For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ക്ലിഫ് ഹൗസ്: അച്ഛന്‍ ഉറങ്ങാത്ത വീട്; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

11:16 AM Apr 20, 2024 IST | GNI
ക്ലിഫ് ഹൗസ്  അച്ഛന്‍ ഉറങ്ങാത്ത വീട്  ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം
Advertisement

രാഹുല്‍ഗാന്ധിയെ അപമാനിക്കുന്ന തരത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഓര്‍മിപ്പിക്കുന്നത് എച്ച്എംവി യുടെ ഗ്രാമഫോണ്‍ റെക്കോര്‍ഡിന്മേല്‍ പതിച്ച ചിത്രത്തെയാണ്. നരേന്ദ്രമോദിക്കെതിരെ ശബ്ദിക്കാത്ത ഏക പ്രതിപക്ഷ മുഖ്യമന്ത്രി മാത്രമല്ല, നരേന്ദ്രമോദിക്കനുകൂലമായി വാദിക്കുന്ന പ്രതിപക്ഷത്തെ ഏക മുഖ്യമന്ത്രിയും പിണറായി വിജയന്‍ തന്നെ.
ഏത് സമയത്താണ് ഇഡി യും സിബിഐ യും വാതിലില്‍ മുട്ടുകയെന്ന പേടിയുമായ് ക്ലിഫ് ഹൗസ് അച്ഛനുറങ്ങാത്ത വീടായി മാറിയിട്ട് മാസങ്ങള്‍ പലതായി. പാല്‍ നിറഞ്ഞ് നില്‍ക്കുന്ന പശുവിന്റെ അകിടിലെ ചോരയാണ് കൊതുകിനിഷ്ടം. അതുപോലെ മോദിയെ വിമര്‍ശിക്കുന്നതിനേക്കാള്‍ താല്പര്യം രാഹുല്‍ഗാന്ധിയെ ആക്രമിക്കാനാണ്.
മോദിയെ സന്തോഷിപ്പിക്കുന്നതെന്താണോ അതാണ് പിണറായിക്ക് പഥ്യം. ലാവ്‌ലിന്‍ മുതല്‍ എക്‌സാലോജിക് വരെയുള്ള ഒന്നര ഡസന്‍ ആരോപണങ്ങള്‍ ഡെമോക്ലസിന്റെ വാളുകളായി പിണറായിയുടെ തലയ്ക്ക് മുകളില്‍ തൂങ്ങിനില്‍ക്കുകയാണ്. മോദിയുടെ കയ്യിലകപ്പെട്ട പിണറായി രാഹുലിനെ തെറിവിളിച്ച് മോദിയുടെ പ്രീതി സമ്പാദിക്കാന്‍ ശ്രമിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ബിജെപിയും അവരുടെ മാധ്യമങ്ങളും നല്‍കിയ പരിഹാസപ്പേരാണ് പിണറായി ആവര്‍ത്തിക്കുന്നത്. തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ പൊറുക്കുന്നിടത്ത് തന്റെ മകളും താമസിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് പിണറായിയെ വല്ലാതെ അലട്ടുന്നത്. സഹപ്രവര്‍ത്തകനും പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ 286 ദിവസം ഇരുമ്പഴിക്കുള്ളില്‍ കിടന്നിട്ടും പ്രകടിപ്പിക്കാത്ത ആശങ്കയും ആര്‍ദ്രതയും സ്വന്തം മകളുടെ കാര്യത്തിലുണ്ടാകുന്നത് സ്വാഭാവികം.

