യൂത്ത് കോൺ. നേതാവിനെതിരേ
ഭീഷണിയുമായി മുഖ്യമന്ത്രിയുടെ
സുരക്ഷാ ഉദ്യോഗസ്ഥൻ
കൊല്ലം: യൂത്ത് കോൺഗ്രസ് നേതാവിനെതിരേ ഭീഷണിയുമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോർട്ട് ഉദ്യോഗസ്ഥനായ എം.എസ്. ഗോപി കൃഷ്ണനാണ് ഫേസ്ബുക്കിൽ കമന്റിട്ടത്. ‘കഴിയുമെങ്കിൽ വണ്ടി വഴിയിൽ തടയൂ, കൊല്ലം കടയ്ക്കലിൽ വച്ച്. എല്ലാ മറുപടിയും അന്നു തരാം’ എന്നായിരുന്നു ഗോപി കൃഷ്ണന്റെ കമന്റ്. കുമ്മിൾ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ കുമ്മിൾ ഷെമീറിന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റായാണ് എം.എസ്. ഗോപി കൃഷ്ണൻ ഭീഷണി സന്ദേശം കുറിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എം.എസ്. ഗോപികൃഷ്ണൻ.
മുഖ്യമന്ത്രിയുടെ നവകേരള സദസിൽ ആരാണ് പൗര പ്രമുഖർ എന്നു വെളിപ്പെടുത്തണമെന്നു കാണിച്ച് ചീഫ് സെക്രട്ടറിക്ക് വിവരാവകാശ അപേക്ഷ നൽകിയ ആളാണ് ഷെമീർ. എന്നാൽ, പൗര പ്രമുഖരുടെ യോഗ്യത എന്താണെന്ന് അറിയില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി. ഇതിനെതിരേ അപ്പീൽ പോകാനിരിക്കയാണ് ഷെമീർ.