ് ഉദാസ്. ഇന്ത്യയിൽ ആദ്യമായി സി.ഡിയിൽ (കോംപാക്റ്റ് ഡിസ്ക്) പുറത്തിറങ്ങിയത് 1987ൽ പങ്കജ് ഉദാസിന്റെ 'ഷഗുഫ്ത' എന്ന ആൽബമായിരുന്നു.