മുഖ്യമന്ത്രിയുടെ പ്രസ്താവന നിരാശാജനകവും വഞ്ചനയും തട്ടിപ്പും: സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍
തിരുവനന്തപുരം: ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവന സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചേടത്തോളം തട്ടിപ്പും വഞ്ചനയും നിരാശ ഉളവാക്കുന്നതും ആണെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഇര്‍ഷാദ് എം എസ് അഭിപ്രായപ്പെട്ടു.
2024-25 മുതല്‍ പ്രതിവര്‍ഷം 2 ഗഡു ഡി എ അനുവദിക്കുമെന്നാണ് പ്രഖ്യാപനം. അതിനര്‍ത്ഥം ഇതുവരെ കുടിശ്ശികയായ ആറ് ഗഡു ഡി എ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ടു എന്നാണ്. ഈ വര്‍ഷം ഇനി ഒരു ഗഡു ഡി എ മാത്രമേ അനുവദിക്കൂ. 3% വരുന്ന പ്രസ്തുത ഡി എ അനുവദിച്ചാലും 19% ഡി എ വീണ്ടും കുടിശ്ശികയായി തുടരും. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി എ കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന മുഖ്യമന്ത്രിയുടെ പരസ്യ പ്രസ്താവന പാഴ്‌വക്കാണെന്ന് ഇതോടെ ബോധ്യമായി.
ഡി എ, ഡി ആര്‍, ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക സംബന്ധിച്ച് വിശദമായ ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കുമെന്ന വാക്കിനപ്പുറം ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക സംബന്ധിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുന്നു.' 2024 ജൂലൈ ഒന്ന് മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കേണ്ട ശമ്പളപരിഷ്‌ക്കരണത്തെ കുറിച്ച് ഒരക്ഷരം പോലും ഉരിയാടുന്നില്ല.കോവിഡ് കാലത്ത് മെച്ചപ്പെട്ട ശമ്പള പരിഷ്‌ക്കരണം നടത്തിയെന്ന് ഈ സര്‍ക്കാര്‍ ഊറ്റം കൊള്ളണ്ട. കാരണം സര്‍വീസ് വെയ്‌റ്റേജും സി സി എ യും ഉള്‍പ്പെടെ നഷ്ടപ്പെടുത്തിയ, അതിന്റെ പേരില്‍ എല്ലാ ഡി എ യും കവര്‍ന്നെടുത്തവരാണ് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ . 2021 ല്‍ ശമ്പളം പരിഷ്‌ക്കരിച്ചെന്ന് പറഞ്ഞ് പിന്നീട് 3 വര്‍ഷം ഡി എ പോലും തന്നില്ല. പരിഷ്‌ക്കരണ കുടിശ്ശികയുമില്ല, ഡി എയുമില്ല, ഡി എ കുടിശ്ശികയും ലീവ് സറണ്ടറും ഇല്ലാത്ത ദുരിതകാലമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് സമ്മാനിച്ചതെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഇര്‍ഷാദ് എം എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പുരുഷോത്തമന്‍ കെ പി, കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പി എന്‍ മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറി
എസ് പ്രദീപ്കുമാര്‍, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കുമാരി അജിത പി, ജനറല്‍ സെക്രട്ടറി മോഹനചന്ദ്രന്‍ എം എസ്, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഷിബു ജോസഫ്, ജനറല്‍ സെക്രട്ടറി വി എ ബിനു എന്നിവര്‍ അഭിപ്രായപ്പെട്ടു.
സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധ മാര്‍ച്ച് നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന 'അലഭ്യലഭ്യശ്രീ' ആണെന്നും
പ്രഖ്യാപനത്തില്‍ ഡി എ ഉണ്ടെങ്കിലും കിട്ടില്ലെന്ന് ആരോപിച്ച് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പുരുഷോത്തമന്‍ കെ പി, കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പി എന്‍ മനോജ്കുമാര്‍, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കുമാരി അജിത പി, ജനറല്‍ സെക്രട്ടറി മോഹനചന്ദ്രന്‍ എം എസ്, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി വി എ ബിനു കെഎം അനില്‍കുമാര്‍, എ സുധീര്‍, ഗോവിന്ദ് ജി ആര്‍, നൗഷാദ് ബദറുദ്ദീന്‍,റെയ്സ്റ്റണ്‍ പ്രകാശ് സി സി, തിബീന്‍ നീലാംബരന്‍,സജീവ് പരിശവിള, ആര്‍ രഞ്ജിഷ് കുമാര്‍, കീര്‍ത്തിനാഥ് ജി എസ്, സുശീല്‍ കുമാരി, ദീപ വി ഡി, ആര്‍ രാമചന്ദ്രന്‍ നായര്‍, അജേഷ് എം, രാജേഷ് എം ജി തുടങ്ങിയവര്‍ സംസാരിച്ചു.