കമ്മ്യൂണിസ്റ്റ്-ജനതാ പാർട്ടി ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ചു: രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: വോട്ടെടുപ്പ് ദിവസം കമ്മ്യൂണിസ്റ്റ്-ജനതാ പാർട്ടി ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. വെണ്ണക്കരയിലെ ബൂത്തിൽ സിപിഎം- ബിജെപി സഖ്യം അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു. യുഡിഎഫിന് കൃത്യമായ സ്വാധീനമുള്ള മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വോട്ടർമാരെ ഭീതിയിലാക്കാനാണ് ഇരുകൂട്ടരും ശ്രമിച്ചത്. എന്നാൽ ജനാധിപത്യബോധമുള്ള വോട്ടർമാർ ഇത്തരം അജണ്ടകളെ പരാജയപ്പെടുത്തും. എൽഡിഎഫ് സ്ഥാനാർഥി വന്നപ്പോൾ ബിജെപിക്കും ബിജെപി സ്ഥാനാർത്ഥി വന്നപ്പോൾ എൽഡിഎഫിനും യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. രണ്ടുകൂട്ടർക്കും എതിർപ്പ് യുഡിഎഫിനോടാണ്. അതുകൊണ്ടുതന്നെയാണ് ഞങ്ങൾ പലയാവർത്തി കമ്മ്യൂണിസ്റ്റ് ജനത കൂട്ടുകെട്ട് തുറന്നുകാട്ടിയത്. ബൂത്തിൽ പ്രവേശിക്കാനുള്ള അവകാശം സ്ഥാനാർത്ഥിക്കുണ്ട്. വെണ്ണക്കരയിൽ അടക്കം പലയിടത്തും സിപിഎമ്മും ബിജെപിയും നടത്തിയ ഗുണ്ടായിസത്തിനുള്ള മറുപടി തന്നെയാകും 23ലെ ഫലമെന്നും ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നതായും രാഹുൽ പറഞ്ഞു.