പാലക്കാട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം: പ്രതിഷേധങ്ങളെ തല്ലിത്തകർക്കാമെന്ന് കരുതേണ്ട; ഷാഫി പറമ്പിൽ എംഎൽഎ
യൂത്ത്കോൺഗ്രസ് മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
പാലക്കാട്: ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ പൊലീസിനെയും ഡിവൈഎഫ്ഐ- സിപിഎം ക്രിമിനലുകളെയും ഉപയോഗിച്ച് തകർക്കാമെന്ന് ആരും കരുതേണ്ടെന്ന് ഷാഫി പറമ്പിൽ എംഎൽഎ. മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട യൂത്ത്കോൺഗ്രസ് സംസ്ഥാന ഭാരവാഹിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസ്സ് എന്ന മറവിൽ നടത്തുന്ന ധൂർത്തിനും കൊള്ളയ്ക്കും എതിരായ പ്രതിഷേധത്തെ ഭയത്തോടെയാണ് സർക്കാർ നോക്കി കാണുന്നത്. സാധാരണ ജനങ്ങളുടെ എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിക്കൊണ്ടിരിക്കുന്നത് രാഷ്ട്രീയ പ്രചാരണ പരിപാടിയാണ്. അത് നടത്തേണ്ടത് സർക്കാർ ചെലവിൽ അല്ല, മറിച്ച് പാർട്ടി ചെലവിൽ തന്നെ നടത്തണം. പ്രതിഷേധിക്കുന്നവരോട് പ്രതികാരം ചെയ്യുന്ന കേന്ദ്രസർക്കാർ സമീപനം തന്നെയാണ് ഇവിടെയും സ്വീകരിക്കുന്നതെന്നും ഷാഫി കൂട്ടിച്ചേർത്തു. ഉദ്ഘാടന പ്രസംഗത്തിന് തൊട്ടു പിന്നാലെ പ്രകോപനം കൂടാതെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഒ കെ ഫാറൂഖ്, പ്രതീഷ് മാധവൻ, ഷെഫീക് അത്തിക്കോട്, അരുൺ കുമാർ, ജിതേഷ് നാരായണൻ,കെ എസ് യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി, ജില്ലാ ഭാരവാഹികളായ ജസീൽ, പി ടി അജ്മൽ, ലിജിത്ത്, പി ടി അജ്മൽ, ശ്യാം ദേവദാസ്, സതീഷ് തിരുവാലത്തൂർ, വത്സൻ, അമ്പിളി മോഹൻദാസ്, നിയോജക പ്രസിഡന്റുമാരായ ജയശങ്കർ,മനുപ്രസാദ്, നസീർ മാസ്റ്റർ, പി എസ് വിപിൻ, നവാസ്, സാജൻ, റിനാസ്, ഇഖ്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി.