തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്‌ടിഎ
തസ്തിക നിർണയ നടപടികൾ പൂർത്തീകരിക്കുന്നതിന് വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുള്ള സർക്കുലറിലാണ് ഞായറാഴ്ചയും, പൊതു അവധി ദിവസമായ ബക്രീദിലും ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയിലെ അവധി ദിനങ്ങൾ പൂർണമായും അവസാനിപ്പിക്കാനുള്ള സർക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമായി മാത്രമേ ഇതിനെ കണക്കാക്കാൻ കഴിയൂ. യാതൊരുവിധ കൂടിയാലോചനകളും ഇല്ലാതെ എല്ലാ ശനിയാഴ്ചകളും പ്രവർത്തി ദിനങ്ങൾ ആക്കിക്കൊണ്ടുള്ള വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കിയതിന് പിന്നാലെയാണ് ഞായറാഴ്ചയും പൊതു അവധി ദിവസമായ ബക്രീദും ഉൾപ്പെടുത്തി പുതിയ സർക്കുലർ വന്നിട്ടുള്ളത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമന്വയ പോർട്ടലിൽ ഹെഡ്മാസ്റ്റർമാരും, മാനേജർമാരും രേഖപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ തസ്തിക നിർണയം നടത്തുന്നത്. സമന്വയയുടെ സർവർ ശേഷി കുറവ് കാരണം ജില്ലകൾ തിരിച്ച് അഞ്ചു ദിവസങ്ങളിലായാണ് വിവരങ്ങൾ രേഖപ്പെടുത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂൺ 16 ഞായറാഴ്ച കാസർഗോഡ്, തൃശ്ശൂർ, കോട്ടയം എന്നീ ജില്ലകളും 17 ബക്രീദ് ദിനത്തിൽ പാലക്കാട്, വയനാട്, തിരുവനന്തപുരം എന്നീ ജില്ലകളും സമന്വയയിലെ ജോലികൾ പൂർത്തീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ജോലികൾ പൂർത്തീകരിക്കാൻ പ്രധാനാധ്യാപകൻ മാത്രം ജോലി ചെയ്താൽ മതിയാകില്ല. സഹ്യാപകരുടെ സഹകരണത്താൽ മാത്രമേ കണക്കുകൾ പൂർണമായും അവസാനിപ്പിച്ച് നൽകാൻ കഴിയൂ.
എല്ലാ പ്രവർത്തനങ്ങളും പൂർത്തിയായിട്ടും, സാമ്പത്തിക ലാഭം മാത്രം കണക്കാക്കി കഴിഞ്ഞ അക്കാദമിക വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ ഇതുവരെ പുറത്തിറക്കാതെ അധ്യാപകരെയും, വിദ്യാർത്ഥികളെയും, മാനേജ്മെന്റിനെയും ബുദ്ധിമുട്ടിക്കുന്ന ഇടതുപക്ഷ സർക്കാർ ഈ വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ പ്രക്രിയ അതിവേഗം പൂർത്തിയാക്കാൻ എന്ന രീതിയിൽ കാട്ടിക്കൂട്ടുന്ന ഈ വ്യഗ്രതയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുന്നതാണ്.
ഞായറാഴ്ചയും, പെരുന്നാൾ ദിനവും പ്രവർത്തിക്കാൻ ആവശ്യപ്പെടുക എന്നത് കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കെതിരെയുള്ള സർക്കാരിന്റെ വെല്ലുവിളിയായി മാത്രമേ കണക്കാക്കാൻ സാധിക്കു. ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുകയില്ല എന്നും അവധി ദിവസങ്ങളിൽ സ്റ്റാഫ് ഫിക്സേഷൻ പൂർത്തീകരണപ്രവർത്തനങ്ങൾ ചെയ്യാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ പിൻവലിക്കണമെന്നും, ഈ ദിനങ്ങൾ ഒഴിവാക്കി പുതിയ സർക്കുലർ പ്രസിദ്ധീകരിക്കണമെന്നും KPSTA സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ , ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ടി. എ. ഷാഹിദ റഹ്മാൻ,അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ രാജ്മോഹൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. രമേശൻ, ബി. സുനിൽകുമാർ , ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, സാജു ജോർജ്, പി. എസ്. ഗിരീഷ് കുമാർ, സംസ്ഥാന സെക്രട്ടറിമാരായ പി. വി. ജ്യോതി, ജയചന്ദ്രൻ പിള്ള, ജി.കെ. ഗിരീഷ്, ജോൺ ബോസ്കോ, വർഗീസ് ആന്റണി, മനോജ് പി. എസ്., പി. എം. നാസർ, പി. വിനോദ് കുമാർ, എം. കെ. അരുണ എന്നിവർ പ്രസംഗിച്ചു.