Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സര്‍ക്കാര്‍ ഗില്ലറ്റിന്‍ ചെയ്യുന്നു: ചവറ ജയകുമാര്‍

06:25 PM Jun 29, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: നിയമ വാഴ്ചയില്‍ കടന്നുകയറ്റം നടത്തി സര്‍ക്കാര്‍ സംസ്ഥാനത്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ ഗളച്ഛേദം ചെയ്യുന്നുവെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസ്തരെന്നും അവിശ്വസ്തരെന്നും രണ്ടായി തിരിച്ച് പല തരത്തിലുള്ള ശത്രുതാ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്നത് പകല്‍പോലെ സത്യമാണ്. രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റം അതിരൂക്ഷമായ 8 വര്‍ഷമാണ് പിന്നിടുന്നത്. നിരവധി ജീവനക്കാര്‍ സ്ഥലംമാറ്റത്തെത്തുടര്‍ന്ന് ആത്മഹത്യചെയ്യുന്ന സാഹചര്യമുണ്ടായി. ഇപ്പോഴും അന്യായ സസ്പെന്‍ഷന്‍ പലവിഷയങ്ങളിലും മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ അവലംബിക്കുന്ന കുറുക്കുവഴിയാണ്. പ്രമോഷനുകള്‍ തടഞ്ഞ് വയ്ക്കുന്നു. വകുപ്പില്‍ നിന്ന് നേരിടേണ്ടി വരുന്ന ഇത്തരം ശത്രുതാനടപടികള്‍ക്ക് പരിഹാരം ഈ ഉത്തരവിറക്കിയവര്‍തന്നെ കാണുമെന്നത് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. വകുപ്പിന് രേഖാമൂലം പരാതി നല്‍കിയതിനുശേഷം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയാണ് ഇപ്പോള്‍ ജീവനക്കാര്‍ അവലംബിക്കുന്ന മാര്‍ഗ്ഗം.അഡീഷണൽ ചീഫ് സെക്രട്ടറി ഇത്തരത്തിലുള്ള ഒരു സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളതിന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ആക്ട് 1985 ലെ വകുപ്പ് 20 ആണ് ആധാരമാക്കിയിട്ടുള്ളത്.

Advertisement

ജീവനക്കാരന് ഒരു ഉത്തരവിന്മേൽ സർവ്വീസ് ചട്ടങ്ങളിൽ നിഷ്കർഷിച്ചിട്ടുള്ള പ്രതിവിധികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മേലധികാരിക്ക് അപ്പീൽ നൽകുകയും അതിന്മേൽ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചില്ലായെങ്കിൽ ആറു മാസത്തെ സമയപരിധി കഴിഞ്ഞ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും നിയമം അനുശാസിക്കുന്നു. ഈ നിയമത്തെ തങ്ങൾക്കു അനുഗുണമായ രീതിയിൽ വ്യാഖ്യാനിച്ചുകൊണ്ടാണ് ജീവനക്കാർക്ക് അർഹമായും കിട്ടേണ്ട നീതി നിഷേധിക്കപ്പെടുന്ന തരത്തിലുള്ള സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സേവന സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ഈ സംവിധാനം ഇന്ത്യന്‍ ഭരണഘടനയുടെ 323 എ അനുഛേദപ്രകാരം 1985 ലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ്. നിയമ സംവിധാനത്തെ മാനിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. 2010 ല്‍ കേരളത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ പരാതികള്‍ക്ക് സത്വര പരിഹാരമാണ് ലക്ഷ്യം വച്ചത്.ആനുകൂല്യങ്ങളൊന്നന്നായി കവര്‍ന്നെടുത്തിട്ട് ഇത് ചോദ്യം ചെയ്യാതിരിക്കാന്‍ എല്ലാവഴികളുമടച്ച് ഇരുമ്പുമറ സൃഷ്ടിക്കുകയാണ് ഭരണകൂടം. രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റം, സസ്പെന്‍ഷന്‍, പ്രമോഷന്‍ തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ അന്യായങ്ങള്‍ക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനുള്ള ജീവനക്കാരുടെ അവസരം നിഷേധിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ അടിയന്തിരമായി പിന്‍വലിക്കണം.

ഈ സർക്കുലർ നടപ്പിലാക്കുന്നതോടെ രാഷ്ട്രീയ പ്രേരിതമായും, ഇഷ്ടക്കാരെ പരിഗണിച്ചും നടത്തുന്ന അനധികൃത സ്ഥലമാറ്റങ്ങളിലും, സ്ഥാനക്കയറ്റങ്ങളിലും പരാതിയുള്ള പക്ഷം ജീവനക്കാർക്ക് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുവാൻ ആറുമാസം കാത്തിരിക്കേണ്ടി വരും. ‘Justice too delayed is too denied’ എന്നാണ് നിയമവ്യവസ്ഥയിൽ പോലും പരക്കെയുള്ള തത്വം. അപ്പോഴാണ് ആറു മാസം മാത്രം വിരമിക്കാൻ ബാക്കിയുള്ള ജീവനക്കാർക്കുൾപ്പെടെയുള്ളവർക്ക് ഈ സർക്കുലറിലൂടെ തങ്ങൾക്കു അർഹതപ്പെട്ട നീതി ലഭ്യമാകുവാനുള്ള അവസരം നിഷേധിക്കപ്പെടുന്നത്.എന്ത് ന്യായീകരണം നടത്തിയാലും ജീവനക്കാര്‍ക്ക് നീതി നിഷേധിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ജനാധിപത്യവും ജൂഡീഷ്യറിയും ബ്യൂറോക്രസിയും അതിരുവിടാന്‍ പാടില്ല. ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മാതൃകാ തൊഴില്‍ദാതാവെന്ന നിലയില്‍ സര്‍ക്കാരിന് കഴിയണം. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്നും തുടർച്ചയായി ജീവനക്കാർക്ക് അനുകൂലമായി വരുന്ന വിധികൾ വല്ലാതെ അലോസരപ്പെടുത്തുന്ന ഒരു വിഭാഗം ഉയർന്ന ഉദ്യോഗസ്ഥരും, അതിനെ നയിക്കുന്ന ഭരണകൂടവും തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ കറുത്ത ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. നാട്ടിലെ നിയമവ്യവസ്ഥയോടും, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലടക്കമുള്ള നിയമസ്ഥാപനങ്ങളോടുമുള്ള സർക്കാരിന്റെ ഇടതുനയമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ നോക്കുകുത്തിയാക്കി ആറ് മാസം വരെ അന്യായത്തിനെതിരെ നീതി തേടാന്‍ അനുവദിക്കാതെ സമൂഹത്തിന്‍റെ പരിച്ഛേദമായ ഉദ്യോഗസ്ഥരെ അച്ചടക്കത്തിന്‍റെ വാളോങ്ങി അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരെ ഉന്നത നീതിപീഠത്തിനെ സമീപിക്കുമെന്ന് ചയറ ജയകുമാര്‍ അറിയിച്ചു.

Tags :
kerala
Advertisement
Next Article