മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി;
ദുർബലമായി സിപിഎം പ്രതിരോധം
തിരുവനന്തപുരം: കൊച്ചിയിലെ കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സ്ഥാപനം മാസപ്പടി വാങ്ങിയ പരാതിയിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ദുർബല പ്രതിരോധവുമായി സിപിഎം. നേരത്തെ, ഈ വിഷയം കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ ഉയർത്തിക്കാട്ടിയപ്പോൾ 'ഒരു കമ്പനി മറ്റൊരു കമ്പനിയുമായി ഉണ്ടാക്കിയ സുതാര്യമായ കരാര്‍, അതില്‍ മറ്റാര്‍ക്ക് എന്താണ് കാര്യം? എന്ന് ചോദിച്ച് പ്രസ്താവനയിറക്കിയ സിപിഎമ്മാണ് അന്വേഷണം വന്നതോടെ പറഞ്ഞത് വിഴുങ്ങാനാവാതെ കുരുക്കിലായത്. ഇന്നലെ എകെജി സെന്ററിൽ നടന്ന പാർട്ടി സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചയ്ക്കെടുത്തില്ലെന്നതും ഔദ്യോഗികമായി നേതാക്കൾ പ്രതികരിക്കാതിരുന്നതും ശ്രദ്ധേയമായി.
അതേസമയം, ഈ അന്വേഷണവും അഡ്ജസ്റ്റ്മെന്റായി മാറുമെന്ന സൂചന നൽകി വീണയുടെ ഭർത്താവും പൊതുമരാമത്ത് മന്ത്രിയുമായ പി. റിയാസ് രംഗത്തുവന്നു. ഇങ്ങനെത്തെ അന്വേഷണമൊക്കെ കുറെ കണ്ടതാണെന്നും പുതുമയില്ലെന്നുമായിരുന്നു റിയാസിന്റെ പ്രതികരണം. ഇപ്പോൾ ഉയർന്ന ആരോപണങ്ങളെല്ലാം നേരത്തെ പറഞ്ഞ കാര്യങ്ങളാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് വരികയല്ലേയെന്നും അഭിപ്രായപ്പെട്ട റിയാസ്, കൂടുതൽ പ്രതികരണത്തിന് നിൽക്കാതെ തലയൂരി. വിഷയം പഠിച്ചിട്ടു പ്രതികരിക്കാമെന്നായിരുന്നു പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്റെ നിലപാട്. അതേസമയം, അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്നും കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികൾക്കു മേൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായിട്ടാണിതെന്നും ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ പ്രതികരിച്ചു.
അന്വേഷണത്തിനായി കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം നിയോഗിച്ചിരിക്കുന്ന മൂന്നംഗ സംഘത്തിന്റെ റിപ്പോർട്ടിൽ വീണ വിജയനെതിരായ കണ്ടെത്തലുകള്‍ ഉണ്ടായാൽ സർക്കാരും മുഖ്യമന്ത്രിയും സിപിഎമ്മിനും അത് വലിയ തിരിച്ചടിയാകും. പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലെപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) കൂടി അന്വേഷണപരിധിയില്‍ വരുന്നതിനാല്‍ നിലവിൽ സർക്കാരിന് കുരുക്ക് മുറുകിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനത്തെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം എന്നത് സമീപകാല രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വിയില്ലാത്ത ആരോപണമാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം സമ്പാദിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തെയാകെ ദുരുപയോഗം ചെയ്തുവെന്ന അതീവ ഗുരുതരമായ ആരോപണത്തിന് മറുപടി പറയാൻ സർക്കാരും പാർട്ടിയും പ്രയാസപ്പെടും.
വീണയുടെ എക്‌സാലോജിക്കിന് കൊച്ചി ആസ്ഥാനമായ സിഎംആര്‍എല്‍ കമ്പനി 1.72 കോടി നല്‍കിയെന്ന ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വന്നപ്പോള്‍ അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സിപിഎം ഏറെ പാടുപെട്ടിരുന്നു. രണ്ട് കമ്പനികള്‍ തമ്മിലുള്ള നിയമപരമായ കരാര്‍ എന്ന വിശദീകരണമാണ് അന്ന് നല്‍കിയത്. എന്നാല്‍ എക്‌സാലോജിക് ഒരു സേവനവും നല്‍കാതെയാണ് ഇത്രയും തുക കൈപ്പറ്റിയതെന്ന വിവരം കൂടി പുറത്തുവന്നതോടെ കൂടുതല്‍ വിശദീകരണത്തിന് നില്‍ക്കാതെ പഴയ നിലപാടില്‍ തുടരുകയാണ് സിപിഎം ചെയ്തത്.
