അടിമുടി ദുരൂഹത, മൂക്കിനു കീഴിലായിട്ടും ചാത്തന്നൂർ പൊലീസ് അറിഞ്ഞില്ല
കൊല്ലം: അടിമുടി ദുരൂഹത നിറഞ്ഞതാണ് ഓയൂരിലെ കുട്ടിയെ റാഞ്ചൽ നാടകം. ചാത്തന്നൂർ ടൗണിൽ ബേക്കറി നടത്തുന്ന മാമ്പള്ളിക്കുന്ന് കവിതാലയം വീട്ടിൽ പത്മകുമാറിനെ കുറിച്ച് നാട്ടുകാർക്കു നല്ലതു മാത്രമേ പറയാനുള്ളൂ. ഭാര്യ അനുപമയാണ് ബേക്കറി നടത്തുന്നത്. കേബിൾ സർവീസും റിയൽ എസ്റ്റേറ്റുമായി പത്മകുമാറിനു വേറെയും ജോലിയുണ്ട്. പഠിപ്പിൽ വളരെ മിടുക്കനായിരുന്നു അയാളെന്നാണ് അയൽവാസികളും സഹപാഠികളും പറയുന്നത്. ഭാര്യയും മകൾ അനിതയും പഠിപ്പിൽ മിടുക്കരാണ്. എന്നാൽ ഇവരെങ്ങനെ ഇങ്ങനെയൊരു കേസിൽ കുടുങ്ങി എന്ന് ആർക്കുമറിയില്ല. നാട്ടുകാരുമായി കൂടുതൽ ഇടപഴകുന്ന ശീലവും ഇവർക്കില്ല.
കാണാതായ പെൺകുട്ടിയുടെ പിതാവ് റെജിയുമായി പത്മകുമാറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുന്ന റെജി യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷൻ എന്ന സംഘടനയുടെ ജില്ലാ പ്രസിഡന്റാണ്. വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിലടക്കം റെജിക്ക് ബന്ധമുണ്ടോ എന്നു സംശയിക്കുന്നു. ഇതിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടാണോ നടന്നതെന്നാണു പൊലീസ് അന്വേഷിക്കുന്നത്.
കുട്ടിയെ തട്ടിയെടുത്ത സംഭവത്തിൽ തനിക്കു മാത്രമേ ബന്ധമുള്ളൂ എന്നും ഭാര്യയും മകളും നിരപരാധികളാണെന്നുമാണ് പത്മകുാർ പറയുന്നത്. എന്നാൽ പൊലീസ് ഇതു വിശ്വാസത്തിലെടുക്കുന്നില്ല. തട്ടിയെടുക്കൽ സംഘത്തിൽ ഇവരെ കൂടാതെ വേറേയും പ്രതികളുണ്ടെന്നാണ് കരുതുന്നത്. കസ്റ്റഡിയിലുള്ള മൂന്നു പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
സംഭവത്തിന്റെ ലക്ഷ്യം സാമ്പത്തികം മാത്രമാണോ എന്നതും പ്രധാനമാണ്.
പത്മകുമാറിന്റെ വീടും സ്ഥാപനങ്ങളും ചാത്തന്നൂർ പൊലീസ് സ്റ്റേഷന്റെയും ഡിവൈഎസ്പി ഓഫീസിന്റെയും തൊട്ടടുത്താണ്. നാട്ടുകാരെപ്പേലെ തന്നെ ഇവരെ കുറിച്ച് പൊലീസിനും ഒരു സംശവും ഉണ്ടായില്ല. വളരെ ആസൂത്രിതവും നിരവധി ദിവസങ്ങളിലെ തയാറെടുപ്പുകൾക്കും ശേഷമാണ് പത്മകുമാർ കുട്ടിയെ തട്ടിയെടുക്കൽ നാടകം പ്രാവർത്തികമാക്കിയത്. ഇതിനായി മറ്റു പലരുടെയും സഹായം തേടിയെന്നും സംശയിക്കുന്നു.
കുട്ടിയെ തട്ടിയെടുത്ത മാരുതി സ്വിഫ്റ്റ് ഡിസയർ കാർ ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഇതിന്റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി വ്യാജ നമ്പർ പ്ലേറ്റ് പിടിപ്പിച്ചാണ് തട്ടിയെടുക്കാൻ കൊണ്ടു പോയത്. കുട്ടിയുമായി വന്നത് ചാത്തന്നൂരിലെ വീട്ടിലേക്കായിരുന്നില്ല. അല്പം അകലെ ചിറക്കരയിലുള്ള ഓടിട്ട വീട്ടിലായിരുന്നു. വിജനമായ സ്ഥലത്തെ ഫാം ഹൗസ് ആണിത്. കുട്ടിയെ ഇറക്കിയ ശേഷം വ്യാജ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റികെഎൽ 1ബിടി 5786 എന്ന യഥാർഥ നമ്പർ പ്ലേറ്റുമായി ചാത്തന്നൂരിലെ വീട്ടുമുറ്റത്ത് തന്നെ പാർക്ക് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി വരെ ഇവർ ഈ വീട്ടിലുണ്ടായിരുന്നു. അതിനിടെ കൊല്ലം നഗരത്തിലുമെത്തി സ്ഥിഗതികൾ നിരീക്ഷിച്ചു.
പത്മകുമാറിന്റെ രേഖാ ചിത്രം പുറത്തു വിട്ടതോടെയാണ് സംസ്ഥാനം വിടാൻ തീരുമാനിച്ചത്. നീല നിറത്തിലുള്ള ഹ്യൂണ്ടായ് കാറിൽ വ്യാഴാഴ്ച വൈകുന്നേരം ചാത്തന്നൂരിൽ നിന്നു കടന്നുകളയുകയായിരുന്നു. നേരേ തെങ്കാശിയിലെത്തി ഹോട്ടലിൽ മുറിയെടുത്തു തങ്ങി.
അതിനിടെ പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ച പൊലീസും രഹസ്യമായി നീങ്ങി. തമിഴ്നാട്ടിലെ ക്യൂ ബ്രാഞ്ച് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കാറിനെ കുറിച്ചും ഇവർ തങ്ങിയ ഹോട്ടലിനെ കുറിച്ചും ചില സൂചനകൾ ലഭിച്ചു.
കൊല്ലം സിറ്റി പൊലീസിലെ പ്രത്യേക സംഘം ഹോട്ടലിൽ എത്തുമ്പോൾ പദ്മകുമാറും ഭാര്യയും മകളും ഭക്ഷണം കഴിക്കുകയായിരുന്നു. തങ്ങൾ പൊലീസാണെന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ് അന്വേഷിക്കുകയാണെന്നും പറഞ്ഞതോടെ ഭക്ഷണം കഴിക്കുന്നതു നിർത്തി പദ്മകുമാർ പൊലീസുമായി പൂർണമായി സഹകരിക്കുകയായിരുന്നു. ഒട്ടും വൈകാതെ പദ്മകുമാറിനെ പൊലീസ് ജീപ്പിലും ഭാര്യയെയും മകളെയും അവരുടെ തന്നെ നീല ഹ്യൂണ്ടായ് കാറിലും കയറ്റി പൊലീസ് അടൂർ ക്യാംപിലേക്കു തിരുച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ തെങ്കാശി പുളിയറയിൽ നിന്നു പുറപ്പെട്ട സംഘം വൈകുന്നേരം 5.15ന് അടൂരിലെത്തി.