അയോധ്യ ബാബറി മസ്ജിദ് തര്‍ക്കത്തിന് പരിഹാരം കണ്ടെത്താന്‍ ദൈവത്തോട് പ്രാര്‍ഥിച്ചുവെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: തീര്‍പ്പാക്കാന്‍ ഏറെ പ്രയാസമുണ്ടായിരുന്ന കേസായിരുന്നു അയോധ്യ രാമജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്കമെന്നും ഒരു പരിഹാരം കണ്ടെത്തിത്തരാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചുവെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വിശ്വാസമുണ്ടെങ്കില്‍ ദൈവം ആര്‍ക്കും ഒരു വഴി കണ്ടെത്തിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഖേദില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. ബാബരി കേസില്‍ വിധി പറഞ്ഞ അഞ്ചംഗ സുപ്രീംകോടതി ബെഞ്ചില്‍ അംഗമായിരുന്നു ഡി.വൈ. ചന്ദ്രചൂഢ്.
'ഒരു പരിഹാരത്തിലെത്താന്‍ പ്രയാസപ്പെടുന്ന ചില കേസുകള്‍ ഉണ്ടാകാറുണ്ട്. അത്തരത്തിലൊന്നായിരുന്നു അയോധ്യയിലെ രാമജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്കം. ആ കേസ് എന്റെ മുന്നില്‍ മൂന്ന് മാസത്തോളം ഉണ്ടായിരുന്നു. ഒരു പരിഹാരം കണ്ടെത്തി നല്‍കണമെന്ന് ഞാന്‍ ദൈവത്തിന് മുന്നിലിരുന്ന് പ്രാര്‍ഥിച്ചു' -ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്റെ വാക്കുകള്‍ വിശ്വസിക്കാം, നിങ്ങള്‍ വിശ്വാസമുള്ളയാളാണെങ്കില്‍ ദൈവം എപ്പോഴും ഒരു വഴി കാട്ടിത്തരും -അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങള്‍ നീണ്ട നിയമവ്യവഹാരത്തിന് അന്ത്യംകുറിച്ച് 2019 നവംബര്‍ ഒന്‍പതിനായിരുന്നു ബാബരി കേസിലെ നിര്‍ണായക വിധി വന്നത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിനെ കൂടാതെ, അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, 2019 മുതല്‍ 2021 വരെ ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരാണ് വിധിപറഞ്ഞ ബെഞ്ചിലുണ്ടായിരുന്നത്. ബാബരി ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കുകയായിരുന്നു സുപ്രീംകോടതി ബെഞ്ച്. മുസ്‌ലിംകള്‍ക്കു നഷ്ടപരിഹാരമായി അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.