നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കരുത്; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
എറണാകുളം: നവ കേരള സദസ്സിൽ വിദ്യാർത്ഥികളെ നിർബന്ധിച്ചു പങ്കെടുപ്പിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ വിമർശനവുമായി ഹൈക്കോടതി. സ്കൂൾ വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്കൂൾ പാഠ്യപദ്ധതിയിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാന്‍ സർക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. സ്കൂൾ വിദ്യാർത്ഥികളെ നവ കേരള സദസ്സിന് നിർബന്ധിച്ച് പങ്കെടുപ്പിച്ചതിനെതിരെ എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്.
കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിൻവലിക്കുമെന്ന് സർക്കാറിനു വേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കറ്റ് ജനറൽ അശോക് ചെറിയാൻ കോടതിയെ അറിയിച്ചു. അതോടൊപ്പം തന്നെ നവകേരള സദസ്സിനു ആളുകളെ എത്തിക്കാൻ സ്കൂൾ ബസുകൾ വിട്ടു നൽകണം എന്നു നിർദേശം നൽകിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഉടനെ പിൻവലിക്കും എന്നും സർക്കാർ കോടതിക്കു ഉറപ്പ് നൽകി.