For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അഴുക്കുചാലിൽ മുങ്ങി നവകേരള സദസ്,
മുട്ടുമടക്കി മുഖ്യമന്ത്രിയും മന്ത്രിമാരും

05:16 PM Nov 24, 2023 IST | Rajasekharan C P
അഴുക്കുചാലിൽ മുങ്ങി നവകേരള സദസ്  br മുട്ടുമടക്കി മുഖ്യമന്ത്രിയും മന്ത്രിമാരും
Advertisement

സി.പി. രാജശേഖരൻ

Advertisement

കൊല്ലം: ഓരോ ദിവസം പിന്നിടുമ്പോഴും അഴുക്കുചാലിൽ മുങ്ങിത്താഴുന്ന മുഖ്യമന്ത്രിയുടെ നവകേരള സദസിന് ഹൈക്കോടതിയുടെ മൂക്കു കയർ വീണതോടെ കൂടുതൽ തീരുമാനങ്ങൾ പിൻവലിക്കാനൊരുങ്ങുകയാണ് വിവിധ വകുപ്പുകൾ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ആഡംബര ബസ് മാനന്തവാടിയിലെ പാർക്കിം​ഗ് ​ഗ്രൗണ്ടിലെ ചെളിക്കുഴിയിൽ വീണു പുതഞ്ഞതോടെ മുഖ്യമന്ത്രി കൊട്ടിഘോഷിക്കുന്ന കേരള വികസനത്തിന്റെ യഥാർഥ ചിത്രം ജനങ്ങൾക്കു ബോധ്യമായി. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതോദ്യോ​ഗസ്ഥരും സഞ്ചരിച്ച വാഹനങ്ങളാണ് പാർക്കിം​ഗ് ​ഗ്രൗണ്ടിൽ ചെളിയിൽ പുതഞ്ഞുപോയത്. ഒരു ഡസണോളം പൊലീസ് ഉദ്യോ​ഗസ്ഥരും പാർട്ടി പ്രവർത്തകരും ഏറെ പണിപ്പെട്ടാണ് ഈ ബസ് ചെളിയിൽ നിന്ന് കരകയറ്റിയത്. സംസ്ഥാനത്തിന്റെ വികസന മുരടിപ്പിന്റെ പ്രതീകമായിരുന്നു ഈ ചെളിക്കുഴി.
സാമാന്യ മര്യാദകളുടെ സമസ്ത സീമകളും ലംഘിച്ചാണ് മുഖ്യമന്ത്രിയുടെ ആഡംബര യാത്രയെന്ന് ദേശീയ ബാലാവകാശ കമ്മിഷനും സംസ്ഥാന ബാലാവകാശ കമ്മിഷനും വിലയിരുത്തി. പാനൂരിൽ പ്രൈമറി സ്കൂൾ വിദ്യാർഥികളെ ഒരു മണിക്കൂറോളം പൊരിവെയിലിൽ നിർത്തി മുഖ്യമന്ത്രിക്ക് അനുകൂലമായ മുദ്രാവാക്യം മുഴക്കിപ്പിച്ചതാണ് പ്രകോപനം. വിളിയെടാ, വിളിയെടാ എന്നു പറഞ്ഞാണ് പാർട്ടി നേതാക്കൾ കുട്ടികളെക്കൊണ്ട് മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിച്ചത്. ഇതു ബാലാവകാശങ്ങളുടെ ലംഘനമാണെന്നു കാ‌ട്ടി ദേശീയ ബലാവകാശ കമ്മിഷൻ ചീഫ് സെക്രട്ടറിക്കു കത്ത് നൽകി. നവകേരള സദസിന് അച്ചടക്കമുള്ള കുട്ടികളെ എത്തിക്കണമെന്ന് ഉത്തരവിട്ട തിരൂരങ്ങാടി ഡിഇഒയുടെ ഉത്തരവും ബാലാവകാശ കമ്മിഷനുകൾ പരിശോധിക്കുകയാണ്.
അതിനിടെ സംഭവത്തിൽ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ മുട്ടുകുത്തുകയും ചെയ്തു. നവകേരളസദസ്സിലേക്ക് ഇനി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയില്ലെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമാർപ്പിക്കാനായി പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള പരാതികൾ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
മാത്രമല്ല നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപെട്ടു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിൻവലിക്കും എന്നും സർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കറ്റ് ജനറൽ അശോക് ചെറിയാൻ കോടതിയെ അറിയിച്ചു. നവകേരള സദസ്സിനു ആളുകളെ എത്തിക്കാൻ സ്കൂൾ ബസുകൾ വിട്ടു നൽകണം എന്നു നിർദേശം നൽകിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും പിൻവലിക്കും.
അതിനിടെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ നടത്തിയ രാഷ്‌ട്രീയക്കളിയും പുലിവാലു പിടിച്ചു. മലപ്പുറം ജില്ലയിലെ നവകേരള സദസ്സ് വിജയിപ്പിക്കുന്നതിന് അധ്യാപകരുടെയും ജീവനക്കാരുടെയും, വിദ്യാർഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനു പ്രത്യേക യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു. കോടതി ഇടപെട്ട സാഹചര്യത്തിൽ ഈ തീരുമാനം പിൻവലിച്ചേക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു. സർവകലാശാലയ്ക്കു കീഴിൽ വരുന്ന എല്ലാ ജില്ലകളിലെയും കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനമെന്നു സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു.

Tags :
Author Image

Rajasekharan C P

View all posts

Advertisement

.