Advertisement

വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ഗാന്ധി കഴിഞ്ഞദിവസം കേരളത്തില്‍ വന്നപ്പോള്‍ വയനാട് മെഡിക്കല്‍ കോളജിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിലും വന്യമൃഗങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിലും കര്‍ണാടകയിലേക്കുള്ള രാത്രിയാത്രയുടെ കാര്യത്തിലും വിമര്‍ശനാത്മകമായ പരാമര്‍ശം നടത്തിയിരുന്നു. ഇതും പിണറായിയെ പ്രകോപിപ്പിച്ചുകാണും. രാഹുലിനെ മാത്രമല്ല, അദ്ദേഹത്തിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയെയും പിണറായി വിജയന്‍ ആക്ഷേപിക്കുകയുണ്ടായി. അടിയന്തരാവസ്ഥയില്‍ സിപിഎം നേതാക്കളും ജനസംഘം നേതാക്കളും ഒന്നിച്ച് കണ്ണൂര്‍ ജയിലില്‍ കിടന്ന കാര്യത്തെ ഓര്‍മിപ്പിക്കാനാണ് ഈ പരാമര്‍ശമെന്ന് തോന്നുന്നു. 'നിങ്ങളുടെ മുത്തശ്ശി ഈ രാജ്യം അടക്കിവാണ കാലം അവരായിരുന്നു 'ഞങ്ങളെ' പിടിച്ച് ജയിലിലിട്ടത്. ഒന്നര വര്‍ഷം ഞങ്ങള്‍ ജയിലില്‍ കിടന്നു' ആവര്‍ത്തിച്ചുള്ള 'ഞങ്ങള്‍' പ്രയോഗം പഴയ സിപിഎം-ജനസംഘം കൂട്ടുകെട്ടിനെ ഓര്‍മിപ്പിക്കാനും ഇന്ദിരാഗാന്ധിയെ ആക്ഷേപിച്ച് ബിജെപി യെ കുളിരണിയിക്കാനുമാണ്. തങ്ങളിട്ട പരിഹാസപ്പേരില്‍ രാഹുലിനെ സിപിഎമ്മുകാര്‍ കളിയാക്കുന്നത് ബിജെപിക്ക് നന്നായി ഹരം പകരുന്നതാണ്. രാജ്യത്തിനുവേണ്ടി രണ്ട് മഹത്തായ ജീവനുകള്‍ ബലിയര്‍പ്പിച്ച ഒരു കുടുംബത്തിലെ ഇളംമുറക്കാരനോടാണ് ഒന്നര വര്‍ഷത്തെ ജയില്‍ ജീവിതത്തിന്റെ മഹത്വത്തെക്കുറിച്ച് പിണറായി വീരസ്യം വിളമ്പുന്നത്.

ഏപ്രില്‍ 26ന് പ്രാവര്‍ത്തികമാകുന്ന അന്തര്‍ധാരയുടെ പശ്ചാത്തലമൊരുക്കലായും ഇതിനെ കാണാം. ബ്രിട്ടീഷുകാരുടെ ജയിലില്‍ നിന്ന് ഇറങ്ങാനായിരുന്നു സവര്‍ക്കര്‍ ദാസ്യപ്പണി ചെയ്തത്. പിണറായിയാകട്ടെ ബിജെപി സര്‍ക്കാരിന്റെ ജയിലറക്കുള്ളില്‍ അകപ്പെടാതിരിക്കാനാണ് മോദി സേവ നടത്തുന്നത്. രാഹുലിനെ വിമര്‍ശിക്കാന്‍ ഇന്ദിരാഗാന്ധിയെയും അടിയന്തരാവസ്ഥയെയും ഓര്‍ത്ത പിണറായി വിജയന്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി രക്തസാക്ഷിത്വം വരിച്ച ഇവരുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും മഹത്വം കാണാതെ പോകുന്നത് ചരിത്രജ്ഞാനമില്ലായ്മ കൊണ്ടായിരിക്കാം. അന്വേഷണം, ജയില്‍ എന്നൊക്കെ കേട്ടാല്‍ വിരണ്ടുപോകുന്നവരല്ല തങ്ങളെന്ന് വീമ്പിളക്കുന്ന പിണറായി ലാവ്‌ലിന്‍ കേസ് 38 തവണ മാറ്റിവെച്ചത് സ്വന്തം നിഴലിനെപ്പോലും പേടിയായതു കൊണ്ടല്ലേ. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതും അതുമൂലം സംസ്ഥാനത്തുടനീളം യുഡിഎഫ് തരംഗം സൃഷ്ടിച്ചതും സിപിഎമ്മിനെ വല്ലാതെ ഉലച്ചിട്ടുണ്ട്. കഴിഞ്ഞതവണ ലഭിച്ച ആലപ്പുഴപോലും ലഭിക്കാത്ത തരത്തിലുള്ള തിരിച്ചടിയാണ് സിപിഎമ്മിനെ ഞെട്ടിക്കുന്നത്.

ഓരോ പാര്‍ട്ടിക്കും അവരുടെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു സിപിഎം നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴുണ്ടായ മലക്കം മറിച്ചിലുകളും മാറ്റിപ്പറച്ചിലുകളും ഇടത് മുന്നണിയുടെ ശക്തിയല്ല വ്യക്തമാക്കുന്നത്. ശോഷണത്തെയാണ്. മകള്‍ ചെന്നുപെട്ട ആപത്തിനെക്കുറിച്ചുള്ള ആകുലതകളും വ്യാകുലതകളുമാണ് അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന സിനിമക്ക് സമാനമായ അവസ്ഥയില്‍ ക്ലിഫ് ഹൗസിനെ എത്തിച്ചത്. അവിടുത്തെ അച്ഛന് ഉറങ്ങാന്‍ സാധിക്കാറില്ല.

Tags :
Author Image

Advertisement

.