എക്സാലോജിക് കമ്പനി നിരവധി നിയമലംഘനങ്ങള്‍ നടത്തിയെന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാലാണ് വിശദമായ അന്വേഷണത്തിലേക്ക് കോര്‍പ്പറേറ്റ് മന്ത്രാലയം കടന്നിരിക്കുന്നത്. നാല് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇവരുടെ അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.ഐ.എഫ്.ഒ) തുടരന്വേഷണം ഏറ്റെടുക്കും.
ചിലവുകള്‍ പെരുപ്പിച്ച് ലാഭം മറച്ചുവെച്ചു എന്ന ആരോപണമാണ് എക്‌സാലോജിക്കിനെതിരെയുള്ളത്. സമാനമായ ആരോപണമാണ് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരേയും. പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് സിഎംആര്‍എല്ലില്‍ 14 ശതമാനം ഓഹരിയുണ്ട്. ലാഭം കുറച്ച് കാണിച്ചതിനാല്‍ പൊതുമേഖല സ്ഥാപനത്തിന് ലഭിക്കേണ്ട വിഹിതമാണ് നഷ്ടമായത്. ഇവയെല്ലാം കണ്ടെത്തിയാല്‍ മുഖ്യമന്ത്രിയും മകളും മാത്രമല്ല വ്യവസായ വകുപ്പും മറുപടി പറയേണ്ടി വരും.
നിയമസഭാ, ലോക്‌സഭാ സമ്മേളനങ്ങള്‍ ചേരാനിരിക്കെ ഈ ആരോപണങ്ങള്‍ സിപിഎമ്മിനെ സംസ്ഥാന – ദേശീയ തലങ്ങളില്‍ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പാണ്. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിയും സിപിഎമ്മും ചേർന്നുള്ള അഡ്ജസ്റ്റ്മെന്റാണ് ഈ അന്വേഷണ പ്രഖ്യാപനമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. ഇക്കാര്യം പ്രതിപക്ഷ നേതാവ് ഇന്നലെ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തു. നേരത്തെ നാല് കേസുകളില്‍ സിപിഎം-ബിജെപി ധാരണയുണ്ടായി. അഞ്ചാമത്തെ കേസിലും അതുണ്ടാകുമോയെന്ന് നോക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല. പല അന്വേഷണവും ഒന്നുമല്ലാതായിട്ടുണ്ട്. കേന്ദ്ര ഏജന്‍സിയെ കൊണ്ട് വന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവിഹിത ബന്ധമുണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്‍കംടാക്‌സിന്റെ സെറ്റില്‍മെന്റ് ട്രിബ്യൂണലിന്റെ വിധിയിൽ, കരിമണല്‍ കൈകാര്യം ചെയ്യുന്ന സിഎംആർഎൽ എന്ന കമ്പനി അതിന്റെ റീടെയ്‌നറായി മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തെ നിശ്ചയിച്ചിരുന്നുവെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്. കമ്പനിക്കാവശ്യമായ ഐടി മേഖലയിലുള്ള സര്‍വീസുകള്‍ നല്‍കുന്നതിന് വേണ്ടിയാണ് എക്‌സാലോജിക് എന്ന കമ്പനിയെ സിഎംആർഎൽ സ്ഥിരം റീടെയ്‌നറായി നിലനിര്‍ത്തിയത്. ഈ വകയില്‍ പ്രതിമാസം അഞ്ചുലക്ഷം രൂപയാണ് കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ക്ക് നല്‍കിക്കൊണ്ടിരുന്നത്. സെറ്റില്‍മെന്റ് ട്രിബ്യൂണല്‍ സിഎംആർഎല്ലിന്റെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍, മുഖ്യമന്ത്രിയുടെ മകള്‍ക്ക് നല്‍കിയ പണം ചെലവിനത്തില്‍ എഴുതാന്‍ കഴിയില്ലെന്നായിരുന്നു വിധി. അന്ന് ആ വിധിക്കെതിരെയും മുഖ്യമന്ത്രിയുടെ മകൾക്ക് അനുകൂലമായും സിപിഎം സെക്രട്ടറിയേറ്റ് യോഗം ഔദ്യോഗിക പ്രസ്താവന ഇറക്കിയത് പാർട്ടിക്കുള്ളിലും മുന്നണിയിലും പൊതുസമൂഹത്തിലും വലിയ ചർച്ചയായിരുന്നു.