സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചീഫ് സെക്രട്ടറി; ആഘോഷത്തിനല്ല മനുഷ്യന്റെ ജീവിത പ്രശ്നത്തിനാണ് പ്രാധാന്യമെന്ന്; ഹൈക്കോടതി
കൊച്ചി: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി. അതിനാലാണ് പെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ സാധിക്കാത്തതെന്നും ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. കെഎസ്ആർടിസിയിലെ പെൻഷൻ വൈകുന്നതിനെതിരായ ഹർജിയിലാണ് ചീഫ് സെക്രട്ടറി ഓൺലൈനിൽ ഹാജരായി ഇക്കാര്യം അറിയിച്ചത്.ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.നവംബർ 30നുള്ളിൽ ഒക്ടോബർ നവംബർ മാസത്തെ പെൻഷൻ നൽകണമെന്ന് കോടതി നിർദേശിച്ചു.ഇത് നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും കെഎസ്ആർടിസി എംഡിയും കോടതിയിൽ ഹാജരാകണം. ആഘോഷത്തിനല്ല മനുഷ്യന്റെ ജീവിത പ്രശ്നത്തിനാണ് പ്രാധാന്യം നൽകേണ്ടത് എന്ന് കോടതി വാക്കാൽ പരാമർശിച്ചു. കേരളീയം പോലുള്ള ആഘോഷ പരിപാടികളേക്കാൾ മനുഷ്യന്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും കോടതി പറഞ്ഞു.ഒക്ടോബർ മാസത്തെ പെൻഷൻ ഈ മാസം 30നകം കൊടുക്കുമെന്ന് സർക്കാർ ഉറപ്പു നൽകി.